അഫ്ഗാനെതിരെ മൂന്നാം നമ്പറില്‍ കളത്തിലിറങ്ങുന്നത് ആര്? സൂചന നല്‍കി മുഖ്യ പരിശീലകൻ

കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു തുടങ്ങിയത്

ജൂൺ ആറിന് ആരംഭിക്കുന്ന ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരത്തിന് കളമൊരുങ്ങുകയാണ്. മത്സരത്തിൽ ഇന്ത്യയ്ക്കായി മൂന്നാം നമ്പറിൽ ആരാകും കളത്തിലിറങ്ങുക എന്നതിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മലയാളി താരം ദേവ്ദത്ത് പടിക്കലിന് പകരം ടീമിൽ സായ് സുദർശനെ ഉൾപ്പെടുത്തിയേക്കും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഒപ്പം സായ് സുദർശന് തന്റെ കഴിവ് എന്തെന്ന് കൃത്യമായി തെളിയിക്കാൻ വേണ്ടത്ര അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

'സായ് സുദര്‍ശന് അര്‍ഹമായ അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അദ്ദേഹം കളിച്ചതില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലായിരുന്നു. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സായ് സുദർശൻ മോശം ഫോമിലല്ല, ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 700 റണ്‍സായിരുന്നു അദ്ദേഹം അടിച്ചുകൂട്ടിയത്. ഗംഭീർ വ്യക്തമാക്കി. ഒപ്പം നാലോ അഞ്ചോ മത്സരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്തിയാല്‍ നമുക്ക് നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു തുടങ്ങിയത്. എന്നാല്‍ അന്ന് ബാറ്റിങ്ങില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ആറ് മത്സരങ്ങളില്‍ നിന്ന് 27.45 ശരാശരിയില്‍ 302 റണ്‍സായിരുന്നു താരം അന്ന് നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി നിൽക്കുന്ന ദേവ്ദത്ത് പടിക്കലിനെ മറികടന്നാകും സായ് സുദർശൻ പ്ലേയിങ് ഇലവനില്‍ ഇടം നേടുന്നത്.

Content highlight: Gautam Gambhir on playing eleven against Afghan

To advertise here,contact us