സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) വെറുമൊരു ആക്ഷേപഹാസ്യ പ്രതികരണം മാത്രമായി ഒതുങ്ങുന്നില്ല. പേജ് സൃഷ്ടിച്ചതിന്റെ ഏഴാം ദിവസം അതിന്റെ സ്ഥാപകനായ അഭിജീത് ദീപക് ആദ്യ ഓണ്‍ലൈന്‍ പെറ്റീഷന് നല്‍കിയിരിക്കുകയാണ്. നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട് സിജെപി. കാര്യങ്ങള്‍ ഇങ്ങനെയായ സ്ഥിതിക്ക് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച ചർച്ചകളും സജീവമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥനമായി സിജെപി മാറുമോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. 'കോക്രോച്ച് ജനതാ പാര്‍ട്ടി'ക്ക് നിലവിൽ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയുമോ എന്നതിന് ഇല്ലായെന്ന് തന്നെയാണ് ഉത്തരം.
ഒരു ഇന്ത്യന്‍ പൗരനും രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ വ്യക്തവും കര്‍ശനവുമായ നിയമങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിലുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനെക്കുറിച്ച് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും എന്താണ് പറയുന്നതെന്ന് നോക്കാം.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രവും നിലവിലെ നിയമങ്ങളും അനുസരിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ അംഗമായിരിക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നിയമപരമായ തടസ്സമില്ല. ഇന്ത്യന്‍ നിയമപ്രകാരം ആര്‍ക്കും നിയമസഭാ അല്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ എളുപ്പത്തില്‍ മത്സരിക്കാം. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശം നിര്‍ണ്ണയിക്കുന്നത് ഒരു പ്രത്യേക പാര്‍ട്ടി അംഗത്വത്തിലൂടെയല്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ മാനദണ്ഡങ്ങളുമനുസരിച്ചാണ്.
രാജ്യത്തിന്റെ പാർലമെൻ്ററി ഘടകങ്ങളിൽ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേതും ഏറ്റവും അത്യാവശ്യവുമായ കാര്യം സ്ഥാനാര്‍ത്ഥി ഒരു ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ്. കൂടാതെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം.
കോക്രോച്ച് ജനതാ പാര്‍ട്ടിയിലെ ഏതെങ്കിലും അംഗത്തിന് ഈ രണ്ട് അടിസ്ഥാന യോഗ്യതകതകള് ഉണ്ടെങ്കില്‍ രാജ്യത്തെ നിയമപ്രകാരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവര്‍ പൂര്‍ണ്ണമായും യോഗ്യരായി കണക്കാക്കപ്പെടും. എന്നാൽ അവർക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി പേരിൽ മത്സരിക്കണമെങ്കിൽ മറ്റ് ചില മാനദണ്ഡങ്ങൾ പ്രസ്തുത പാർട്ടി പാലിച്ചിരിക്കണം.
കോക്രോച്ച് ജനതാ പാര്‍ട്ടി നിലവില്‍ നിയമപരമായ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഒരു ആക്ഷേപഹാസ്യ ഡിജിറ്റല്‍ രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ്. നിലവില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ (ECI) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയല്ല സിജെപി. അതിനാല്‍ സിജെപിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഇന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഒരു രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പിന്തുണ തേടുകയോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുകയോ ചെയ്യേണ്ടിവരും.
കോക്രോച്ച് ജനത പാര്‍ട്ടി ഭാവിയില്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയായി മാറാനും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും തീരുമാനിക്കുകയാണെങ്കില്‍ അതിന് ചില പ്രക്രീയകളിലൂടെ കടന്നുപോകേണ്ടിവരും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രജിസ്റ്റര്‍ ചെയ്ത ഏതൊരു പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിന് ഔദ്യോഗികമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. ഈ നാമനിര്‍ദ്ദേശ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ 'എ-ഫോം', 'ബി-ഫോം' എന്നിവയാണ്. ഈ രണ്ട് ഫോമുകളും സ്ഥാനാര്‍ത്ഥിയെ ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി ഔദ്യോഗികമായി തെരഞ്ഞെടുത്തിട്ടുണ്ടെന്നതിന്റെ ഉറച്ചതും ഔദ്യോഗികവുമായ തെളിവാണ്. സമയപരിധിക്കുള്ളില്‍ ഈ ആവശ്യമായ രേഖകള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടത് നിയമപരമായി നിര്‍ബന്ധമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ഏറ്റവും പ്രധാനപ്പെട്ട കാര്യം ചിഹ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങള്‍ അനുസരിച്ച് പൂര്‍ണ്ണമായും രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്ന ത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്‍ഗണന ലഭിക്കും.
Content Highlights : Can members of the 'Cockroach Janata Party' contest in assembly and Lok Sabha elections? What are the rules regarding contesting elections in India?