'വൈഭവ് അസാധാരണ പ്രതിഭ, ഉചിതമായ തീരുമാനമെടുക്കാം'; അഗാർക്കർക്ക് ബിസിസിഐയുടെ പച്ചക്കൊടി

വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാൻ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷൻ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഐപിഎല്ലിൽ അത്ഭുത പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസിന്റെ 15 കാരൻ സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിൽ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ നിർദ്ദേശം നൽകി ബിസിസിഐ.

വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാൻ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷൻ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഈ മാസം അവസാനം അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയും വൈഭവിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ അത്ഭുത ബാലനാണ് വൈഭവ്. വരും ദിവസങ്ങളിൽ അവൻ ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സൈകിയ പറഞ്ഞു.

സെലക്ടർമാർ എല്ലാവരും ഐപിഎൽ മത്സരങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നുണ്ടെന്നും, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീം തിരഞ്ഞെടുപ്പിൽ വൈഭവിന്റെ കരിയറിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങൾ അവർ കൈക്കൊള്ളുമെന്നും സൈകിയ കൂട്ടിച്ചേർത്തു. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവൻ വലിയ നേട്ടങ്ങൾ കൊയ്യുമെന്നും സൈകിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ. അതിനുശേഷം ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഈ ആഴ്ച അവസാനം മുള്ളൻപൂരിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനിടെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

content highlights: bcci-gives-green-signal-to-ajit-agarkar-for-vaibhav-suryavanshi-team-india-selection-malayalam-news

To advertise here,contact us