ധോണിയില്ലെങ്കിലും 'ഹെലികോപ്റ്റർ' പറക്കും; പഞ്ചാബിനെതിരെ വൈഭവ് പറത്തിയത് മൂന്ന് ഹെലികോപ്റ്റർ സിക്സറുകൾ

ഐപിഎല്ലിൽ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശി

ഐപിഎല്ലിൽ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറിക്ക് തൊട്ടടുത്ത് (16 പന്തിൽ 43) പുറത്തായെങ്കിലും, മൈതാനത്ത് വൈഭവ് കാഴ്ചവെച്ച പ്രകടനം മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് താരം പറത്തിയത്. ഒരേയൊരു സിംഗിള്‍ മാത്രമാണ് വൈഭവിന്‍റെ ഇന്നിംഗ്സിലുള്ളത്. വൈഭവ് പറത്തി 5 സിക്സറുകളില്‍ മൂന്നെണ്ണം ധോണിയുടെ ട്രേഡ്മാർക്ക് ഷോട്ടായ 'ഹെലികോപ്റ്റർ ഷോട്ടി'ലൂടെയായിരുന്നു എന്നത് ആരാധകരെ അമ്പരപ്പിച്ചു.

ഇന്ത്യയുടെ മുൻനിര പേസർ അർഷ്ദീപ് സിംഗിനെതിരെ ഒരു തവണയും അതിവേഗ ബൗളർ ലോക്കി ഫെർഗൂസനെതിരെ രണ്ട് തവണയുമാണ് വൈഭവ് ഈ അസാമാന്യ ഷോട്ട് പായിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഞങ്ങൾ ഇത് മുമ്പ് കണ്ടിട്ടുണ്ട് എന്ന കുറിപ്പോടെ ധോണി ആരാധകരും വൈഭവിനെ ഏറ്റെടുത്തു കഴിഞ്ഞു.

ഈ ഇന്നിംഗ്‌സോടെ സീസണിലെ റൺവേട്ടയിൽ അഭിഷേക് ശർമ്മയെ മറികടന്ന് സൂര്യവംശി ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. കേവലം 167 പന്തുകളിൽ നിന്ന് സീസണിൽ 400 റൺസ് പിന്നിട്ട താരം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.

380 റൺസ് നേടിയിരുന്ന അഭിഷേക് ശർമയാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത്. കെ എൽ രാഹുൽ (358 ), വിരാട് കോഹ്‌ലി( 351 ), ഹെൻഡ്രിച്ച് ക്ലാസൻ(349 ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

content highlights: vaibhav suryavanshi hit 3 helicopter sixes like dhoni vs punjab kings

To advertise here,contact us