ഇന്ത്യന് പ്രീമിയര് ലീഗ് സീസണിലെ മോശം ബാറ്റിങ്ങിനെ തുടര്ന്ന് ക്യാപ്റ്റന് റിഷഭ് പന്തിനെ ലഖ്നൗ സൂപ്പര് ജയന്റ്സ് ടീമില് നിന്ന് ഒഴിവാക്കുമെന്ന വ്യാജ പ്രചരണങ്ങള്ക്ക് മറുപടിയുമായി താരം രംഗത്ത്. ഇതെല്ലാം വ്യാജ വാര്ത്തകളാണെന്നും സമൂഹമാധ്യമങ്ങളില് വാര്ത്തകള് പങ്കുവെക്കുമ്പോള് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും പന്ത് തുറന്നടിച്ചു. എക്സില് ഒരു മാധ്യമപ്രവര്ത്തകന്റെ പോസ്റ്റിന് മറുപടി നല്കുകയായിരുന്നു ലഖ്നൗ ക്യാപ്റ്റന്.
സമൂഹമാധ്യത്തില് 'ബ്രേക്കിങ് ന്യൂസ്' എന്ന പേരിലാണ് റിഷഭ് പന്തുമായി ബന്ധപ്പെട്ട വാര്ത്ത പ്രചരിച്ചത്. '2026ലെ ഐപിഎല് സീസണിനു മുന്നോടിയായി റിഷഭ് പന്തിനെ ലഖ്നൗ സൂപ്പര് ജയന്റ്സ് ടീമില്നിന്ന് റിലീസ് ചെയ്തേക്കും. പന്തിനു നല്കിയ 27 കോടി രൂപ കുറച്ചു കൂടിപ്പോയി എന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്', ഇതായിരുന്നു പോസ്റ്റ്.
I understand fake News gives more traction To content but let’s not built everything around it . Little sense and credible news will help more rather making fake news with agenda . Thanks have a good day . Let’s be responsible and sensible what we put out on social media 🇮🇳🙏🏻
ഇതിന് മറുപടിയായാണ് പന്ത് രംഗത്തെത്തിയത്. 'വ്യാജ വാര്ത്തയിലൂടെ കൂടുതല് ശ്രദ്ധ കിട്ടിയേക്കും. എന്നാല് എല്ലാം വ്യാജ വാര്ത്തയിലൂടെ സൃഷ്ടിച്ചെടുക്കാന് ശ്രമിക്കരുത്. വ്യാജ വാര്ത്തയേക്കാളും അജണ്ടകള് മുന്പില് കണ്ടുള്ള വാര്ത്തകളേക്കാളും വിശ്വസനീയമായ വാര്ത്തകള് നല്കുന്നത് ഗുണം ചെയ്യും. നന്ദി, നല്ല ദിവസം ആശംസിക്കുന്നു. സമൂഹമാധ്യമങ്ങള് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാം,' റിഷഭ് പന്ത് എക്സില് കുറിച്ചു.
2025 ഐപിഎല് സീസണില് വളരെ നിരാശാജനകമായ പ്രകടനമാണ് ലഖ്നൗ ക്യാപ്റ്റന് റിഷഭ് പന്ത് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. വിക്കറ്റിന് പിന്നിലും നിരാശാജനകമായ പ്രകടനം പുറത്തെടുക്കുന്ന പന്തിന്റെ മോശം ഫോം വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു.
ഐപിഎല് ചരിത്രത്തിലെ എക്കാലത്തെയും ഉയര്ന്ന തുകയായ 27 കോടി രൂപയ്ക്കു ലഖ്നൗ സൂപ്പര് ജയന്റ്സിലെത്തിയ റിഷഭ് പന്തിനു തന്റെ തുകയോടു നീതി പുലര്ത്താന് ഇതുവരെ സാധിച്ചിട്ടുമില്ല. സീസണിലെ ആദ്യ മത്സരങ്ങളില് നിക്കോളാസ് പുരാന്റെയും മിച്ചല് മാര്ഷിന്റെയും ബാറ്റിംഗ് മികവില് മുന്നേറിയെങ്കിലും പിന്നീട് ഇരുവരും നിറം മങ്ങിയതോടെ തിരിച്ചടി നേരിട്ട ലഖ്നൗ ഇപ്പോള് പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്റെ വക്കിലുമായിരുന്നു.
Content Highlights: Rishabh Pant hits out at social media rumours on his LSG future