'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് സഖ്യം ശുഭ്മൻ ഗില്ലും സായ് സുദർശനും'; സുരേഷ് റെയ്‌ന

അടുത്തിടെ പത്താമത്തെ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് തികച്ച ഇരുവരും ടി20യിലെ എലൈറ്റ് ക്ലബ്ബിലും ഇടംപിടിച്ചിരുന്നു

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാം ക്വാളിഫയറില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. അതിനിടയിൽ ഗുജറാത്തിനും ജിടി ആരാധകർക്കും ആവേശം പകരുന്ന പ്രതികരണവുമായി ഇന്ത്യന്‍ മുൻ താരം സുരേഷ് റെയ്ന. ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണറും നായകനുമായ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനുമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് സഖ്യമെന്നാണ് റെയ്നയുടെ പ്രതികരണം. കളിയെക്കുറിച്ചുള്ള അറിവും, സ്ഥിരതയും വേഗതയില്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയർത്തനുള്ള കഴിവുമാണ് ഈ കൂട്ടുകെട്ടിനെ മികച്ചതാക്കുന്നതെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.

'ശുഭ്മന്‍ ഗിൽ - സായ് സുദർശൻ കൂട്ടുകെട്ടാണ് ടാറ്റാ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ജോഡിയാണ്. ഒരുമിച്ച് കളിച്ച 46 ഇന്നിങ്‌സുകളില്‍ നിന്ന് 50 റണ്‍സിന് മുകളിലുള്ള 21 പാര്‍ട്ണര്‍ഷിപ്പുകളാണ് ഇവര്‍ പടുത്തുയര്‍ത്തിയത്', റെയ്ന പറഞ്ഞു. ക്രിസ് ഗെയ്ല്‍ - വിരാട് കോഹ്‌ലി സഖ്യം രണ്ടാം സ്ഥാനത്തും, എബി ഡിവില്ലിയേഴ്‌സ് - വിരാട് കോഹ്‌ലി സഖ്യം മൂന്നാം സ്ഥാനത്തുമുണ്ട്. എന്നാല്‍ വെറും 46 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്ലും സായിയും 21 തവണ അര്‍ദ്ധ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് കടന്നത്. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നേട്ടം കൂടിയാണ്. ഗെയ്ലും കോഹ്‌ലിയും ചേർന്ന് ഈ നേട്ടത്തിലെത്താന്‍ 59 ഇന്നിങ്‌സുകള്‍ എടുത്തപ്പോള്‍, ഡിവില്ലിയേഴ്‌സ് - കോഹ്‌ലി സഖ്യത്തിന് 76 ഇന്നിങ്‌സുകളും വേണ്ടിവന്നു', റെയ്ന വിശദീകരിച്ചു.

'ഇരുവരുടെയും സ്ഥിരത അവിശ്വസനീയമാണെന്നും ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവര്‍ ആവശ്യത്തിന് സമയമെടുക്കുന്നുണ്ടെന്നും ഡോട്ട് ബോളുകള്‍ പരമാവധി കുറയ്ക്കുന്നുണ്ടെന്നനും അദ്ദേഹം പറഞ്ഞു. ഏത് ബൗളറെ എപ്പോള്‍ ആക്രമിക്കണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാമെന്നും ഒരാള്‍ ബൗളറുടെ വേഗത ഉപയോഗിക്കുമ്പോള്‍, മറ്റേയാള്‍ കൃത്യമായ ആംഗിളുകള്‍ കണ്ടെത്തി റണ്‍സ് ഉയര്‍ത്തുന്നുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രവുമല്ല അടുത്തിടെ പത്താമത്തെ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് തികച്ച ഇരുവരും ടി20യിലെ എലൈറ്റ് ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

Content highlight: Suresh Raina hails Shubman Gill and Sai Sudharsan as best IPL batting pair

To advertise here,contact us