ബ്രിട്ടനിലെ എല്ലാ ആമസോണ് ഫ്രഷ് സ്റ്റോറുകളും അടച്ചു പൂട്ടാനൊരുങ്ങി ആമസോണ്. നാല് വര്ഷം മുമ്പാണ് ആമസോണ് ബ്രിട്ടനിലെ ആദ്യത്തെ ഫ്രഷ് സ്റ്റോര് ആരംഭിച്ചത്. ക്യാഷര് ഇല്ലാത്ത സാധനങ്ങള് സ്വയം തിരഞ്ഞെടുക്കാനും പായ്ക്ക് ചെയ്യാനും സ്വന്തമായി പണം അടയ്ക്കാനും കഴിയുന്ന ടില് സ്റ്റോറുകള്ക്ക് ജനപ്രിയത നേടാന് കഴിയാതെ വന്നതോടെയാണ് 19 ആമസോണ് ഫ്രഷ് സ്റ്റോറുകളും പൂട്ടാന് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതില് അഞ്ചെണ്ണം ഹോള് ഫുഡ്സ് ഔട്ട്ലെറ്റുകളായി മാറും. 2017ല് ആമസോണ് വാങ്ങിയ യുഎസ് ഓര്ഗാനിക് ഗ്രോസറി ശൃംഖലയാണ് ഹോള് ഫുഡ്സ് മാര്ക്കറ്റ്.
പടിഞ്ഞാറന് ലണ്ടനിലെ ഈലിംഗിലാണ് 2021ല് ആമസോണ് അവരുടെ ആദ്യത്തെ ഫ്രഷ് സ്റ്റോര് ആരംഭിച്ചത്. ടില് ഷോപ്പ് എന്ന നിലയിലായിരുന്നു ആമസോണ് ഫ്രഷ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ഉപഭോക്താക്കള്ക്ക് ഒരു ആപ്പ് ഉപയോഗിച്ച് സ്റ്റോറില് പ്രവേശിക്കാന് കഴിയുകയും അവര് പോകുമ്പോള് പണം ഈടാക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ആമസോണ് ഫ്രഷില് ഉണ്ടായിരുന്നത്. ക്യാഷര് ഇല്ലാത്ത ഈ ഷോപ്പില് ഉപഭോക്താക്കൾ സ്വന്തം നിലയില് സാധാനങ്ങള് തിരഞ്ഞെടുക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്ന സംവിധാനമായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ഇവിടെ നിന്ന് ഏതൊക്കെ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള് എടുക്കുന്നതെന്ന് നിരീക്ഷിക്കാൻ വളരെ സെന്സിറ്റീവ് ആയ നിരവധി ക്യാമറകളും സെന്സറുകളും ഷോപ്പില് ഉപയോഗിച്ചിരുന്നു.
കൊവിഡാനന്തര സാഹചര്യം ആമസോണിന്റെ ഈ ആശയത്തിന് തടസ്സമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ഭീതി കുറഞ്ഞ സാഹചര്യത്തില് കോണ്ടാക്ട്ലെസ് ഷോപ്പിംഗ് എന്ന രീതിയ്ക്ക് മാറ്റം വന്നതാണ് ആമസോണ് ഫ്രഷിന് തിരിച്ചടിയായത്. കൂടാതെ ടെസ്കോ, സെയിന്സ്ബറി എന്നിവ പോലുള്ള കമ്പനികള് ഉയര്ത്തിയ മത്സരങ്ങളെ അതിജീവിക്കാനും ആമസോണ് ഫ്രഷിന് സാധിച്ചില്ല.
