തിരുവനന്തപുരം അദാനി വിമാനത്താവളത്തില്‍ നിന്ന് യാത്ര പോയാല്‍ പോക്കറ്റ് കീറും

2025ല്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് യാത്രക്കാരില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 383.26 കോടി രൂപ പിരിച്ചെടുത്തു

അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 2025ല്‍ യൂസര്‍ ഫീയായി പിരിച്ചെടുത്തത് 383 കോടി രൂപ. വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരന് ടിക്കറ്റിനൊപ്പം നല്‍കേണ്ട തുകയാണിത്. ആഭ്യന്തര യാത്രക്കാരന്‍ വിമാനം കയറുന്നതിന് 770 രൂപയും വിമാനം ഇറങ്ങുന്നതിന് 330 രൂപയും നല്‍കണം. അതേസമയം രാജ്യാന്തര യാത്രക്കാര്‍ക്ക് 1,540 രൂപയും 660 രൂപയുമാണ് ഈടാക്കുന്നത്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2025 ല്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് യാത്രക്കാരില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 383.26 കോടി രൂപ പിരിച്ചെടുത്തു. ഇത് രാജ്യത്തെ അടുത്തിടെ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആറ് വിമാനത്താവളങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കേരളത്തിലെ മറ്റ് മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ക്കൊപ്പം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും ഈടാക്കുന്ന ഉപയോക്തൃ ഫീസ് കണക്കിലെടുക്കുമ്പോള്‍, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. കൊച്ചിയിലാണ് ഏറ്റവും കുറവ്.

2025-ല്‍ രാജ്യത്തെ മറ്റ് അഞ്ച് സ്വകാര്യവല്‍ക്കരിക്കപ്പെട്ട വിമാനത്താവളങ്ങള്‍ യാത്രക്കാരില്‍ നിന്ന് പിരിച്ച മൊത്തം യൂസര്‍ ഫീ അഹമ്മദാബാദ് (345.31 കോടി രൂപ), ജയ്പൂര്‍ (295.62 കോടി രൂപ), ലഖ്നൗ (260.59 കോടി രൂപ), ഗുവാഹത്തി (208.17 കോടി രൂപ), മംഗളൂരു (111.58 കോടി രൂപ) എന്നിങ്ങനെയാണ്. തിരുവനന്തപുരത്തേക്കാള്‍ കുറവാണ് ഇതെല്ലാം. കേരളത്തില്‍, ഏറ്റവും കുറഞ്ഞ യൂസര്‍ ഫീ ഈടാക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു ആഭ്യന്തര യാത്രക്കാരന് 270 രൂപയും ഒരു രാജ്യാന്തര യാത്രക്കാരന് 570 രൂപയുമാണ് ആണ് ഈടാക്കുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഫീസ് നിരക്കും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.

2008-ലെ എഇആര്‍എ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എയര്‍പോര്‍ട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (AERA) ആണ് എല്ലാ വിമാനത്താവളങ്ങളിലും യൂസര്‍ ഫീ ഉള്‍പ്പെടെ എയറോനോട്ടിക്കല്‍ ചാര്‍ജുകള്‍ നിര്‍ണയിക്കുന്നത്. എയറോനോട്ടിക്കല്‍ ആസ്തികള്‍ക്കുള്ള നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം, പ്രവര്‍ത്തന ചെലവ്, മൂല്യത്തകര്‍ച്ച, നികുതി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത് നിര്‍ണയിക്കുക.

അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്തോടെ വിമാനത്താവളത്തിന്റെ വരുമാനം കുറഞ്ഞെന്ന് രാജ്യാന്തര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതോടെയാണ് യൂസര്‍ ഫീ 50 ശതമാനത്തോളം വര്‍ധിപ്പിച്ചത്. യൂസര്‍ ഫീ കൂട്ടണമെന്ന അദാനിയുടെ ആവശ്യം 2024ല്‍ എഇആര്‍എ അംഗീകരിച്ചു.

Content Highlights: Adani-controlled Thiruvananthapuram airport collects record ₹383 crore user fee from passengers in 2025

To advertise here,contact us