ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി നടത്തത്തിയത്. ഇപ്പോൾ 2007 ലോകകപ്പ് സംബന്ധിച്ച് നിരവധി കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. 2007 ലോകകപ്പിൽ നിന്ന് മുതിർന്ന താരങ്ങൾ പിന്മാറിയതോടെ ബിസിസിഐ അന്ന് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചത് എന്നതാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
'2007 ലോകകപ്പിനായി ബിസിസിഐ ധോണിയുടെ കീഴിൽ അന്ന് അയച്ചത് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല, മറിച്ച് ഒട്ടും തന്നെ പരിചയസമ്പന്നരല്ലാത്ത, യുവതാരങ്ങൾ അടങ്ങുന്ന ഒരു രണ്ടാം നിര ടീമിനെ ആയിരുന്നു. സച്ചിനോ, ദ്രാവിഡോ, ഗാംഗുലിയോ അന്ന് മത്സരത്തിൽ കളിച്ചതേയില്ല. ഇന്ന് ഏതെങ്കിലും ലോകകപ്പിന് ഇന്ത്യ ഒരു ബി ടീമിനെ അയച്ചാൽ പൊതുജനങ്ങളും ക്രിക്കറ്റ് ബോർഡും അത് സമ്മതിക്കുമോ? വലിയ പ്രതിഷേധം തന്നെ ഉണ്ടാകുമായിരുന്നില്ല?' ലളിത് മോദി സംഭവം വിവരിച്ചുകൊണ്ട് ചോദ്യമുയർത്തി. ആദ്യകാലങ്ങളിൽ ഇന്ത്യയിൽ ടി20 ക്രിക്കറ്റിന് യാതൊരുവിധ പിന്തുണയും ഉണ്ടായിരുന്നില്ലെന്നും കാണികൾ കുറവായതിനാൽ സ്പോൺസർമാരും പരസ്യക്കാരും ഇതിലേക്ക് വരാൻ താല്പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ലോകകപ്പിന് തുടക്കത്തിൽ റേറ്റിംഗ്സ് വളരെ കുറവായിരുന്നെന്നും എന്നാൽ ഒരു ഒറ്റ നിമിഷം കൊണ്ടാണ് ടൂർണമെന്റിന്റെ വിധി മാറിമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 'ഇംഗ്ലണ്ടിനെതിരെയുള്ള ആ മത്സരത്തിൽ യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് പന്തും സിക്സറുകൾ പായിച്ചതോടെയാണ് ലോകകപ്പിന് ആഗോള ശ്രദ്ധ ലഭിച്ചത്', ലളിത് മോദി കൂട്ടിച്ചേർത്തു. അവർ ടി20 ഫോർമാറ്റ് വിജയിക്കുമെന്ന് തനിക്ക് അത് ഉറപ്പായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ഇത്തരം അവിശ്വസനീയ പ്രകടനങ്ങൾ നടത്തുന്നവർക്ക് പ്രത്യേക പ്രോത്സാഹനം നൽകാൻ ഇപ്പോഴും താൻ മുൻകൈ എടുത്തിരുന്നുവെന്നും ലളിത് മോദി വ്യക്തമാക്കി.
Content highlight: Lalit Modi claims BCCI sent India B team for 2007 T20 World Cup