ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഗോവയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്ത് നില്‍ക്കെ മഴ മത്സരത്തിൽ വില്ലനായെത്തി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ തകർപ്പൻ ജയവുമായി കേരളം. മത്സരത്തിൽ 19 റണ്‍സിനായിരുന്നു കേരളം ഗോവയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്യാൻ കളത്തിലെത്തിയ ഗോവ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 375 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്ത് നില്‍ക്കെ മഴ മത്സരത്തിൽ വില്ലനായെത്തി. ഇതോടെ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സെഞ്ച്വറിയുമായി കേരളത്തിന് മൊഹമ്മദ് അസറുദ്ദീൻ വിജയം ഒരുക്കി. അദ്ദേഹം തന്നെയായിരുന്നു മത്സരത്തിൽ പ്ലെയര്‍ ഓഫ് ദി മാച്ച് ആയതും.

ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഗോവയ്ക്ക് ബാറ്റര്‍മാര്‍ മികച്ച അടിത്തറ തന്നെയാണ് നൽകിയത്. ഗോവൻ ഓപ്പണര്‍ വീര്‍ യാദവ് 15 റണ്‍സെടുത്ത് ആദ്യം പുറത്തായെങ്കിലും മന്ഥന്‍ ഖുട്കറും അഭിനവ് തേജ് റാണയും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശേഷം 44 റണ്‍സുമായി മന്ഥന്‍ ബെഞ്ചിലേക്ക് മടങ്ങി. സെഞ്ച്വറിയുമായി ബാറ്റിങ് തുടര്‍ന്ന അഭിനവ് 115 പന്തുകളില്‍ 134 റൺസും നേടി. പിന്നാലെ എത്തിയ നായകൻ ദീപ് രാജ് ഗാവൊങ്കറുടെയും (50) മോഹിത് റെഡ്കറുടെയും (59) വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഗോവയ്ക്ക് 375 എന്ന സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനായെത്തിയ കേരളത്തിനാകട്ടെ മുഹമ്മദ് അസറുദ്ദീന്റെ റൺവേട്ട തന്നെയാണ് കരുത്തായത്. തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ കേരളത്തിന് നഷ്ടമായെങ്കിലും അസറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് 83 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അതേസമയം, 117 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികളും പത്ത് സിക്‌സുമടക്കം 158 റണ്‍സുമായി അസറുദ്ദീന്‍ പുറത്താകാതെ പോരാടി. കൗശിക്, ദര്‍ശന്‍ മിസാല്‍ എന്നിവര്‍ ഗോവയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content highlight: Uttarakhand Gold Cup Kerala vs Goa Mohammed Azharuddeen century win

To advertise here,contact us