വൈഭവിന് കിട്ടും കോടികള്‍; എസ് യു വി കാറും സമ്മാനം

ഐപിഎലിലെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് കൗമാര താരം വൈഭവ് സൂര്യവംശി

ഐപിഎല്‍ ക്രിക്കറ്റിലെ ഈ സീസണില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത് ഒരേയൊരു താരമാണ്; വൈഭവ് സൂര്യവംശി. അഞ്ചു പുരസ്‌കാരങ്ങളാണ് താരം സ്വന്തമാക്കിയത്. സീസണില്‍ 776 റണ്‍സ് നേടി വൈഭവ് സൂര്യവംശി റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും അടങ്ങുന്നതെയായിരുന്നു താരത്തിന്റെ ഈ സീസണിലെ പ്രകടനം. 72 സിക്‌സറുകളോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും വൈഭവ് സ്വന്തം പേരില്‍ കുറിച്ചു. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് ഈ നേട്ടത്തിലൂടെ മറികടന്നത്. കൂടാതെ, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍, എമര്‍ജിങ് പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ അവാര്‍ഡുകളും വൈഭവ് കരസ്ഥമാക്കി. ഇതോടെ ഒരുകൂട്ടം ട്രോഫികളുമായാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിനുള്ള 'സൂപ്പര്‍ സ്‌ട്രൈക്കര്‍' പുരസ്‌കാരം നേടിയ വൈഭവിന് കാറാണ് സമ്മാനമായി ലഭിച്ചത്. ടാറ്റയുടെ സിയേറ എസ്‌യുവിയാണ് വൈഭവിന് ലഭിച്ചത്. 237 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റു വീശിയിരുന്നത്. പുരസ്‌കാര ദാനച്ചടങ്ങിലെ കണക്കുകള്‍ നോക്കിയാല്‍ 65 ലക്ഷം രൂപവരെ വൈഭവിന് സമ്മാനമായി മാത്രം ലഭിക്കും. 1.10 കോടി രൂപയാണ് വൈഭവിന് ഒരു ഐപിഎല്‍ സീസണിനായി രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്ന പ്രതിഫലം. 2026 സീസണ്‍ അവസാനിച്ചതോടെ ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാത്രം വൈഭവിന് 12 കോടി രൂപയുടെ ഓഫര്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു ബിസിനസ് സ്ഥാപനം വൈഭവിന് 'ബ്ലാങ്ക് ചെക്ക്' നല്‍കിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണുകളിലും ആരാധകര്‍ ഉറ്റുനോക്കുന്നത് വൈഭവിനെത്തന്നെയാകുമെന്നുറപ്പ്.

content highlights: Vaibhav to receive crores; SUV car as a gift

To advertise here,contact us