OTP യും പാസ്‌കീയും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഓൺലൈൻ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ മൊബൈലിൽ ലഭിക്കുന്ന ഒടിപി (OTP) ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഒടിപിയെക്കാൾ സുരക്ഷിതമായ മറ്റൊരു മാർഗം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പാസ്‌കീ (Passkey). എന്താണ് ഒടിപിയും പാസ്‌കീയും തമ്മിലുള്ള വ്യത്യാസം? അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഏതാണ് നല്ലത്?

ഇന്ന് ബാങ്കിങ് മുതല്‍ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വരെയുള്ള മിക്ക ഓണ്‍ലൈന്‍ സേവനങ്ങളിലും സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പാസ്വേഡ് മോഷ്ടിച്ചും വ്യാജ ലിങ്കുകള്‍ അയച്ചും വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുത്തും അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് ഒടിപിയും പാസ്‌കീയും.

എന്താണ് ഒടിപി?

ഒടിപിയുടെ പൂര്‍ണരൂപം വണ്‍ ടൈം പാസ്വേഡ് (One-Time Password) എന്നാണ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാനായി നല്‍കുന്ന പ്രത്യേക കോഡാണിത്. സാധാരണയായി മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് വഴിയോ ഇ-മെയില്‍ വഴിയോ ഓതന്റിക്കേറ്റര്‍ ആപ്പുകള്‍ വഴിയോ ഒടിപി ലഭിക്കും. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോഴോ പണമിടപാട് സ്ഥിരീകരിക്കുമ്പോഴോ തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ ഈ കോഡ് ഉപയോഗിക്കുന്നു. പാസ്വേഡ് മറ്റൊരാള്‍ക്ക് ലഭിച്ചാലും അധിക പരിശോധന ആവശ്യമായ അക്കൗണ്ടുകളില്‍ OTP ഒരു സുരക്ഷാ പാളിയായി പ്രവര്‍ത്തിക്കും.

എന്നാല്‍ ഒടിപി ലഭിച്ചതുകൊണ്ടുമാത്രം അക്കൗണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതരുത്. വ്യാജ വെബ്സൈറ്റുകളില്‍ കോഡ് നല്‍കുകയോ തട്ടിപ്പുകാര്‍ക്ക് കൈമാറുകയോ ചെയ്താല്‍ അത് ദുരുപയോഗം ചെയ്യപ്പെടാം. എസ്എംഎസ് വഴിയുള്ള ഒടിപികള്‍ക്ക് സിം സ്വാപ്പിങ് പോലുള്ള തട്ടിപ്പുകളുടെ അപകടസാധ്യതയുമുണ്ട്.

എന്താണ് പാസ്‌കീ?

പാസ്വേഡ് ഓര്‍ത്തുവെക്കുകയോ ഓരോ തവണയും ഒടിപി കാത്തിരിക്കുകയോ ചെയ്യാതെ ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് പാസ്‌കീ. വിരലടയാളം, മുഖം തിരിച്ചറിയല്‍ സംവിധാനം, ഫോണിന്റെ പിന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഉപയോക്താവിന് തന്റെ തിരിച്ചറിയല്‍ സ്ഥിരീകരിക്കാം. പാസ്‌കീ ഉപയോഗിക്കുമ്പോള്‍ രണ്ട് ക്രിപ്റ്റോഗ്രാഫിക് കീകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പബ്ലിക് കീ വെബ്സൈറ്റിലോ സേവനത്തിലോ സൂക്ഷിക്കുമ്പോള്‍ പ്രൈവറ്റ് കീ ഉപയോക്താവിന്റെ ഉപകരണത്തിലോ പിന്തുണയ്ക്കുന്ന സുരക്ഷിത സംവിധാനത്തിലോ സംരക്ഷിക്കപ്പെടുന്നു. ലോഗിന്‍ ചെയ്യുമ്പോള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിരിച്ചറിയല്‍ സ്ഥിരീകരിക്കുന്നത്.

പാസ്‌കീയുടെ പ്രധാന പ്രത്യേകത സാധാരണ ഒടിപി പോലെ ഒരു കോഡ് ഉപയോക്താവ് വെബ്സൈറ്റില്‍ ടൈപ്പ് ചെയ്യേണ്ടതില്ല എന്നതാണ്. കൂടാതെ യഥാര്‍ഥ വെബ്സൈറ്റുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വ്യാജ വെബ്സൈറ്റുകള്‍ വഴി ലോഗിന്‍ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള സാധ്യത കുറയ്ക്കാന്‍ പാസ്‌കീ സഹായിക്കുന്നു.

