ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. വൈഭവ് പ്രതിഭയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരെ പോലെ മികച്ചതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പ്രായമില്ല, മറിച്ച് പ്രകടനമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിനിടെ ആയിരുന്നു കപിൽ ദേവിന്റെ പ്രതികരണം.
'വൈഭവ് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ടി20 യിൽ അവൻ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിലും അവന് തന്റെ പ്രകടന മികവ് തെളിയിക്കേണ്ടതുണ്ട്. ഇത്തരം കുഞ്ഞ് പ്രായത്തിൽ തന്നെ വളരെ വലിയ സ്വാധീനം ഉണ്ടാക്കാൻ നിസാരം കുറച്ച് ആളുകൾക്ക് മാത്രമേ കഴിയുകയുള്ളു', കപിൽ ദേവ് വ്യക്തമാക്കി.
ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു വൈഭവ് തന്റെ സീനിയർ ടീമിലെ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, തിളക്കമാർന്ന പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിനായിരുന്നില്ല. 10 പന്തിൽ 14 റൺസ് മാത്രം നേടി വൈഭവ് മടങ്ങിയിരുന്നു. വിൽ ജാക്സ് എറിഞ്ഞ പന്ത് ജോസ് ബട്ട്ലർ സ്റ്റാമ്പ് ചെയ്യുകയായിരുന്നു. രണ്ട് സിക്സറുകൾ അടങ്ങുന്നതായിരുന്നു വൈഭവിന്റെ ബാറ്റിംഗ് പ്രകടനം.
Content highlight: Kapil Dev on Vaibhav Sooryavanshi selection