സഞ്ജു ഇന്ന് കളിക്കുമോ; അതോ വൈഭവ് അരങ്ങേറുമോ? മാഞ്ചെസ്റ്ററിൽ ഇന്ന് രണ്ടാം മത്സരം

വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്ന് ആകാംക്ഷ, ഇംഗ്ലണ്ടിനെതിരെ ആദ്യജയം തേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ ആദ്യജയം മോഹിച്ച് ഇന്ത്യ ഇന്നിറങ്ങും. ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങിന് പിന്നാലെയാണ് കനത്ത മഴയെത്തിയത്. ഇതോടെ കളി നിര്‍ത്തി. ഇന്നത്തെ മത്സരത്തില്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമോ എന്നതാണ് ആകാംക്ഷ. അയര്‍ലന്‍ഡ് പര്യടനത്തിലും ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലും ടീമിനൊപ്പം വൈഭവ് ഉണ്ടെങ്കിലും അദ്ദേഹത്തെ കളിപ്പിക്കാന്‍ ടീം തയ്യാറായിട്ടില്ല. അയര്‍ലന്‍ഡ് പരമ്പര നഷ്ടപ്പെട്ടതോടെ കടുത്ത വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വൈഭവിനെ കളിക്കാനിറക്കണമെന്നാണ് ആവശ്യം. അതേസമയം, അയര്‍ലന്‍ഡ് പര്യടനത്തിന് പുറമെ ഇംഗ്ലണ്ടിലും നിരാശപ്പെടുത്തുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായെത്തിയ സഞ്ജു ഒരു റണ്‍ മാത്രമാണെടുത്തത്. ഇദ്ദേഹത്തെ മാറ്റി വൈഭവിനെ കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ കിഷനും അതിവേഗം മടങ്ങിയിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മയും (59), ശ്രേയസ് അയ്യരും (68) ശിവം ദുബെയുമാണ് (42) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

അതേസമയം വൈഭവിന്റെ അരങ്ങേറ്റം ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തെക്കുറിച്ച് ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍ സൂചന നല്‍കിയിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശിയെ അരങ്ങേറ്റത്തിന് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'ഇതില്‍ വലിയ സങ്കീര്‍ണ്ണതകളൊന്നുമില്ല. ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയും, കഴിഞ്ഞ ലോകകപ്പിലെ താരവും ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന സഞ്ജു സാംസണും നമുക്കുണ്ട്. അതിനാല്‍ ടീമിലെ കളിക്കാരെ പിന്തുണയ്‌ക്കേണ്ടത് പരിശീലക സംഘമെന്ന നിലയില്‍ ഞങ്ങളുടെ കടമയാണ്.'- അദ്ദേഹം പറഞ്ഞു.

അരങ്ങേറ്റം നല്‍കുക എന്നത് പുറമേ തോന്നുന്നത് പോലെ ലളിതമായ കാര്യമല്ലെന്ന് ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ വ്യക്തമാക്കി. 'അഭിഷേക് ശര്‍മയും സഞ്ജു സാംസണും ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയവരാണ്. കളിക്കാരെ പിന്തുണയ്ക്കുന്നത് ടീമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. സൂര്യവംശി കാത്തുനില്‍ക്കുന്നുണ്ട് എന്നത് ആവേശകരമാണ്, എന്നാല്‍ നിലവിലെ താരങ്ങളുടെ സ്ഥാനങ്ങള്‍ മാറ്റിപ്പരീക്ഷിക്കാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല,' മോര്‍ക്കല്‍ പറഞ്ഞു.

content highlights: Will Sanju play today, or will Vaibhav debut? Second match today in Manchester

To advertise here,contact us