പിങ്ക് സിറ്റിയുടെ റെക്കോഡ് ബുക്കില്‍ ജോഫ്ര ആര്‍ച്ചര്‍; മറികടന്നത് ഓസ്‌ട്രേലിയന്‍ ഇതിഹാസത്തെ

രാജസ്ഥാൻ റോയൽസിനുവേണ്ടി ആര്‍ച്ചര്‍ നേടിയത് 68 വിക്കറ്റുകള്‍, ഷെയ്ന്‍ വാട്‌സണിനെ പിന്തള്ളി ആര്‍ച്ചറിന്റെ കുതിപ്പ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ജോഫ്ര ആര്‍ച്ചറിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ക്കൂടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. രാജസ്ഥാനുവേണ്ടിയുള്ള ആര്‍ച്ചറിന്റെ പോരാട്ടം റെക്കോര്‍ഡ് പുസ്തകത്തിലും ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണിന്റെ നേട്ടമാണ് ജോഫ്ര ആര്‍ച്ചര്‍ മറികടന്നത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന ഖ്യാതിയാണ് ആര്‍ച്ചറിന്റെ പേരിലുള്ള പുതിയ നേട്ടം.

ലഖ്‌നൗവിനെതിരേ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയതാണ് ജോഫ്ര ആര്‍ച്ചറിന് റെക്കോഡ് നേട്ടത്തിലെത്താനിടയാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 67 വിക്കറ്റുകളാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നേടിയിരുന്നത്. എന്നാല്‍ ലഖ്‌നൗവിനെതിരായ മത്സരത്തിലെ മൂന്നുവിക്കറ്റോടെ ജോഫ്ര ആര്‍ച്ചര്‍ കരസ്ഥമാക്കിയത് 68 വിക്കറ്റെന്ന നേട്ടം. 54 ഇന്നിങ്‌സുകളില്‍നിന്നാണ് ജോഫ്ര ആര്‍ച്ചറിന്റെ നേട്ടം. ഷെയ്ന്‍ വാട്‌സണ്‍ 76 മത്സരങ്ങളില്‍ നിന്നാണ് 67 വിക്കറ്റെടുത്തത്. പട്ടികയില്‍ മൂന്നാമതുള്ളത് യൂസ്വേന്ദ്ര ചഹലാണ്. 46 ഇന്നിങ്‌സുകളില്‍നിന്നാണ് ചഹല്‍ 66 വിക്കറ്റ് നേടിയിരുന്നത്. സിദ്ധാര്‍ഥ് ത്രിവേദി 75 ഇന്നിങ്‌സുകളില്‍നിന്ന് 65 വിക്കറ്റെടുത്തതും രാജസ്ഥാന്‍ റോയല്‍സിന്റെ പട്ടികയിലുണ്ട്.

ലഖ്‌നൗവിനെതിരേ നാലോവറില്‍ 20 റണ്‍സ് മാത്രമാണ് ജോഫ്ര ആര്‍ച്ചര്‍ വഴങ്ങിയത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറുമുണ്ട്. എയ്ഡന്‍ മാര്‍ക്രത്തെയും മായങ്ക് യാദവിനെയും മൊഹ്‌സിന്‍ ഖാനെയുമാണ് ആര്‍ച്ചര്‍ മടക്കിയത്.

കളിയില്‍ സഹതാരങ്ങളായ നാന്ദ്രെ ബര്‍ഗറും ബ്രിജേഷ് ശര്‍മയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം നേടി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 160 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച ലഖ്‌നൗവിനെ 119 റണ്‍സിന് പുറത്താക്കി. രണ്ട് ഓവര്‍ ശേഷിക്കെയാണ് ലഖ്‌നൗവിന്റെ പരാജയം. മത്സരത്തില്‍ 40 റണ്‍സിന്റെ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

content highlights: Jofra Archer enters Pink City’s record books; surpasses Australian legend

To advertise here,contact us