'ഉപദേശങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കില്ല'; വൈഭവിനെ അവന്റെ വഴിക്ക് വിടുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

15-കാരനെ അമിതമായി പരിശീലിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ അതീവ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുകയെന്ന് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്. ഐപിഎല്ലിലെ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിച്ച ഈ 15-കാരനെ അമിതമായി പരിശീലിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലെ ആധികാരിക വിജയത്തിന് പിന്നാലെ, വരാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ടി20 ലോകകപ്പ് നേടിയ കരുത്തുറ്റ ടീമിലേക്ക് വൈഭവെത്തുമ്പോള്‍, ഈ യുവപ്രതിഭയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. സ്വന്തമായ ശൈലിയും ചിന്താഗതിയും കൊണ്ട് വിജയിച്ചെത്തുന്ന താരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വെല്ലുവിളിയാണെന്ന് കൊട്ടക് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവിനെ ദേശീയ ടീമിലെത്തിച്ചത്. സീസണില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ആയിരുന്നു 'മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍'. ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ വൈഭവ് അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര പുരുഷ താരം എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ചരിത്രമാകും.

Content highlights:  

To advertise here,contact us