അടച്ചുപൂട്ടല് എത്ര ജീവനക്കാരെ ബാധിക്കുമെന്ന് ആമസോണ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല് തൊഴിലാളികളെ മറ്റ് മേഖലകളില് പുനര്നിയമിക്കാനുള്ള പദ്ധതികള് ആലോചിക്കുന്നുണ്ടെന്നാണ് ആമസോണ് വ്യക്തമാക്കിയിരിക്കുന്നത്. ഗ്രോസറി വിപണിയുമായി ബന്ധപ്പെട്ട് വലിയൊരു പരിഷ്കരണത്തിന് ആമസോണ് ഒരുങ്ങുന്നതിനിടയിലാണ് ആമസോണ് ഫ്രഷ് പൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ഉയര്ന്ന നിലവാരത്തിലുള്ള പ്രകൃതിദത്ത ജൈവ ഗ്രോസറി ഉത്പന്നങ്ങളുടെ വില്പ്പന ലക്ഷ്യമിട്ടുള്ള ഹോള് ഫുഡ്സ് ബിസിനസില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനും ആമസോണ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്ട്ട്.
13.7 ബില്യണ് ഡോളറിനായിരുന്നു ആമസോണ് ഹോള് ഫുഡ്സ് ഏറ്റെടുത്തത്. എന്നാല് അടുത്തകാലത്തായി ആമസോണ് ബ്രാന്ഡിന്മേല് കൂടുതല് നിയന്ത്രണം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്. നേരത്തെ ആമസോണ് അതിന്റെ കോര്പ്പറേറ്റ് സ്റ്റാഫ് പ്രോഗ്രാമുകള്, ശമ്പള ഘടനയും ആനുകൂല്യങ്ങളും ഉള്പ്പെടെയുള്ളവ ഹോള് ഫുഡ്സിലെ ജീവനക്കാര്ക്ക് കൂടി ലഭ്യമാക്കിയിരുന്നു.ഹോള് ഫുഡ്സിനെ ആമസോണ് ഗ്രൂപ്പുമായി കൂടുതല് അടുപ്പിക്കുന്നതിനായി രൂപകല്പ്പന ചെയ്ത ഒരു നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
മോറിസണ്സ്, ഐസ്ലാന്ഡ്, കോ-ഓപ്പ്, ഗോപഫ് എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ യുകെയിലെ പ്രൈം സബ്സ്ക്രിപ്ഷന് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കാന് പദ്ധതിയിടുന്നതായും ആമസോണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ ഔട്ട്ലെറ്റുകളില് ഹോള് ഫുഡ്സിന്റെ കുറഞ്ഞത് മൂന്ന് ഗ്രോസറി സാധനങ്ങളെങ്കിലും ലഭ്യമാക്കുന്ന വിധത്തിലാണ് ഈ സഹകരണമെന്നാണ് റിപ്പോര്ട്ടുകള്.
അടുത്ത വര്ഷം മുതല് ആമസോണ് വെബ്സൈറ്റില് നിന്ന് പാല്, മാംസം, സമുദ്രവിഭവങ്ങള് എന്നിവയുള്പ്പെടെയുള്ള പുതിയ ഗ്രോസറി സാധനങ്ങള് ഉപയോക്താക്കള്ക്ക് വാങ്ങാന് കഴിയുമെന്ന് ആമസോണ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ആമസോണിന്റെ ഗ്രോസറി ബിസിനസ്സിന് ഇപ്പോള് ബ്രിട്ടനില് കൂടുതല് കര്ശനമായ പരിശോധനകള്ക്ക്വിധേയമാകേണ്ടി വരുന്നുണ്ട്. വിതരണക്കാര്ക്ക് കൃത്യസമയത്ത് പണം നല്കുന്നതില് ആമസോണ് പരാജയപ്പെട്ടുവെന്ന ആരോപണത്തെ തുടര്ന്ന് കഴിഞ്ഞ ജൂണില് വ്യവസായ നിരീക്ഷണ ഏജന്സിയായ ഗ്രോസറീസ് കോഡ് അഡ്ജുഡിക്കേറ്റര് (ജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Amazon is preparing to shut down all of its Amazon Fresh stores in the UK