ഒടിപിയും പാസ്‌കീയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

ഒടിപി

ഫോണിലോ ഇ-മെയിലിലോ ലഭിക്കുന്ന കോഡ് നല്‍കിയാണ് തിരിച്ചറിയല്‍ സ്ഥിരീകരിക്കുന്നത്.

പാസ്‌കീ

വിരലടയാളം, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഉപകരണത്തിലെ പിന്‍ ഉപയോഗിച്ച് തിരിച്ചറിയല്‍ സ്ഥിരീകരിക്കാം.

സുരക്ഷ

ഒടിപി മറ്റൊരാള്‍ക്ക് കൈമാറപ്പെടുകയോ വ്യാജ വെബ്സൈറ്റില്‍ നല്‍കപ്പെടുകയോ ചെയ്താല്‍ ദുരുപയോഗം ചെയ്യപ്പെടാം. പാസ്‌കീ വെബ്സൈറ്റുമായി ബന്ധിപ്പിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഫിഷിങ് ആക്രമണങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

സൗകര്യം

ഒടിപി ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരാം. പാസ്‌കീയില്‍ പിന്തുണയ്ക്കുന്ന ഉപകരണവും സേവനവും ലഭ്യമാണെങ്കില്‍ വിരലടയാളമോ മറ്റൊരു സ്ഥിരീകരണ രീതിയോ ഉപയോഗിച്ച് വേഗത്തില്‍ ലോഗിന്‍ ചെയ്യാം.

എന്നാല്‍ എല്ലാ വെബ്സൈറ്റുകളും ആപ്പുകളും പാസ്‌കീ പിന്തുണയ്ക്കണമെന്നില്ല. അതിനാല്‍ ഒടിപി ഉള്‍പ്പെടെയുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ക്കും ഇപ്പോഴും പ്രാധാന്യമുണ്ട്.

ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എന്തുചെയ്യണം?

  • ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ സഹായിക്കുന്ന സേവനങ്ങളില്‍ പാസ്‌കീ ഉപയോഗിക്കുന്നത് പരിഗണിക്കാം.
  • ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുന്നവര്‍ ഉള്‍പ്പെടെ ആരെങ്കിലും ആവശ്യപ്പെട്ടാലും ഒടിപി കൈമാറരുത്.
  • സന്ദേശങ്ങളിലൂടെയോ ഇ-മെയിലുകളിലൂടെയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ വിവരങ്ങള്‍ നല്‍കരുത്.
  • ഫോണ്‍ നഷ്ടപ്പെടുകയോ ഉപകരണം മാറ്റുകയോ ചെയ്താല്‍ അക്കൗണ്ടിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക. ബാക്കപ്പ്, റിക്കവറി സംവിധാനങ്ങള്‍ സുരക്ഷിതമായി ക്രമീകരിക്കുക.
  • അക്കൗണ്ടില്‍ പരിചയമില്ലാത്ത ലോഗിന്‍ ശ്രമങ്ങളോ മാറ്റങ്ങളോ ഉണ്ടായാല്‍ അവ പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

ഏതാണ് കൂടുതല്‍ സുരക്ഷിതം?

ഫിഷിങ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പാസ്‌കീ പൊതുവെ ഒടിപിയെക്കാള്‍ മികച്ച സുരക്ഷ നല്‍കുന്നു. കാരണം വ്യാജ വെബ്സൈറ്റില്‍ ഉപയോക്താവിനെക്കൊണ്ട് കോഡ് നല്‍കിപ്പിച്ച് അത് മോഷ്ടിക്കുന്ന തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് പാസ്‌കീ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നു.

എങ്കിലും പാസ്‌കീഉപയോഗിക്കുന്നതുകൊണ്ടുമാത്രം എല്ലാ സൈബര്‍ ഭീഷണികളും ഒഴിവാകില്ല. ഉപകരണത്തിന്റെ സുരക്ഷ, അക്കൗണ്ട് വീണ്ടെടുക്കാനുള്ള സംവിധാനം, വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി എന്നിവയും പ്രധാനമാണ്. ഓണ്‍ലൈന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പാസ്‌കീ ലഭ്യമാണെങ്കില്‍ അത് ഉപയോഗിക്കുകയും ഒടിപി പോലുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നതാണ് നല്ലത്.

Content Highlights :What is the difference between an OTP and a passkey? Which one is better for enhancing account security?

To advertise here,contact us