40പൈസക്ക് നോട്ട്ബുക്കുകള്‍ വിറ്റ് മണ്ണെണ്ണ വാങ്ങിയ, Hi എന്നാലെന്തെന്ന് അറിയാത്ത പെണ്‍കുട്ടി; മാധവി ലത...

അന്ന് തന്റെ നോട്ടുബുക്കുകള്‍ നാല്‍പത് പൈസക്ക് വിറ്റിട്ടാണ് മണ്ണെണ്ണ വാങ്ങിയതെന്നും ലത പറയുന്നു

ആന്ധ്രപ്രദേശിലെ ഒരു കുഗ്രാമത്തില്‍ ധരിക്കാനൊരു ചെരുപ്പ് പോലും സ്വന്തമായി ഇല്ലാതിരുന്ന പെണ്‍കുട്ടി. മണ്ണെണ്ണ വാങ്ങാനായി നാല്‍പത് പൈസയ്ക്ക് നോട്ട് ബുക്കുകള്‍ വില്‍പ്പന നടത്തിയ ആ പെണ്‍കുട്ടി ഇന്ന് രാജ്യത്തിന്റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി അഭിമാനമായി തലയുയർത്തി നില്‍ക്കുന്നു. പറഞ്ഞ് വരുന്നത് മറ്റാരെ കുറിച്ചുമല്ല, പ്രൊഫസര്‍ മാധവി ലതയെ കുറിച്ചാണ്. ദേശീയ മാധ്യമമായ NDTVയുടെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ഇവന്റില്‍, ഇന്ത്യന്‍ സയന്‍സ് ഐക്കണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട മാധവി ലത തന്‍റെ ജീവിതയാത്രയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഇന്ത്യ മഹാരാജ്യം കാത്തിരുന്ന സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു ചീനാബ് റെയിവേ പാലം. തനിക്ക് ലഭിച്ച അംഗീകാരം, ഇന്ത്യന്‍ റെയില്‍വേയ്ക്കും പാലത്തിന്റെ നിര്‍മ്മാണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച മറ്റ് എന്‍ജിനീയര്‍മാര്‍ക്കുമാണ് മാധവി ലത സമര്‍പ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജമ്മുകശ്മീരിലെ ചീനാബ് നദിയ്ക്ക് മുകളിലായി 359 മീറ്റര്‍ ഉയരത്തില്‍, അതും ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ നീളമുള്ള പാലം. ഉദ്ദംപൂര്‍ - ശ്രീനഗര്‍ - ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമാണിത്. ഈ പാലമാണ് കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍പാത. വന്ദേഭാരത് ട്രെയിന്‍ ഈ എന്‍ജിനീയറിങ് വിസ്മയത്തിലൂടെ ഓടിത്തുടങ്ങിയതോടെ രാജ്യത്തിന്റെ അങ്ങേയറ്റമായ കശ്മീരിനെ ഇങ്ങേയറ്റമായ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിന്റെ അടയാളമായി മാറി ഈ പാലം.

1315 മീറ്ററാണ് നീളം, ഇടയില്‍ മറ്റ് സപ്പോര്‍ട്ടുകളൊന്നുമില്ലാതെ രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കമാനം, തീവ്രത എട്ടുവരെയുള്ള ഭൂമികുലുക്കങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്, മണിക്കൂറില്‍ 220കിലോമീറ്റര്‍ ആഞ്ഞടിക്കുന്ന കാറ്റിലും ഉലയില്ലെന്നതാണ് എന്‍ജിനീയര്‍മാരുടെ ഉറപ്പ്. മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയുമൂലം വലയുന്ന റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് ഒഴിവാക്കി ശ്രീനഗറിലേക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം… ഈ പാലത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്. അഭൂതപൂര്‍വമായ വെല്ലുവിളികളെ നേരിട്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

അസ്ഥിരമായ ഹിമാലയന്‍ പാറകളിലെ ചരിവുകള്‍, ഭൂമികുലുക്കത്തിനുള്ള സാധ്യത, ചെന്നെത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍.. മാധവി ലത ഓരോ കാര്യങ്ങളും ഓര്‍ത്തെടുത്തു. 2005ല്‍ ഈ പ്രദേശത്തേക്ക് എത്തുമ്പോള്‍ ആ മലഞ്ചെരുവുകളില്‍ മനുഷ്യര്‍ കാലുകുത്തിയിട്ടില്ലെന്ന് മാധവി ലത പറയുന്നു. ബോട്ടുകളില്‍ യാത്ര ചെയ്ത് ചീനാബ് കടന്ന് കുന്നുകയറി. ഏത് നിമിഷം വേണമെങ്കിലും മണ്ണിടിച്ചിലുണ്ടായി ഒലിച്ചുപോകാമെന്നതാണ് അവിടുത്തെ അവസ്ഥ.

