ട്രെയിനിൽ യാത്ര ചെയ്യുന്നവരായിരിക്കും നമ്മളെല്ലാവരും. ദൂരയാത്രയാകട്ടെ, ഹൃസ്വദൂരയാത്രയാകട്ടെ ഭൂരിഭാഗം ആളുകൾക്കും ട്രെയിൻ സൗകര്യപ്രദമായ, ആസ്വാദ്യകരമായ മാർഗമാണ്. എന്നാൽ പലപ്പോഴും ട്രെയിനിൽ സുരക്ഷ എത്രത്തോളം എന്നതിൽ ചർച്ചകൾ ഉണ്ടാകാറുണ്ട്. മോഷണവും സ്ത്രീകൾക്കെതിരായ അക്രമവുമെല്ലാം ട്രെയിനുകളിൽ പതിവാണ്. എന്നാൽ ഇതിനെല്ലാം ഒരു പരിധി വരെ തടയിടാൻ നടപടി സ്വീകരിച്ചിരിക്കുകയാണ് റെയില്വേ. രാജ്യത്തെ ട്രെയിനുകളിലെ 11,535 കോച്ചുകളിൽ സിസിടിവി കാമറകൾ റെയിൽവേ സ്ഥാപിച്ചുകഴിഞ്ഞു.
ഓഗസ്റ്റ് ആറിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റേൺ റെയിൽവേ സോണിലാണ് കൂടുതൽ കോച്ചുകളിൽ കാമറകളും സ്ഥാപിച്ചിട്ടുള്ളത്. 1679 കോച്ചുകൾ. സെൻട്രൽ റെയിൽവേ, സതേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, നോർത്തേൺ റെയിൽവേ എന്നിവരാണ് പിന്നിൽ.
74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കയറാനും ഇറങ്ങാനുമുള്ള ഡോറിന്റെ ഭാഗത്തായി നാല് സിസിടിവി കാമറകളാണ് ഒരു കോച്ചിൽ ഉണ്ടാകുക. ഒരു എൻജിനിൽ ആറ് കാമറകൾ ഉണ്ടായിരിക്കും. നൂറ് കിലോമീറ്റർ വേഗതയിൽ പോയാൽപോലും കൃത്യമായ ദൃശ്യങ്ങൾ കാമറയിൽ പതിയും. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാതെ പദ്ധതി നടപ്പിലാക്കുകയാണ് റെയിൽവെയുടെ ലക്ഷ്യം.
Content Highlights: Indian railways installs cctv cameras in trains