വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലെ തോല്വിക്ക് പിന്നാലെ ബൗളര്മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യര്. 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതില് ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും ബാറ്റര്മാരുടെ സമീപനത്തിൽ തൃപ്തനാണെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരശേഷം വ്യക്തമാക്കി.
എന്നാൽ ബൗളർമാർക്ക് ശരിയായ ലൈനിലും ലെങ്തിലും പന്തെറിയാൻ സാധിക്കാത്തതാണ് തോൽവിക്ക് പ്രധാന കാരണമായതെന്ന് മത്സരശേഷം ശ്രേയസ് അയ്യർ പറഞ്ഞു.
മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യൻ നായകൻ ബൗളിങ് നിരയുടെ പ്രകടനത്തെ വിമർശിച്ചത്. എല്ലാ പ്രശ്നങ്ങളും ആരംഭിച്ചത് ബൗളിങ്ങിൽ നിന്നാണ്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല.
സാഹചര്യങ്ങള്ക്ക് അനുസരിച്ച് മികച്ച രീതിയിൽ പന്തെറിഞ്ഞ വെസ്റ്റ് ഇൻഡീസ് ടീമിനെയും അയ്യർ പ്രശംസിച്ചു. അവർ കൃത്യമായ പ്ലാനിങ്ങോടെ പന്തെറിഞ്ഞു. പിച്ചിന്റെ ആനുകൂല്യം മുതലാക്കാൻ അവർക്കായി. പന്ത് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങുന്നുണ്ടായിരുന്നു. ഫീൽഡിങ് ക്രമീകരണങ്ങളും അവർ നന്നായി ഉപയോഗിച്ചു, ശ്രേയസ് അയ്യർ കൂട്ടിച്ചേർത്തു.
ഷായ് ഹോപ്പിന്റെ തകര്പ്പന് സെഞ്ചുറിയുടെയും കീമോ പോളിന്റെ മാരക ബൗളിങ് പ്രകടനത്തിന്റെയും കരുത്തില് ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില് വെസ്റ്റ് ഇന്ഡീസ് 24 റണ്സിന്റെ ഉജ്ജ്വല വിജയമാണ് നേടിയത്.
ഹൈദരാബാദില് നടന്ന മത്സരത്തിലെ ജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പരയില് വെസ്റ്റ് ഇന്ഡീസ് 2-2ന് സമനില പിടിച്ചു. പരമ്പരയിലെ വിജയികളെ നിര്ണ്ണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബര് 17 ശനിയാഴ്ച ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കും.
content highlights: ind vs wi shreyas iyer blames bowling performance after 4th t20-