ചീനാബ് റെയില്‍വേ പാലം നിര്‍മിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിച്ചത് മാധവി ലതയാണ്. 17 വര്‍ഷം പാലത്തിന്റെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചു. ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായ മാധവി ലതയാണ് പാലത്തിന്റെ ഫൗണ്ടേഷന്‍ സിസ്റ്റങ്ങളും സ്ലോപ്പ് സ്റ്റെബിലൈസേഷന്‍ സ്ട്രാറ്റര്‍ജിയും രൂപകല്‍പന ചെയ്തത്. പാറയിലെ ചരിവുകള്‍ സ്ഥിരപ്പെടുത്തുക എന്നത് ദുസ്വപ്‌നമായിരുന്നെന്നാണ് മാധവി ലത വിവരിക്കുന്നത്. ഏത് കണക്കുക്കൂട്ടലിലും ഭൂമികുലുക്കം, മണ്ണിടിച്ചില്‍, കഠിനമായ കാലാവസ്ഥ എന്നിവയെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ദിവസങ്ങളോളം ഉറക്കമില്ലാതെ, ഓഫീസില്‍ ചിലവഴിച്ച് പാലത്തിനായി മാത്രം ജീവിതം ഉഴിഞ്ഞ് വച്ചതിനെ കുറിച്ച് മാധവി ലതയ്ക്ക് പറയാന്‍ ഏറെയുണ്ട്.

ആന്ധ്രപ്രദേശിലെ യദുഗുണ്ടലപാഡു എന്ന ചെറുഗ്രാമത്തില്‍ അതിദാരിദ്ര്യത്തിലാണ് മാധവി ലത ജീവിച്ചത്. പത്തു വയസുള്ളപ്പോള്‍ കര്‍ഷകനായ പിതാവിന് സാമ്പത്തിക നഷ്ടമുണ്ടായതും വീട്ടിലെ സ്റ്റൗ കത്തിക്കാന്‍ മണ്ണെണ്ണയില്ലാതെ കരയുന്ന അമ്മയെയും കുറിച്ച് മാധവി ലത ഓര്‍ക്കുന്നു. അന്ന് തന്റെ നോട്ടുബുക്കുകള്‍ നാല്‍പത് പൈസക്ക് വിറ്റിട്ടാണ് മണ്ണെണ്ണ വാങ്ങിയതെന്നും ലത പറയുന്നു. തന്റെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യ എന്‍ജിനീയറാണവര്‍. ഹായ് എന്നാല്‍ എന്താണെന്ന് പോലും അറിയാത്ത വിദ്യാര്‍ത്ഥിനി. ഹോസ്റ്റല്‍ ലൈഫില്‍ അന്യഗ്രഹത്തില്‍ പോയ അവസ്ഥയായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജി യൂണിവേഴ്‌സിറ്റി കാക്കിനാഡയിലെ പഠിത്തം ഉപേക്ഷിച്ച് വീട്ടിലെത്തി. എന്നാല്‍ മുത്തശ്ശിയുടെ പിന്തുണയാണ് ലതയെ മുന്നോട്ടു നടത്തിയത്.

വലിയ കാര്യങ്ങള്‍ നിനക്ക് ചെയ്യാനുണ്ടെന്ന് മുത്തശ്ശി ഓര്‍മിപ്പിക്കുമായിരുന്നു. പിന്നീട് അങ്ങോട്ട് വലിയ ഓരോ കടമ്പകള്‍ കടന്നു. പിഎച്ച്ഡിക്ക് ശേഷം ഭര്‍ത്താവിനും കുഞ്ഞുമകള്‍ക്കുമൊപ്പം ചെറിയ ഒരു വീട്ടിലായിരുന്നു താമസം. 3200 രൂപയുടെ സ്‌കോളര്‍ഷിപ്പായിരുന്നു ആശ്വാസം. രണ്ട് സൈക്കിളുണ്ട്, ഒരു പായ, പിന്നെ കൈനിറയെ പുസ്തകങ്ങള്‍.. അവിടുന്നു ഗുവാഹത്തി ഐഐടിയിലേക്ക്.. ഭര്‍ത്താവ് 3000 കിലോമീറ്റര്‍ അകലെ ബെംഗളുരുവില്‍ ജോലി നോക്കുമ്പോള്‍ 80കാരിയായ മുത്തശ്ശിക്കും ഒരു വയസുള്ള മകള്‍ക്കുമൊപ്പം ലത ഗുവാഹത്തിയില്‍. പുലര്‍ച്ചെ നാലു മണിക്ക് മകളെ വേലക്കാരിയെ ഏല്‍പ്പിച്ച് ഫ്‌ളൈറ്റ് പിടിച്ച് പ്രസന്റേഷന്‍ അവതരിപ്പിക്കാന്‍ പോവുകയും പാതിരാത്രികളില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പക്കാരോട് മാലതി ലതയ്ക്ക് പറയാന്‍ ഒന്നേയുള്ളു ഒരിക്കലും ആഗ്രഹങ്ങളെ ഉപേക്ഷിക്കരുത്. ശ്രദ്ധയും സ്ഥിരോത്സാഹവും അസാധ്യമായതിനെ നേട്ടങ്ങളാക്കി മാറ്റും. താന്‍ മേല്‍നോട്ടം വഹിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം കാണുമ്പോള്‍ ഒരു ചെരുപ്പുപോലും ഇടാനില്ലായിരുന്ന ഒരു കുട്ടിയില്‍ നിന്നും ആഗോള എന്‍ജിനീയറിങ് വിസ്മയത്തിന്റെ ഭാഗമായ ആ യാത്രയാണ് യഥാര്‍ത്ഥ ഉയര്‍ച്ച എന്നാണ് മാധവി ലത പറയുന്നത്.

Content Highlights: Madhavi Latha, the engineer behind the engineerting Marvel Chenab Rail Bridge about her life

To advertise here,contact us