'ബുംറയെക്കാൾ അപകടകാരിയാണ് വരുൺ, അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല'; മുൻ ഇന്ത്യൻ താരം ശ്രീകാന്ത്

വരുണ്‍ ചക്രവര്‍ത്തിയുടെ നിലവിലെ പ്രകടനം ജസ്പ്രിത് ബുമ്രയേക്കാള്‍ മാരകമാണെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ടി 20 ലോകകപ്പിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയായ വരുണ്‍ ചക്രവര്‍ത്തിയെ വാനോളം പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വരുണ്‍ ചക്രവര്‍ത്തിയുടെ നിലവിലെ പ്രകടനം ജസ്പ്രിത് ബുമ്രയേക്കാള്‍ മാരകമാണെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

2026 ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലുള്ള വരുണിന് അര്‍ഹിച്ച പരിഗണനയോ പ്രശംസയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. നെതര്‍ലന്‍ഡ്സിനെതിരെ 3 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍. വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളില്‍, വരുണ്‍ 30 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുമ്രയ്ക്ക് നേടാനായത് 22 വിക്കറ്റുകള്‍ മാത്രമാണ്. ബാറ്റര്‍മാര്‍ക്ക് വരുണിനെ കണക്കുകൂട്ടാന്‍ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്ന് ശ്രീകാന്ത് പറഞ്ഞു.

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ശിവം ദുബെ മികച്ച പ്രകടനം നടത്തിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയെ ആ പുരസ്‌കാരത്തിനായി ആരും പരിഗണിക്കാത്തതില്‍ ശ്രീകാന്ത് അതൃപ്തി രേഖപ്പെടുത്തി. മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റിയത് വരുണാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2024-25 കാലഘട്ടത്തില്‍ 27 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ഒരു മോഡേണ്‍ ഡേ ഗ്രേറ്റ് ആണെന്ന് ശ്രീകാന്ത് വിശേഷിപ്പിച്ചു. 'തമിഴ്നാട്ടുകാരനായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, മറിച്ച് അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ചാണ്. 'ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആകാന്‍ ഏറ്റവും സാധ്യതയുള്ള താരം വരുണാണ്.' ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.

Content Highlights: t20 worldcup; former player srikanth on varun chakravarthy and bumra

To advertise here,contact us