'പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങളെ പലരും ഉപയോ​ഗിക്കും, അതിൽ വീഴരുത്'; ഇന്ത്യൻ വനിതാ ടീമിനോട് ​ഗവാസ്കർ

ലോകകപ്പ് വിജയത്തിന് ശേഷം വനിതാ താരങ്ങള്‍ക്ക് പല പരസ്യബ്രാന്‍ഡുകളും വലിയ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്

വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് വിജയത്തിന് ശേഷം ബിസിസിഐയും സംസ്ഥാന സർക്കാരുകളും മുതൽ പല പരസ്യബ്രാന്‍ഡുകളും വരെ വനിതാ താരങ്ങള്‍ക്ക് വലിയ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 40 കോടി രൂപയാണ് ഐസിസി നല്‍കുന്ന സമ്മാനത്തുക. ഇതിന് പുറമെ 51 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ പല താരങ്ങള്‍ക്കും വിവിധ സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളോ സമ്മാനങ്ങളോ ലഭിച്ചില്ലെങ്കില്‍ നിരാശരാകരുതെന്നാണ് ഹര്‍മന്‍ പ്രീത് കൗറിനും സംഘത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. ഇത്തരത്തില്‍ പല വാഗ്ദാനങ്ങളും ലഭിച്ചേക്കും ഇതില്‍ പലതും തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി ബ്രാന്‍ഡുകളും വ്യക്തികളും ചെയ്യുന്നതാകാമെന്നാണ് ഗവാസ്‌കർ പറയുന്നത്.

'കുട്ടികള്‍ക്ക് ഞാന്‍ ഒരു മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ക്ക് മുന്നിലെത്തുന്ന വാഗ്ദാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ദയവുചെയ്ത് നിരാശപ്പെടരുത്. ഇന്ത്യയില്‍ പരസ്യദാതാക്കളും ബ്രാന്‍ഡുകളും വ്യക്തികളും വിജയികളുടെ പേര് ഉപയോഗിച്ച് പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫുള്‍ പേജ് പരസ്യങ്ങളും ഹോര്‍ഡിങ്ങുകളും നോക്കൂ. ടീമിന്റെയോ ഓരോ താരങ്ങളുടെയോ സ്‌പോണ്‍സര്‍മാരല്ലാത്ത എല്ലാവരും അവരുടെ ബ്രാൻഡുകളെയോ തങ്ങളെയോ പ്രൊമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്വം കൊണ്ടുവന്നവര്‍ക്ക് അവര്‍ ഒന്നും നല്‍കില്ല. മിഡ് ഡേയില്‍ എഴുതിയ കോളത്തില്‍', ഗവാസ്‌കര്‍ പറയുന്നു.

'1983ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യയുടെ പുരുഷ ടീമിന് ഇത്തരത്തില്‍ കവറേജും പല ഓഫറുകളും ലഭിച്ചിരുന്നെന്നും ഇതില്‍ മിക്കവയും വെറുതെയായിരുന്നെന്നും ഗവാസ്‌കര്‍ പറയുന്നു. 1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ഇത്തരത്തില്‍ പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. മാധ്യമങ്ങളിലും വ്യാപകമായ പ്രചാരമാണ് ലഭിച്ചിരുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കുറ്റം പറയാനാവില്ല. കാരണം നാണമില്ലാത്ത ഈ ആളുകള്‍ അവരെ ഉപയോഗിക്കുകയാണെന്ന് അവരും തിരിച്ചറിയുന്നില്ല. പക്ഷേ പാരിതോഷികം പ്രഖ്യാപിച്ച പലരും അതൊന്നും നല്‍കിയില്ല. അതുകൊണ്ട് തന്നെ ലോകകപ്പ് കിരീടം നേടിയ വനിതാ ടീമിനോട് ഒന്നേ പറയാനുള്ളു, ഒരിക്കലും ഈ നാണമില്ലാത്തവർ നിങ്ങളുടെ വിജയം അവരുടെ പ്രൊമോഷന് വേണ്ടി ഉപയോ​ഗിക്കുകയാണെങ്കിൽ‌ നിരാശപ്പെടരുത്', ഗവാസ്കര്‍ കൂട്ടിച്ചേർത്തു.

Content Highlights: Sunil Gavaskar Warns Indian Women's Team About False Promises After World Cup Win

To advertise here,contact us