ഗില്ലിനെ പുറത്താക്കിയതിന് പിന്നില്‍ ഗംഭീര്‍ തന്നെ? തീരുമാനം നേരത്തെ എടുത്തിരുന്നെന്ന് റിപ്പോര്‍ട്ട്

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും റിപ്പോർട്ടുകളുണ്ട്

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ നിന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നില്‍ മുഖ്യപരിശീലകൻ‌ ഗൗതം ഗംഭീറെന്ന് റിപ്പോർട്ട്. ചീഫ് സെലക്ടർ അ​ഗാർക്കറിന്റെയല്ല കോച്ച് ഗംഭീറിന്റെ ഇടപെടലിലാണ് ഗില്ലിനെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ​പരിക്ക് വെറുമൊരു ഒഴിവുകഴിവ് മാത്രമാണെന്നും സൂചനകളുണ്ട്.

ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20ക്ക് മുമ്പ് തന്നെ ഗില്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗംഭീറോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ സെലക്ടര്‍മാരോ ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ നാലാം മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിച്ചിരുന്നു.

അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരം കളിക്കാൻ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ഗിൽ തയ്യാറായിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള ഗില്ലിന് അവസരം നല്‍കേണ്ടെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. മത്സരത്തിൽ കാല്‍വിരലിനേറ്റ ചെറിയ പരിക്കിന്റെ പേരില്‍ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ചെറിയ ചതവ് മാത്രമാണ് ഗില്ലിനുണ്ടായിരുന്നത്. ഡിസംബർ 16 ന് ലഖ്‌നൗവിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് പരിക്കേറ്റതെന്നാണ് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചത്. തുടര്‍ന്ന് ഗില്ലിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുകയായിരുന്നു.

Content Highlights: Gautam Gambhir Accused Of Dumping Shubman Gill in India’s T20 World Cup 2026 squad

To advertise here,contact us