ഇന്ത്യൻ വനിതകൾ തങ്ങളുടെ ആദ്യ ലോക കിരീടം ഇന്നലെ ഏറ്റുവാങ്ങുമ്പോൾ ഒട്ടനവധി ഹൃദയം നിറക്കുന്ന കാഴ്ചക്കാണ് സാക്ഷിയായത്. ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ പരിക്കേറ്റ് വീൽചെയറിലായ പ്രതിക റാവലിന്റെ സാന്നിധ്യമായിരുന്നു അതിലൊന്ന്. കലാശ പോരിന് ശേഷം ഇന്ത്യൻ വനിതകൾ മൈതാനത്ത് ആഘോഷം നടത്തുമ്പോൾ കൂട്ടത്തിൽ പ്രതികയുമുണ്ടായിരുന്നു.
‘ഫീൽഡിൽ എനിക്ക് പോരാടാൻ കഴിഞ്ഞില്ല. പക്ഷേ, എന്റെ ഹൃദയം ഒരിക്കലും ടീം വിട്ടിരുന്നില്ല. ഓരോ ആരവവും കണ്ണീരും എന്റേത് കൂടിയായിരുന്നു’ കിരീട വിജയാഘോഷത്തിന്റെ നടുവിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതിക ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
ബഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് അടിതെറ്റിയത്. വീഴ്ചയിൽ വലതുകണങ്കാൽ ഒന്ന് പിണഞ്ഞു. വേദനയിൽ പുളഞ്ഞ പ്രതിക ഗ്രൗണ്ടിൽ വീണ് കണ്ണീർ പൊഴിച്ചു. ശേഷം വിതുമ്പിയാണ് കളം വിട്ടത്. ആ മത്സരത്തിൽ സെഞ്ച്വറി കൂടി താരം നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനന്ദകണ്ണീരിൽ പ്രതിക ആ പരിക്കിന്റെ വേദനയെല്ലാം മാഞ്ഞുപോയിരിക്കുന്നു.
ഇതിലുമേറെ വൈകാരികമായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാന തന്റെ മെഡൽ പ്രതികക്ക് അണിയിച്ചത്. പ്രതിക ഒരു വേള അതു നിരസിച്ചെങ്കിലും സ്മൃതിയുടെ നിർബന്ധത്തിനു വഴങ്ങി. സോഷ്യൽ മീഡിയയിൽ ഇതിന് കയ്യടികളും ലഭിച്ചു.
Content Highlights: Smriti Mandhana give his medal to injured teammate Pratika Rawal