'ഇന്ത്യയോട് പ്രതികാരം ചെയ്യും'; ആ പരാജയം ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് ഓസീസ് വനിതാ പേസര്‍

2026 ഫെബ്രുവരി–മാർച്ച് മാസങ്ങളിലായാണ് ഇന്ത്യൻ വനിതകളുടെ ഓസ്ട്രേലിയൻ പര്യടനം നടക്കുക

കഴിഞ്ഞ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റുവാങ്ങിയ പരാജയം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്ന് ഓസീസ് പേസര്‍ കിം ഗാര്‍ത്ത്. ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഹർമൻപ്രീത് കൗറും സംഘവും ലോകകിരീടം ചൂടുകയും ചെയ്തിരുന്നു. എന്നാൽ സെമി ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് പ്രതികാരം ചെയ്യുമെന്നാണ് കിം ​ഗാർത്ത് പറയുന്നത്.

'തീർച്ചയായും ആ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യ വളരെ നല്ല ടീമാണ്. ഇന്ത്യയ്ക്കെതിരെ എപ്പോഴൊക്കെ കളിച്ചാലും അതൊരു മികച്ച മത്സരം തന്നെയായിരിക്കും', ​ഗാർത്ത് പറഞ്ഞു.

ഇന്ത്യയോട് പ്രതികാരം ചെയ്യുകയെന്നത് ഓസീസ് വനിതാ ടീമിന്റെ മനസിലുള്ളതാണെന്നും അടുത്ത പരമ്പരയിൽ അതിനായി പരിശ്രമിക്കുമെന്നും ​ഗാർത്ത് വ്യക്തമാക്കി. 'ഒരു മാസത്തിനിടെ മൂന്ന് ഏകദിനവും മൂന്ന് ടി20യും ഒരു ടെസ്റ്റ് മാച്ചുമുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സാഹചര്യങ്ങളിൽ നടക്കുന്ന ഈ പരമ്പര വളരെ രസകരമായിരിക്കും', ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് നൽകിയ പോഡ്കാസ്റ്റിൽ കിം ഗാർത്ത് പറഞ്ഞു.

2026 ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ഇന്ത്യൻ വനിതകളുടെ ഓസ്ട്രേലിയൻ പര്യടനം നടക്കുക. അടുത്ത വർഷം അവസാനത്തോടെ ഈ രണ്ട് ടീമുകളും വനിതാ ടി20 ലോകകപ്പിൽ ഏറ്റുമുട്ടും. ജൂൺ 28ന് ലണ്ടനിലെ ലോർഡ്സിൽ വച്ചാണ് മത്സരം.

Content Highlights: World Cup semi-final defeat to India still hurts says Australia pacer Kim Garth

To advertise here,contact us