ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര 29ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ തിളങ്ങിയ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത സഞ്ജുവിന് ഇതേ റോളാവും ഓസ്ട്രേലിയയിലും ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഓസീസിനെതിരായ പരമ്പരയില് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഗില്ലിന് സഞ്ജു സാംസണ് സമ്മർദ്ദം ചെലുത്താമെന്ന് പറയുകയാണ് മുൻ താരം ആകാശ് ചോപ്ര. പരമ്പരയ്ക്ക് മുന്നോടിയായി തന്റെ യുട്യൂബ് ചാനലിലാണ് ചോപ്ര സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ റോളിനെയും കുറിച്ച് വിശകലനം ചെയ്തത്. സഞ്ജു സാംസണിനോട് പലപ്പോഴും ഇന്ത്യ അനീതി കാണിക്കുകയാണ് ചെയ്യുന്നതെന്നും ചോപ്ര തുറന്നടിച്ചു.
“ശുഭ്മൻ ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനപ്പെട്ടതായിരിക്കും. ഏകദിന ക്യാപ്റ്റനായി ഉയർത്തപ്പെട്ടപ്പോൾ റൺസ് നേടിയിരുന്നില്ല എന്നതിനാൽ അദ്ദേഹത്തിന് ഇത് പ്രധാനമാണ്. ഒരു പരമ്പരയിൽ നിരാശപ്പെടുത്തിയത് അത്ര വലിയ കാര്യമൊന്നും അല്ല. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് യാതൊരു ചോദ്യവും ഇല്ല”, ചോപ്ര പറഞ്ഞു.
“എന്നാൽ ഗില്ലിനെ ശ്വാസംമുട്ടിക്കാൻ കെൽപ്പുള്ള ചിലരുണ്ട്. ടീമിൽ തന്നെ ഒരാൾ ഉണ്ട്. സഞ്ജു സാംസൺ, ഓപ്പണറായി നന്നായി കളിക്കുന്ന താരമാണ് സഞ്ജു. പലപ്പോഴും ടീം സഞ്ജു സാംസണിനോട് അനീതി കാണിക്കുന്നതായി തോന്നുന്നു. അതിനാൽ തന്നെ നിങ്ങൾ സഞ്ജുവിനെ ഓപ്പണറാക്കുന്നില്ലെങ്കിൽ തീർച്ചയായും സമ്മർദ്ദമുണ്ടാകും”, ചോപ്ര ചൂണ്ടിക്കാട്ടി.
” ജയ്സ്വാളും അതുപോലെ ഒരു താരമാണ്. അദ്ദേഹത്തെ പോലെ കഴിവുള്ള താരം ബെഞ്ചിലാണ് ഇരിക്കുന്നത്. അങ്ങനെ ഒരു താരത്തെ കളത്തിൽ ഇറങ്ങിയാൽ നന്നായി കളിക്കും. അതിനാൽ അവനും ഗില്ലിന് സമ്മർദ്ദം സൃഷ്ടിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: "Many times it seems like you are being unjust to Sanju Samson", says Aakash Chopra