അടച്ചിട്ട മുറിയിൽ റൂം ഹീറ്ററോ ബ്ലോവറോ ഉപയോഗിക്കുന്നത് അപകടം വിളിച്ചു വരുത്തും! അറിയാം

അടഞ്ഞിരിക്കുന്ന മുറിയിൽ പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്

ശൈത്യകാലത്തെ തണുപ്പിൽ നിന്നും രക്ഷനേടാൻ പല മാർഗങ്ങളാണ് ആളുകൾ തേടുന്നത്. ഫ്രീസിങ് പോയിന്റിനും താഴേക്ക് താപനില പോകുന്ന പലയിടങ്ങളും ലോകത്തുണ്ട്. നമ്മൾ മലയാളികൾക്ക് അത് അത്ര സുപരിചിതമല്ലെങ്കിലും ഇന്ത്യയുടെ വടക്കൻ ഭാഗത്ത് പലയിടത്തും കൊടുംതണുപ്പ് തന്നെ അനുഭവപ്പെടാറുണ്ട്. തണുപ്പിൽ നിന്നൊന്ന് രക്ഷനേടാൻ പലരും ആശ്രയിക്കുന്നത് റൂം ഹീറ്ററിനെയാണ്. മറ്റു ചിലർ ബ്ലോവറാകും ഉപയോഗിക്കുന്നത്. പണ്ടൊക്കെ നെരിപ്പോടിൽ നിന്നും ചൂടുകായുന്നതായിരുന്നു ശീലമെങ്കിൽ ഇപ്പോൾ അതിന് ആധുനിക മുഖം വന്നിരിക്കുകയാണ്. ഇവയെല്ലാം തണുപ്പിൽ നിന്നും നമുക്ക് ആശ്വാസം നൽകുമെങ്കിലും രാത്രികാലങ്ങളിൽ ഇവ ഉപയോഗിക്കുന്നത് അത്യാഹിതത്തിലേക്ക് നയിക്കാം.

ഈ ഉപകരണങ്ങൾ ഒരു വശത്ത് നമ്മെ സഹായിക്കുമ്പോൾ മറുവശത്ത് വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്. എല്ലാവർഷവും ഇവയുടെ ഉപയോഗം മൂലമുണ്ടാകുന്ന എന്തെങ്കിലും സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരാറുണ്ട്. ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്ന അവസ്ഥയാകും, ചിലയിടത് വീടുകളിൽ പുക നിറഞ്ഞിരിക്കും, മറ്റ് ചില കേസുകളിൽ മരണമാകും സംഭവിച്ചിട്ടുണ്ടാകുക. ആരും അറിഞ്ഞുകൊണ്ട് അപകടം വരുത്തിവയ്ക്കാൻ തയ്യാറാവില്ല. എന്നാൽ ചില കാര്യങ്ങൾ അവഗണിക്കുന്നതാകും പ്രശ്‌നമാകുന്നത്. കൊടുംതണുപ്പിലും ശുദ്ധവായു ശ്വസിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മുഴുവനായും അടഞ്ഞിരിക്കുന്ന മുറിയിൽ പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്.

കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യമാണ് ഇതിലൊന്ന്. ഗ്യാസ് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ അടച്ചിട്ട മുറിയിലാകുമ്പോൾ ഇവ പുറത്തുവിടുന്ന കാർബൺ മോണോക്‌സൈഡ് അവിടെ തങ്ങിനിൽക്കും. മണമില്ലാത്ത ഈ വാതകം ഇവിടെ പതിപതിയെ അടിഞ്ഞുകൂടും. അതിന് കാരണം റൂമിലേക്ക് മതിയായ അളവിൽ ഓക്‌സിജൻ ലഭിക്കാത്തതാണ്. ഇതിന് പുറമേ ശ്വസിക്കുമ്പോൾ പുറത്തുവരുന്ന കാർബൺ ഡൈഓക്‌സൈഡ് വിഘടിച്ച് കാർബൺ മോണോക്‌സൈഡാകും. ഇത് തലവേദന, തലകറക്കം, പെട്ടെന്നുള്ള മരണം എന്നിവയ്ക്ക് കാരണമാകും. ഇതിനെ ഫ്‌ളൂവാണെന്ന് പലരും തെറ്റിദ്ധരിക്കും. വായുവിനെ ഡ്രൈ ചെയ്യുന്ന ഇലക്ട്രിക്ക് ബ്ലോവർ പോലുള്ളവ ഈ അവസ്ഥ കൂടുതൽ കഠിനമാക്കും. ഇത് ശ്വാസകോശത്തിന് കൂടുതൽ സമ്മർദം നൽകും. അതിനാൽ വെന്റിലേഷൻ മുറികളിൽ അത്യാവശ്യമാണ്. ദീർഘകാലം ഇവ ഉപയോഗിക്കുന്നത് അന്തരീക്ഷം വിഷമയമാകാൻ കാരണമാകും.

റൂം ഹീറ്ററോ ബ്ലോവറുകളോ അടച്ചിട്ട മുറിയിൽ അമിതമായി ചൂടായാൽ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ അമിതമായ ഉപയോഗം അല്ലെങ്കിൽ വെന്റുകൾ ബ്ലോക്കാവുന്ന സാഹചര്യമാണ് അപകടം സൃഷ്ടിക്കുക. ഇതിന്റെ ഉള്ളിലെ ഭാഗങ്ങൾ ചൂടാകുന്നതാണ് ഇതിന് കാരണം. സമീപത്തുള്ള കർട്ടനുകളോ ചവിട്ടോയൊക്കെയാകും പെട്ടെന്ന് തീപിടിക്കുന്നത്. സ്‌പേസ് ഹീറ്ററുകളാണ് വീടുകളിൽ തീപിടുത്തം സംഭവിക്കുന്നതിനുള്ള 43ശതമാനം കാരണമെന്ന് യുഎസിലെ നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ കണക്കുകൾ പറയുന്നത്.

85ശതമാനത്തോളം മരണം സംഭവിക്കുന്നതും ഇങ്ങനെയാണ്. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളിൽ നിന്നും മൂന്നടിയെങ്കിലും അകലെയാകണം ഇവ സൂക്ഷിക്കേണ്ടത്. മാത്രമല്ല ഉപയോഗം കഴിഞ്ഞാൽ അപ്പോൾ തന്നെ ഇത് നിർത്താനും ശ്രദ്ധിക്കണം.

ഹീറ്ററിന്റേയോ മറ്റൊ കേബിളുകളിൽ ഉണ്ടാകുന്ന കേടുപാടുകളും ഷോക്കും സ്പാർക്കും ഉണ്ടാവാൻ കാരണമാകും. എക്സ്റ്റൻഷൻ കോർഡുകൾ ഉരുകുന്നതും അപകടമുണ്ടാക്കും. ഈർപ്പം നിലനിൽക്കുന്ന മുറികളും പ്രശ്നമാണ്. ഇവ മൂലം ഉണ്ടാകുന്ന പൊടി, പൂപ്പൽ എന്നിവ ആസ്ത്മ, അലർജി പ്രശ്‌നങ്ങൾ വശളാക്കും.

Content Highlights: Room heaters can become dangerous when used in enclosed rooms without proper ventilation. Experts caution that such usage may lead to carbon monoxide accumulation

To advertise here,contact us