കൈയിലെ ഹനുമാന്‍ ടാറ്റൂ എങ്ങനെയെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി, ദീപ്തിയുടെ മറുപടി വൈറല്‍

ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു

വനിതാ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നത് വലിയ പ്രചോദനമാണെന്നാണ് ദീപ്തി പറയുന്നത്. അതിനിടെ ദീപ്തിയുടെ കൈയിലുള്ള ഹനുമാന്റെ ടാറ്റൂവിനെ കുറിച്ചും നരേന്ദ്ര മോദി ചോദിക്കുന്നുണ്ട്.

'നിങ്ങളുടെ കൈയില്‍ ഹനുമാന്‍ ഭഗവാന്റെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?', മോദി ചോദിച്ചു. 'എന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം ഞാന്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നുണ്ട്. എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അതെന്നെ സഹായിക്കുന്നു', ദീപ്തി മറുപടി നല്‍കി.

-PM Modi : You've Bajrang Bali's tattoo on your arms, how does it help you?-Indian cricketer Deepti Sharma- It helps me to overcome my difficulties. I also have 'Jai Shree Ram' written on my Instagram bio. pic.twitter.com/69vSyGmaF4

ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പ് വിജയതിൽ ഒരിക്കലും അവഗണിക്കപ്പെടാൻ പാടില്ലാത്ത പേരാണ് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടേത്. ഫൈനലിൽ ഷഫാലി വര്‍മക്കൊപ്പം തന്നെ ബാറ്റിങ്ങിൽ നെടും തൂണായത് ദീപ്തിയായിരുന്നു. 58 പന്തുകള്‍ നേരിട്ട് 58 റണ്‍സ് നേടിയ ദീപ്തി, പന്ത് കൊണ്ട് 9.3 ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റുമെടുത്തു. സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റേത് (101) അടക്കമുള്ള വിക്കറ്റുകള്‍ ദീപ്തിക്കാണ്.

ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളും നേടിയ താരത്തിന് തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം. ഒരു ഐസിസി വനിതാ ലോകകപ്പില്‍ ഇരുന്നൂറിലധികം റണ്‍സും പതിനഞ്ചിലധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്ററാണ് ദീപ്തി.

Content Highlights: Narendra Modi Asks Deepti Sharma: How Does Lord Hanuman's Tattoo Help, Reply Goes Viral

To advertise here,contact us