ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഗതാഗതമാര്‍ഗമാണ് ട്രെയിന്‍. ട്രെയിന്മാര്ഗമുളള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആളുകള്‍ക്ക് സുഖകരമായി യാത്ര ചെയ്യാം എന്നുള്ളതാണ്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും, ചലന പ്രശ്നങ്ങളോ കാല് വേദനയോ ഉള്ളവര്‍ക്കും മറ്റും. ഇത്തരം ബുദ്ധിമുട്ടികള്‍ ഉള്ളവര്‍ക്ക് അപ്പര്‍ ബെര്‍ത്തില്‍ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് യാത്രാ സമയത്ത് ലോവര്‍ ബെര്‍ത്ത് ലഭിക്കുന്നത് യാത്ര കൂടുതല്‍ സുഖകരമാക്കും. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ഒരു പ്രത്യേക ലോവര്‍ ബെര്‍ത്ത് ക്വാട്ട നല്കുന്നു. ടിക്കറ്റ് ബുക്കിംഗ് സമയത്ത് ശരിയായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നത് ലോവര്‍ ബെര്‍ത്ത് ലഭിക്കാനുളള സാധ്യത മെച്ചപ്പെടുത്തും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സമയം ലാഭിക്കാനായി IRCTC യാത്രക്കാരുടെ ഒരു മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ വിവരങ്ങള്‍ നല്കുമ്പോള് അവിടെ ' ബെര്‍ത്ത് പ്രിഫറന്‍സ്' എന്ന വിഭാഗം കാണാന്‍ കഴിയും. ലോവര്‍, മിഡില്‍, അപ്പര്‍, സൈഡ് ലോവര്‍, സൈഡ് അപ്പര്‍ എന്നിവയാണ് ഓപ്ഷനുകള്‍.
പ്രായമായ യാത്രക്കാര്‍ക്കോ എളുപ്പത്തില്‍ ആക്സസ് ആവശ്യമുള്ളവര്‍ക്കോ വേണ്ടിയാണ് ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ 'ലോവര്‍ ബെര്‍ത്ത്' തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. ഇത് അലോട്ട്മെന്റ് ഉറപ്പുനല്‍കുന്നില്ലെങ്കിലും സീറ്റ് അലോക്കേഷന് സമയത്ത് റെയില്‍വേ സിസ്റ്റം മുന്‍ഗണന നല്‍കാറുണ്ട്.
ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷനുകളില്‍ ഒന്നാണ് 'ലോവര്‍ ബെര്‍ത്ത്/സീനിയര്‍ സിറ്റിസണ്‍' ക്വാട്ട. ജനറല്‍ ക്വാട്ട തിരഞ്ഞെടുക്കുന്നതിന് പകരം, ബുക്കിംഗ് സമയത്ത് ഈ ഓപ്ഷന് തിരഞ്ഞെടുക്കുക. ഇന്ത്യന്‍ റെയില്‍വേ നിയമപ്രകാരം, 60 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ഈ വിഭാഗത്തില്‍ മുന്‍ഗണന നല്കുന്നു.
ഒരു ടിക്കറ്റില്‍ രണ്ടോ അതില്‍ കുറവോ യോഗ്യരായ മുതിര്‍ന്ന പൗരന്മാര് ഉള്ളപ്പോള്‍ ലോവര്‍ ബെര്‍ത്ത്/സീനിയര്‍ സിറ്റിസണ്‍ ക്വാട്ട ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നോ നാലോ യാത്രക്കാര്‍ ഒരുമിച്ച് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ സിസ്റ്റം, ബുക്കിംഗ് ജനറല്‍ ക്വാട്ടയിലേക്ക് മാറ്റിയേക്കാം. ലോവര്‍ ബെര്‍ത്ത് ലഭിക്കാനുള്ള മികച്ച അവസരങ്ങള്‍ക്കായി കൃത്യ സമയത്ത് യോഗ്യരായ മുതിര്‍ന്ന പൗരന്മാരുട ടിക്കറ്റുകള്‍ പ്രത്യേകം ബുക്ക് ചെയ്യുന്ന രീതി പരിഗണിക്കാവുന്നതാണ്.
'Other priorities' എന്ന വിഭാഗത്തിന് കീഴില്‍, കുറഞ്ഞത് ഒരു ലോവര്‍ ബെര്ത്തെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കില്‍ മാത്രം ബുക്കിംഗ് അനുവദിക്കുന്ന ഒരു ഓപ്ഷന് IRCTC നല്‍കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍, ഗ്രൂപ്പിലെ കുറഞ്ഞത് ഒരു യാത്രക്കാരന് ലോവര്‍ ബെര്ത്തെങ്കിലും ലഭ്യമാകുമ്പോള്‍ മാത്രമേ ബുക്കിംഗ് തുടരുകയുള്ളൂ. അല്ലെങ്കില്‍, റിസര്‍വേഷന്‍ പൂര്‍ത്തിയാകില്ല.
Content Highlights : There are some simple ways to get a lower berth when booking a train ticket.