'തോറ്റാല്‍ 'ചോക്കേഴ്സ്' പട്ടം ഇനി നിങ്ങള്‍ക്കാണ്'; കിവീസിനെ ട്രോളി ഡെയ്ല്‍ സ്റ്റെയ്ൻ

'ദക്ഷിണാഫ്രിക്കയെ എല്ലാവരും 'ചോക്കേഴ്‌സ്' എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്'

2026 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലന്‍ഡ് ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കലാശപോരാട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയെ കളിയാക്കി വിളിക്കുന്ന 'ചോക്കേഴ്‌സ്' പട്ടം ഇനി മുതല്‍ ന്യൂസിലന്‍ഡിനായിരിക്കുമെന്നാണ് സ്റ്റെയ്ന്‍ പരിഹസിച്ചത്. ആവേശപ്പോരാട്ടത്തിന് മുന്നോടിയായി തന്റെ മുന്‍ സഹതാരം കൂടിയായ എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് സ്റ്റെയ്‌ന്റെ മുന്നറിയിപ്പ്.

'നമുക്ക് സത്യസന്ധമായി കാര്യങ്ങള്‍ പറയാമല്ലോ, ദക്ഷിണാഫ്രിക്കയെ എല്ലാവരും 'ചോക്കേഴ്‌സ്' എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡാണ് നമ്മളേക്കാള്‍ കൂടുതല്‍ ഫൈനലുകളില്‍ എത്തിയിട്ടുള്ളത്. കിരീടം നേടിയിട്ടുമില്ല. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനോട് പറയുകയാണ്. ദയവായി മത്സരം ജയിക്കാന്‍ നോക്കുക. അല്ലെങ്കില്‍ ഈ ചോക്കേഴ്‌സ് ടാ​ഗ് ഞാന്‍ ഔദ്യോഗികമായി നിങ്ങള്‍ക്ക് നല്‍കും. എനിക്ക് ന്യൂസിലന്‍ഡിനെ ഇഷ്ടമാണ്. പക്ഷേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല', ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍, 2021 ഐസിസി പുരുഷ ടി20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെ ഫൈനലുകളില്‍ ന്യൂസിലന്‍ഡ് എത്തിയിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് ജയിക്കാനായിട്ടുള്ളത്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് കിരീടം സ്വന്തമാക്കിയത്.

Content Highlights: T20 World Cup 2026: Steyn warns New Zealnd could inherit 'chokers' tag if they falter against India

To advertise here,contact us