തുടര്‍ച്ചയായ ആറുതോല്വിക്കുപിന്നാലെ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നല്കി നിര്‍ണായക മത്സരത്തില്‍ ജയം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സെഞ്ചുറിയോടെ പടനയിച്ചപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. ലഖ്നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 12 പന്തുകള്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു. ഇനി പ്ലേ ഓഫിലേക്ക് കടക്കാന്‍ രാജസ്ഥാന് റോയല്‍സ്-മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സര ഫലം വരെ കാത്തിരിക്കണം.
രാജസ്ഥാന് തോറ്റാല്‍ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ വര്‍ധിക്കും. രാജസ്ഥാന് ജയിച്ചാല്‍ പ്ലേ ഓഫ് കാണാതെ പഞ്ചാബും കൊല്‍ക്കത്തയും പുറത്താകുമെന്നുറപ്പ്. രാജസ്ഥാന് തോല്‍ക്കുകയും കൊല്‍ക്കത്ത വന്‍മാര്‍ജനില്‍ ജയിക്കുകയും ചെയ്താലും പഞ്ചാബിന് പുറത്തേക്കുള്ള വഴിതെളിയും. 15 പോയിന്റാണ് പഞ്ചാബിന്. രാജസ്ഥാന് 14 പോയിന്റും. ഒരുമത്സരം ശേഷിക്കെ കൊല്‍ക്കത്തയ്ക്ക് 13 പോയിന്റുണ്ട്.
ശ്രേയസ് അയ്യരുടെയും (51 പന്തില്‍ 101*) പ്രഭ്സിമ്രാന് സിങ്ങിന്റെയും (69) പ്രകടനമാണ് പഞ്ചാബിന് ഉജ്വല വിജയമൊരുക്കിയത്. കൂപ്പര്‍ കോണൊലി (18) പുറത്തായി. പ്രിയാന്‍ഷ് ആര്യ തുടക്കത്തില്‍ത്തന്നെ പുറത്തായിരുന്നു. തുടക്കത്തില്‍ പ്രിയാന്‍ഷ് ആര്യ പുറത്തായെങ്കിലും എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തായിരുന്നു ശ്രേയസ് അയ്യരുടെ പ്രകടനം. ഒടുവില്‍ സിക്സറിടിച്ച് ജയവും സമ്മാനിച്ചു.
ജോഷ് ഇംഗ്ലിസിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ലഖ്നൗ മികച്ച സ്കോറിലെത്തിയത്. 44 പന്തില്‍ 72 റണ്‍സാണ് ജോഷ് ഇംഗ്ലിസ് നേടിയത്. ആയുഷ് ബദോനിയും (43), അബ്ദുല്‍ സമദും (37) പൊരുതി. മാര്‍ക്കോ യാന്‍സനും യൂസ്വേന്ദ്ര ചാഹലും രണ്ടുവിക്കറ്റ് വീഴ്ത്തി. ലഖ്നൗവിനായി കന്നി മത്സരത്തിനിറങ്ങിയ അര്ജുന് തെണ്ടുല്‍ക്കര്‍ ഒരുവിക്കറ്റ് വീഴ്ത്തി. പുറത്താകാതെ അഞ്ചുറണ്‍സുമെടുത്തു.
content highlights: Finally another win; but have to wait for the playoffs