കഴിഞ്ഞ ഇന്ത്യന് പ്രീമിയര് ലീഗ് സീസണിന്റെ തുടക്കത്തെ തന്നെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു മുന് ഇന്ത്യന് താരം ഇര്ഫാന് പത്താനെ കമന്ററി പാനലില് നിന്ന് പുറത്താക്കിയത്. അതിരുവിട്ട കമന്ററിയാണ് പത്താനെ കമന്ററി പാനലില് നിന്ന് തഴയാന് കാരണമെന്നായിരുന്നു ദേശീയ മാധ്യമങ്ങള് അന്ന് റിപ്പോര്ട്ട് ചെയ്തത്. ഓസീസ് പരമ്പരയ്ക്കിടെ സീനിയര് താരങ്ങളായ രോഹിത് ശര്മയെയും വിരാട് കോഹ്ലിയെയും പത്താന് വിമര്ശിച്ച് സംസാരിച്ചതാണ് കാരണമെന്നും റിപ്പോര്ട്ടുകള് വന്നിരുന്നു. ഇപ്പോഴിതാ 2025 ഐപിഎല് കമന്ററി പാനലില് നിന്ന് പുറത്താക്കപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് ഇര്ഫാന് പത്താന്.
ഇന്ത്യന് ടീമിലെ സ്റ്റാര് ഓള്റൗണ്ടറും ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ നിലവിലെ ക്യാപ്റ്റനുമായ ഹാര്ദിക് പാണ്ഡ്യയെ വിമര്ശിച്ച് സംസാരിച്ചതാണ് ഐപിഎല് കമന്ററി പാനലില് നിന്ന് പുറത്താകാന് കാരണമായതെന്നാണ് പത്താന്റെ വെളിപ്പെടുത്തല്. എന്തുകൊണ്ടാണ് ഹാര്ദിക്കിനെ വിമര്ശിച്ചതെന്നും ഇര്ഫാന് തുറന്നുപറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പത്താന് മനസുതുറന്നത്.
Irfan Pathan clears the air on his rumored rivalry with Hardik Pandya. pic.twitter.com/zq7h1uhv69
'14 മത്സരങ്ങളില് ഏഴെണ്ണത്തിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാന് വിമര്ശിച്ചിട്ടുള്ളത്. ബാക്കി ഏഴ് മത്സരങ്ങളിലും ഞാന് വിമര്ശിച്ചില്ല. 14 മത്സരങ്ങളിലും ഹാര്ദിക്കിന് പിഴവുകള് സംഭവിച്ചിട്ടുണ്ട്. ഏഴ് വട്ടം ഞാന് അത് ചൂണ്ടിക്കാണിച്ചു. അത് എങ്ങനെയാണ് പക്ഷപാതപരമാകുന്നത്? ഹാര്ദിക്കുമായി എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ല', ഇര്ഫാന് പത്താന് പറഞ്ഞു.
'ഹാര്ദിക് അടക്കം ബറോഡയില് നിന്നുള്ള മറ്റ് താരങ്ങളെയെല്ലാം ഞാനും യൂസഫ് പത്താനും എല്ലായ്പ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. ദീപക് ഹൂഡയേയും ക്രുനാല് പാണ്ഡ്യയേയുമെല്ലാം ഞങ്ങള് പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. ഹാര്ദിക് പാണ്ഡ്യയെ ഐപിഎല് ലേലലത്തില് വാങ്ങണം എന്ന് ഹൈദരാബാദ് മെന്ററായിരുന്ന വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ട ആളാണ് ഞാന്. 2012ല് ആയിരുന്നു അത്.'
'അന്ന് ഹാര്ദിക്കിനെ ലേലത്തില് വാങ്ങാന് ഞാന് പറഞ്ഞിട്ടും കേള്ക്കാതിരുന്നതിലെ സങ്കടം ഇപ്പോഴും ലക്ഷ്മണ് പറയാറുണ്ട്. അന്ന് ലേലത്തില് വാങ്ങിയിരുന്നു എങ്കില് ഇപ്പോള് ഹൈദരാബാദിന്റെ താരമാകുമായിരുന്നു ഹാര്ദിക്. 2024 സീസണില് ഹാര്ദിക്കിന് നേരെ സ്വന്തം ടീമിന്റെ ആരാധകരില് നിന്നുപോലും കൂവലുകള് വന്നപ്പോള് ഹാര്ദിക്കിന് ഒപ്പമാണ് ഞാന് നിന്നത്.'
'എല്ലാ താരങ്ങള്ക്കും വിമര്ശനങ്ങള് കേള്ക്കേണ്ടി വരും. അത് കരിയറിന്റെ ഭാഗമാണ്. സച്ചിനായാലും ഗവാസ്റായാലും വിമര്ശനങ്ങള് നേരിടേണ്ടിവന്നിട്ടുണ്ട്. അതിനെ ഒന്നും അവര് വ്യക്തിപരമായി എടുത്തില്ല. വ്യക്തിപരമായ വിമര്ശനങ്ങള്ക്ക് ഒരു അതിര്വരമ്പ് വെക്കുന്ന ആളാണ് ഞാന്,' പത്താന് പറഞ്ഞു.
Content Highlights: Not Virat Kohli or Rohit Sharma, Irfan Pathan names the player who wanted him out of IPL commentary