ആഭ്യന്തര ക്രിക്കറ്റ് ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താൻ തയ്യാറെടുത്ത് ബിസിസിഐ. 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് ബിസിസിഐയുടെ നീക്കം. ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ബിസിസിഐയുടെ ഈ നീക്കങ്ങൾ. ബോളിംഗ് വിഭാഗം മുതല്‍ കോച്ചിംഗ് രീതികള്‍ വരെയുള്ള എല്ലാ മേഖലകളിലും മാറ്റം വരുത്താനാണ് ബോർഡിൻറെ തീരുമാനം.
പലവിധമാണ് ബിസിസിഐ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ. ഇനിമുതൽ ഒരു ബൗളർ മനഃപൂർവം നോ - ബോൾ എറിയുകയാണെങ്കിൽ താരത്തെ മത്സരത്തിലെ ശേഷിക്കുന്ന മുഴുവന്‍ ദിവസങ്ങളിലും സസ്പെന്‍ഡ് ചെയ്യും എന്നതാണ് പുതിയ ചട്ടത്തിലെ പ്രധാന മാറ്റം. മുൻപ് വരെ ഈ തരത്തിൽ ബൗളർ മനഃപൂർവം നോ - ബോൾ എറിയുകയാണെങ്കിൽ ആ ഇന്നിംഗ്സില്‍ മാത്രമായിരുന്നു താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാൽ, പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ഒരു ദിവസത്തിലെ അവസാന ഓവറില്‍ വിക്കറ്റ് പോയാലും ഓവര്‍ മുഴുവിപ്പിക്കണം എന്നതാണ് മറ്റൊരു മാറ്റം. ഇതുവരെ ഒരു ദിവസത്തെ കളിയിലെ അവസാന ഓവറിൽ വിക്കറ്റ് നഷ്ടപ്പെട്ടാൽ അതിന് പിന്നാലെ സ്റ്റമ്പ് ചെയ്യുകയും കളി അവസാനിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ഇത് അവസാനിപ്പിക്കാനായാണ് ബിസിസിഐയുടെ പുതിയ നീക്കം. ഇതിനൊപ്പം ഇനിമുതൽ അവസാന ഇന്നിങ്സിൽ മത്സരം ഡിക്ലറേഷന്‍ ചെയ്യാനോ ഇന്നിംഗ്സ് വിട്ടുകൊടുക്കാനോ സാധിക്കില്ല.
അതേസമയം, ഇനിമുതൽ ആഭ്യന്തര ഏകദിന മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രെക് സമയങ്ങളിൽ ടീമുളകുടെ മുഖ്യപരിശീലകർക്ക് മൈതാനിത്തിറങ്ങാനും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ആശ്വാസം നൽകുന്ന മാറ്റവും ബിസിസിഐ വരുത്തിയിട്ടുണ്ട്. ഇനിമുതൽ ബൗളർ പന്ത് എറിയുന്ന സമയത്ത് മാത്രം കീപ്പറുടെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പുറകിലായി വന്നാൽ മതി. ബോളര്‍ റണ്‍-അപ്പ് ആരംഭിക്കുമ്പോള്‍ തുടങ്ങി വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പുറകിൽ ഉണ്ടാകണം എന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. ഇത് ലംഘിക്കപ്പെട്ടാൽ നോ-ബോള്‍ വിളിക്കുകയോ സ്റ്റമ്പിംഗ് അസാധുവാകുകയോ ആയിരുന്നു ചെയ്തിരുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് ഈ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഇതേ സംബന്ധിച്ച് മുഴുവൻ സ്റ്റേറ്റ് അസോസിയേഷനുകള്‍ക്കും ബിസിസിഐ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
Content highlight: BCCI introduces new rules in domestic cricket from Duleep Trophy