ചെന്നൈ സൂപ്പർ കിംഗ്സിന് ഇതിഹാസതാരം എം എസ് ധോണിയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ഇതാണെന്ന് മുംബൈ ഇന്ത്യൻസിന്റെ മുൻ താരം ആദിത്യ താരെ. മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ്ങിനെ ബഹുമാനിച്ചു കൊണ്ട് തന്നെയാണ് താനിത് പറയുന്നതെന്നും ഈ ഘട്ടത്തില്‍ ധോണിയെ പോലൊരു താരത്തെയാണ് ചെന്നൈയ്ക്ക് അത്യാവശ്യമെന്നും താരെ ജിയോസ്റ്റാറിനോട് പറഞ്ഞു.
'ചെന്നൈ സൂപ്പർ കിംഗ്സിന് എപ്പോഴത്തെക്കാളും കൂടുതൽ ഇപ്പോൾ എം എസ് ധോണിയെ ഇപ്പോൾ ആവശ്യമാണ്. ധോണി 20 ഓവറും വിക്കറ്റ് കീപ്പിങ് ചെയ്യണമെന്നാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്. കാരണം സ്റ്റമ്പിന് പിന്നിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗിനെ കുറച്ചു കാണുകയോ അദ്ദേഹത്തെ അനാദരിക്കുകയോ ചെയ്യുകയയല്ല, പക്ഷേ ധോണിയുടെ ആ അനുഭവസമ്പത്ത് അവിടെ അത്യാവശ്യമാണ്', താരെ അഭിപ്രായപ്പെട്ടു.
'ചെന്നൈ നിരയിൽ ഒരുപാട് യുവതാരങ്ങളുണ്ട്. ടീമിൽ അരങ്ങേറ്റം കുറിച്ച കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവർക്ക് മാഹി ഭായിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരാളുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഈ രണ്ട് കളിക്കാരിലും ടീം വലിയ വിശ്വാസമാണ് അർപ്പിച്ചിട്ടുള്ളത്. എന്നാൽ ടീമിൽ ധോണി ഉണ്ടെങ്കിൽ അദ്ദേഹത്തെ തീർച്ചയായും കളിപ്പിക്കണം. ധോണിയുടെ സാന്നിധ്യം കാർത്തിക്കിനും പ്രശാന്തിനും സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും', മുൻ മുംബൈ ഇന്ത്യൻസ് താരം കൂട്ടിച്ചേർത്തു.
പരിക്ക് മൂലം ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ മുൻ ചെന്നൈ നായകനായ ധോണിക്ക് സാധിച്ചിട്ടില്ല. ഇതിഹാസതാരത്തിന്റെ തിരിച്ചുവരവ് ഉടനെയുണ്ടാകുമെന്നാണ് സൂചന. ധോണി പരിശീലനം പുനഃരാരംഭിച്ചിട്ടുള്ളതും ആരാധകരുടെ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. ധോണിയുടെ തിരിച്ചുവരവ് എന്നാകുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 23-ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി ഇറങ്ങുമെന്നാണ് പ്രതീക്ഷ.
അതേസമയം ഈ സീസണില്‍ മോശം പ്രകടനമാണ് റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവെക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ സിഎസ്കെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും വിജയം സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റു. ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും, നാല് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏഴാമതാണ് ചെന്നൈ.
Content Highlight: 'No disrespect to Sanju, but CSK need MS Dhoni more than ever', says Aditya Tare