ആരാകും ഗൗതം ഗംഭീറിന്റെ പിൻഗാമി? പുതിയ പരിശീലകനെ നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

നെഹ്റയെ ടീമില്‍ എത്തിക്കുകയാണെങ്കിൽ അത് ബോളിങ് പരിശീലകനോ കണ്‍സള്‍ട്ടന്റോ ആയിട്ടല്ല, മറിച്ച് മുഖ്യ പരിശീലകനായി തന്നെയായിരിക്കണമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു

2026 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിന് കിരീടം നഷ്ടമായെങ്കിലും അവരുടെ മുഖ്യപരിശീലകന്‍ ആശിഷ് നെഹ്റയ്ക്ക് സന്തോഷിക്കാം. കാരണം അഞ്ച് വര്‍ഷത്തിനിടെ നാല് തവണ പ്ലേഓഫിലേക്കും മൂന്ന് തവണ കലാശപ്പോരിലേക്കും ഗുജറാത്തിനെ കൊണ്ടെത്തിച്ചതോടെ നെഹ്റയെ വഴി തെളിഞ്ഞു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആശിഷ് നെഹ്റയെ പരിഗണിക്കണമെന്ന അഭിപ്രായം മുന്നോട്ട് വച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. സ്‌പോര്‍ട്സ്റ്റാറിന്റെ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇന്ത്യ ഒരു ടി20 ക്രിക്കറ്റ് പരിശീലകനെ തിരയുകയാണെങ്കില്‍, അതിന് ഫലം കാണിച്ചുതന്ന ഒരാളാണ് ആശിഷ് നെഹ്റ. ഐപിഎല്ലിൽ മികച്ച റെക്കോര്‍ഡാണ് നിലവിൽ നെഹ്റയ്ക്കുള്ളത്. അദ്ദേഹം തികച്ചും പ്രായോഗിക ബുദ്ധിയുള്ള ക്രിക്കറ്ററാണ്. കളിയെ വൈകാരികമായി കാണുന്നതിന് പകരം ടീമിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും', മഞ്ജരേക്കർ വ്യക്തമാക്കി. 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ പരിശീലകസ്ഥാന കാലാവധിയെങ്കിലും, 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സും ടി20 ലോകകപ്പും വരെ നീട്ടാന്‍ കരാർ നീട്ടാൻ സാധ്യതകൾ ഏറെയാണ്. എന്നാല്‍ ഗംഭീറിന് ശേഷം പരിശീലകസ്ഥാനത്തേക്ക് ഒരു പ്രധാന ഓപ്ഷനായി നെഹ്റയെ കണക്കാക്കണമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞുവയ്ക്കുന്നത്.

വിജയങ്ങളുടെ ക്രെഡിറ്റ് സ്വന്തമായി എടുക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല നെഹ്‌റയെന്നും അദ്ദേഹം നിരീക്ഷിച്ചു. നെഹ്റയെ ടീമില്‍ എത്തിക്കുകയാണെങ്കിൽ അത് ബോളിങ് പരിശീലകനോ കണ്‍സള്‍ട്ടന്റോ ആയിട്ടല്ല, മറിച്ച് മുഖ്യ പരിശീലകനായി തന്നെയായിരിക്കണമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു.

Content highlight: Sanjay Manjrekar suggests new head coach as Gautam Gambhir successor

To advertise here,contact us