ഐപിഎൽ ആവേശം ആരംഭിക്കാനിരിക്കെ രാഷ്ട്രീയഭേദമന്യേ കർണാടകയിലെ എംഎൽഎമാർ ഉയർത്തിയ ഒരാവശ്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. വരുന്ന ഐപിഎൽ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റിന് പ്രത്യേക സജ്ജീകരണം വേണമെന്നതാണ് എംഎൽഎമാരുടെ ആവശ്യം. കോൺഗ്രസ് നിയമസഭാംഗം വിജയാനന്ദ് കാശാപ്പനവാർ ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് മത്സരങ്ങൾ നടക്കുന്ന വേദികളുടെ ചുമതല. അസോസിയേഷൻ അധികൃതർ മാന്യതയില്ലാതെ പെരുമാറിയെന്നാണ് എംഎൽഎമാർ ഉന്നയിക്കുന്ന ആരോപണം. അതാണ് ഇത്തരം ഒരു ആവശ്യത്തിന് പിന്നിലെന്നാണ് കോൺഗ്രസ് എംഎല്എ പറയുന്നത്.
താനും നിയമസഭയിലെ മറ്റ് അംഗങ്ങളും വിഐപികളാണെന്നും വരിയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ തങ്ങൾക്ക് കഴിയില്ലെന്നുമാണ് കോൺഗ്രസ് എംഎൽഎ കാശാപ്പനവാർ പറഞ്ഞത്. മാത്രമല്ല ഓരോ എംഎൽഎമാർക്ക് അഞ്ച് ടിക്കറ്റ് വീതം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൽ നിന്നും എല്ലാ ആനുകൂല്യങ്ങളും സ്വന്തമാക്കിയിട്ട് കർണാടക ക്രിക്കറ്റ് കൗൺസിൽ മാന്യമായല്ല എംഎൽഎമാരോട് പെരുമാറുന്നതെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്. ടിക്കറ്റ് നൽകാതെ ഓൺലൈനിൽ ബുക്ക് ചെയ്യാൻ അസോസിയേഷൻ പറഞ്ഞെന്നും എംഎൽഎ പറയുന്നു.
ഓൺലൈനിൽ വിൽക്കുന്ന ടിക്കറ്റുകൾ ഒടുവിൽ വൻതുകയ്ക്ക് ബ്ലാക്കിൽ വിറ്റുപോകുകയാണെന്നൊരു ആരോപണവും കോൺഗ്രസ് എംഎൽഎ ഇതിനിടയിൽ ഉയർത്തുന്നുണ്ട്. അയ്യായിരം രൂപയുടെ ഒരു ടിക്കറ്റ് 35,000രൂപയ്ക്കാണ് ബ്ലാക്കിൽ വിൽക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞതവണ ക്യൂവിൽ നിർത്തി ടിക്കറ്റ് എടുത്ത ശേഷം പബ്ലിക്കിനൊപ്പം ജനറൽ ഗ്യാലറിയാണ് എംഎൽഎമാർക്ക് സീറ്റ് നൽകിയത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്തിരിയെങ്കിലും ആദരവ് എംഎൽഎമാരോട് കാണിക്കണമെന്നും അദ്ദേഹം പറയുന്നു.
നിയമസഭയിൽ ഐപിഎൽ ടിക്കറ്റ് വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവും ബിജെപി നേതാവും എംഎൽഎയുമായ ആർ അശോകയും ഉന്നയിച്ചിട്ടുണ്ടെന്ന് കാശാപ്പനവാർ മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎൽ കാണാനായി എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒന്നുമില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. അതിനെ താനും പിന്തുണച്ചു. പ്രത്യേക ഇരിപ്പിട സജ്ജീകരണം ഉൾപ്പെട അഞ്ച് ടിക്കറ്റുകൾ എംഎൽഎമാർക്ക് നൽകണമെന്ന ആവശ്യം നിയമസഭ സ്പീക്കറോട് ആവശ്യപ്പെട്ടെന്നും കോൺഗ്രസ് എംഎൽഎ വ്യക്തമാക്കി. നിലവിൽ ഉപമുഖ്യമന്ത്രി വിഎസ് ശിവകുമാർ എംഎൽഎമാർക്കുള്ള ടിക്കറ്റിന്റെ കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധികൃതരോട് സംസാരിച്ചശേഷം സഭയെ അറിയിക്കുമെന്നാണ് പറഞ്ഞതെന്നും കാശാപ്പനവാർ മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎമാരെല്ലാം ഒരേ സ്വരത്തിൽ ഒരാവശ്യം ഉന്നയിച്ചതിനാൽ മത്സരങ്ങൾ നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിഐപി ടിക്കറ്റുകൾ അവർക്ക് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കർ യു ടി ഖാദറും പ്രതികരിച്ചിട്ടുണ്ട്.
Content Highlights: Karnataka MLAs spark controversy after demanding IPL tickets, claiming VIP status