ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരിൽ 54 പന്തിൽ നിന്നായിരുന്നു സഞ്ജു സാംസണിന്റെ സെഞ്ചുറി നേട്ടം. പുറത്താകാതെ ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസായിരു സഞ്ജു അടിച്ചുകൂട്ടിയത്. ആ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ഇപ്പോൾ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് സിഎസ്കെയുടെ മലയാളി താരം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുൻപ് 192 റണ്‍സുമായി റൺവേട്ടക്കാരുടെ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്നു സഞ്ജു. എന്നാല്‍ ആ ഒറ്റ സെഞ്ചുറി നേട്ടത്തോടെ 293 പോക്കറ്റിലാക്കി താരം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയായിരുന്നു. ഏഴ് കളികളില്‍ രണ്ട് സെഞ്ചുറിയടക്കം 58.60 ശരാശരിയിലും 178.65 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു 293 റൺസ് അടിച്ചുകൂട്ടിയത്.
ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ആദ്യ മൂന്ന് കളികളില്‍ സഞ്ജു രണ്ടക്കം കാണാനാകാതെ പുറത്തായിരുന്നു. എന്നാൽ, ഡല്‍ഹിക്കെതിരായ സിഎസ്കെയുടെ നാലാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും അഞ്ചാം മത്സരത്തില്‍ 48 റണ്‍സുമെടുത്ത് ടീമിന്റെ ടോപ് സ്കോററുമായി താരം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. എന്നാല്‍ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച് തുടങ്ങിയെങ്കിലും മൂന്നാം പന്തിൽ പുറത്തായി. ഡൽഹിക്കെതിരെയും മുംബൈക്കെതിരെയും രണ്ട് സെഞ്ചുറികള്‍ നേടിയപ്പോഴും സഞ്ജു നോട്ടൗട്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു ചെന്നൈ കുപ്പായത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി.
റണ്‍വേട്ടക്കാരില്‍ നിലവിൽ 323 റണ്‍സുമായി ഹൈദരാബാദിന്റെ അഭിഷേക് ശര്‍മയാണ് പട്ടികയുടെ തലപ്പത്തുള്ളത്. 320 റണ്‍സുമായി ഹൈദരബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസന് അഭിഷേകിന് തൊട്ട് പിന്നിലായുണ്ട്. 293 പോക്കറ്റിലാക്കിയാണ് ചെന്നൈയുടെ മലയാളി താരം സഞ്ജു മൂന്നാം സ്ഥാനം ഭദ്രമാക്കിയിട്ടുള്ളത്. 265 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന് ശുഭ്മാന്‍ ഗില്ലാണ് സഞ്ജുവിന് പിന്നില്‍ നാലാമത്. വൈഭവ് സൂര്യവംശി (254), വിരാട് കോലി (247), യശസ്വി ജയ്സ്വാള്‍ (245), ഇഷാന് കിഷന് (238), രജത് പാട്ടീദാര്‍ (230), കൂപ്പര്‍ കൊണോളി (223) എന്നിവരാണ് റണ്‍വേട്ടക്കാരുടെ ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.
Content highlight: Sanju Samson orange cap race IPL 2026