'നീ റണ്‍സ് വഴങ്ങും, പക്ഷേ...'; മികച്ച പ്രകടനത്തിന് കാരണം ഗംഭീറിന്റെ ആ സന്ദേശമെന്ന് ശിവം ദുബെ

നാലാം ടി20യിൽ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെയ്ക്ക് സാധിച്ചിരുന്നു

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പ്രകടനമാണ് സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെ കാഴ്ച വെച്ചത്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് പിന്നിൽ‌ ഇന്ത്യൻ കോച്ച് ​ഗൗതം ​ഗംഭീറിന്റെ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദുബെ. കോച്ച് നൽകിയ സന്ദേശത്തെകുറിച്ചും ​മത്സരശേഷം ദുബെ പറഞ്ഞു.

"അതിന് ഗൗതി ഭായ് എന്നെ വളരെയധികം പിന്തുണച്ചു. 'നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെയുണ്ട്. ' നീ റൺസ് വഴങ്ങും, പക്ഷേ നീ നീയായി തന്നെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', അദ്ദേഹം എന്നോട് പറഞ്ഞു. അന്നും അതായിരുന്നു പദ്ധതി. ഞാൻ അത് ചെയ്യാൻ‌ ശ്രമിച്ചു. മോണി മോർക്കലും ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ ബൗളിങ് കുറച്ചുകൂടി മികച്ചതാക്കിയ ചില ചെറിയ കാര്യങ്ങളുണ്ട്, മുമ്പൊന്നും അങ്ങനെ സംഭവിച്ചിരുന്നില്ല. ഇപ്പോള്‍ ഞാൻ ഒരുപാട് പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്", ​ദുബെ പറഞ്ഞു.

ക്വീൻസ് ലാൻഡിൽ നടന്ന നാലാം ടി20യിൽ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെയ്ക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി വണ്‍ഡൗണായി എത്തിയ ദുബെ 18 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മിച്ചല്‍ മാര്‍ഷിനെയും ടിം ഡേവിഡിനെയും പുറത്താക്കി സൂര്യ തിളങ്ങി.

അതേസമയം മത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് ഓസീസിനെ തകർത്തത്. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ മികച്ച ഓൾറൌണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുചെയ്ത ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

Content Highlights: IND vs AUS: Shivam Dube Reveals Gautam Gambhir's "You Will Concede Runs" Message

To advertise here,contact us