'അതെ, ഹര്‍ഷിത്തിനെ ഞാന്‍ ഒരുപാട് വിമര്‍ശിച്ചിരുന്നു, പക്ഷേ...'; സിഡ്‌നി പോരിന് ശേഷം യുടേണടിച്ച് ശ്രീകാന്ത്‌

ഹർഷിത്തിനെ മൂന്ന് ഫോർമാറ്റുകളിലുമുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിൽ‌ ശ്രീകാന്ത് നേരത്തെ വിമർശനമുന്നയിച്ചിരുന്നു

ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ യുവപേസർ ഹ​ർഷിത് റാണയെ പുകഴ്ത്തി മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. നാല് വിക്കറ്റുകളുമായി തിളങ്ങിയ ഹർഷിത്താണ് ഓസ്ട്രേലിയയെ ചെറിയ സ്കോറിലേക്കൊതുക്കിയത്. ഹർഷിത്തിന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ മൂന്ന് ഫോർമാറ്റിലും അവസരം നൽകുന്നതിനെതിരേ വ്യാപക വിമർശനങ്ങളും ട്രോളുകളുമാണ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹർഷിത് റാണ പന്തുകൊണ്ട് നിർണായക പ്രകടനം പുറത്തെടുത്ത് വിമർശകരുടെ വായടപ്പിച്ചത്.

ഈ സാഹചര്യത്തിലാണ് കൃഷ്ണമാചാരി ശ്രീകാന്തും ഹർഷിത്തിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഹർഷിത്തിനെ മൂന്ന് ഫോർമാറ്റുകളിലുമുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിൽ‌ ശ്രീകാന്ത് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. പിന്നീട് ശ്രീകാന്തിന്റെ വിമർശനങ്ങൾക്കെതിരെ പരോക്ഷമായി തിരിച്ചടിച്ച് ​ഗംഭീറും രം​ഗത്തെത്തിയിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പറഞ്ഞ ​ഗംഭീർ സ്വന്തം യൂട്യൂബ് ചാനലുകൾ നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടി 23 വയസുള്ള താരങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും ​തുറന്നടിച്ചു.

ഇപ്പോഴിതാ ഹർഷിത് മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷം തന്റെ നിലപാട് തിരുത്തിയിരിക്കുകയാണ് ശ്രീകാന്ത്. 'ഹര്‍ഷിത് റാണ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഏകദിനത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് വളരെ വലിയ നേട്ടമാണ്. അദ്ദേഹം മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ഡെത്ത് ഓവറുകള്‍ ഹര്‍ഷിത് മോശമായാണ് പന്തെറിഞ്ഞത്. പക്ഷേ സിഡ്‌നിയില്‍ ഡെത്ത് ഓവറുകളില്‍ പോലും വളരെ നന്നായി ബോള്‍ ചെയ്തു', ശ്രീകാന്ത് പറഞ്ഞു.

'ഇന്ന് ഹര്‍ഷിത് റാണ എല്ലാ പ്രശംസകളും അര്‍ഹിക്കുന്നു. അവനെയോര്‍ത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. അതെ, ഞാന്‍ ഹര്‍ഷിത്തിനെ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അദ്ദേഹം നന്നായി ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുകൊണ്ട് നന്നായി സ്‌കോര്‍ ചെയ്തതും ബോളിങ്ങിലെ ആദ്യ സ്‌പെല്ലുമായിരിക്കാം അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കിയത്', ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Content Highlights: Kris Srikkanth's U-Turn after Harshit Rana’s Sydney heroics

To advertise here,contact us