സിംബാബ്വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുമ്പോള്‍, യുവതാരങ്ങളായ വൈഭവ് സൂര്യവംശി, റിങ്കു സിങ് എന്നിവരുടെ പ്രകടനമാണ് ബിസിസിഐ ഏറെ ശ്രദ്ധിക്കുന്നത്. കൂടാതെ ടീമിലെ പേസ് ബൗളര്‍മാരുടെ പ്രകടനത്തിലേക്കും ശ്രദ്ധപതിയും. ഹരാരെയില്‍ ജൂലൈ 23 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ഒരു തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. അഗ്രസീവ് ബാറ്റിങ് ശൈലികൊണ്ട് ശ്രദ്ധേയനായ സൂര്യവംശിക്ക് സിംബാബ്വെ പര്യടനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഫിനിഷര്‍ റോളില്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായ റിങ്കു സിങ്ങിന്റെ പ്രകടനവും ഉറ്റുനോക്കപ്പെടുന്നുണ്ട്. മധ്യനിരയിലും അവസാന ഓവറുകളിലും വേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള റിങ്കുവിന്റെ മികവ് ടീമിന് ഏറെ അത്യാവശ്യമാണ്. ഹരാരെയിലെ പിച്ച് വേഗതയെയും ബൗണ്‍സിനെയും പിന്തുണയ്ക്കുന്നതായതിനാല്‍ ഇന്ത്യയുടെ പുതുമുഖ പേസര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. അരങ്ങേറ്റക്കാരായ യഷ് ഠാക്കൂര്‍, അശോക് ശര്‍മ്മ എന്നിവര്‍ക്കൊപ്പം കരുത്തും വേഗതയുമുള്ള മയങ്ക് യാദവിന്റെ തിരിച്ചുവരവും ഇന്ത്യയുടെ പേസ് ശക്തി വര്‍ധിപ്പിക്കുന്നു.സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്ത് ഉറപ്പാക്കാനും ഭാവി ടീമിനെ കെട്ടിപ്പടുക്കാനും ബിസിസിഐക്ക് ലഭിക്കുന്ന മികച്ച അവസരമായിരിക്കും സിംബാബ്വെ പരമ്പര എന്നാണ് വിലയിരുത്തുന്നത്.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന് കിഷന്, ശിവം ദുബെ, സുയാന്‍ഷ് ഷെഡ്ജെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ഠാക്കൂര്‍, അഷോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്സിമ്രാന് സിങ് എന്നിവരാണ് ഇന്ത്യന്‍ സ്ക്വാഡിലുള്ളവര്‍.
content highlights: India vs Zimbabwe T20I Series: BCCI Focuses on Vaibhav Sooryavanshi and Rinku Singh