2026 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ എതിരാളികൾ ആരെന്ന് നാളെ അറിയാം. ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസും റിയാൻ പരാഗിന്റെ രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7:30 നാണ് മത്സരം തുടങ്ങുന്നത്.
ആദ്യ ക്വാളിഫയർ ബെംഗളുരുവിനോട് തോട്ടത്തിന്റെ ക്ഷീണത്തോടെയാണ് രാജസ്ഥനോട് ഏറ്റുമുട്ടാൻ ഗുജറാത്ത് എത്തുന്നതെങ്കിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെ ചുരുട്ടി എറിഞ്ഞാണ് റിയാൻ പരാഗിന്റെയും സംഘത്തിന്റെയും വരവ്. ഫൈനലിലേക്ക് കടക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഇരുടീമുകളും ലക്ഷ്യം വയ്ക്കുന്നില്ല.
ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തുന്ന വൈഭവ് സൂര്യവംശിയിലേക്ക് തന്നെയായിരിക്കും നാളെയും എല്ലാ കണ്ണുകളും. ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ മുഹമ്മദ് സിറാജിനെ ആയിരിക്കും വൈഭവ് ലക്ഷ്യം വെക്കുകയെന്ന ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത് ഇതിനകം തന്നെ പ്രവചനം നടത്തിക്കഴിഞ്ഞു. മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ മുഹമ്മദ് സിറാജ് വൈഭവിന്റെ വിക്കറ്റ് എടുത്ത ശേഷം താരത്തെ ദേഷ്യത്തോടെ നോക്കിയിരുന്നു. ആ രംഗം വൈഭവിന്റെ മനസ്സിലുണ്ടാകുമെന്നും, നാളെ സിറാജിന് വൈഭവിൽ നിന്ന് അതിനുള്ള വലിയ പ്രഹരം ഏൽക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Content highlight: IPL 2026 second qualifier GT vs RR match preview