ഈ സ്വഭാവഗുണങ്ങള്‍ ഉള്ളവരാണോ? എന്നാല്‍ നിങ്ങള്‍ വ്യത്യസ്തരാണ്

വളരെ അപൂര്‍വമായി മാത്രം ചിലര്‍ക്കുള്ള ചില ഗുണങ്ങളുണ്ട്. അതവരെ വ്യത്യസ്തരാക്കുന്നു

ഒരാളെ മറ്റൊരാളില്‍നിന്ന് വ്യത്യസ്തനാക്കുന്നത് അയാളുടെ സ്വഭാവവും ചിന്തകളും പ്രവൃത്തികളുമാണ്. സ്വാര്‍ത്ഥതയും മത്സരബുദ്ധിയും നിറഞ്ഞ ഈ ലോകത്ത് ചിലതരം ആളുകള്‍ വ്യത്യസ്തരായി നില്‍ക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ പല സവിശേഷതകള്‍കൊണ്ട് വേറിട്ട് നില്‍ക്കുന്നു. നിങ്ങളിലാരെങ്കിലും ഈ സ്വഭാവങ്ങളുള്ളവരാണോ എന്ന് നോക്കൂ…

വൈകാരികമായ ബുദ്ധിശക്തി

ഉയര്‍ന്ന വൈകാരിക ബുദ്ധിയുള്ള ആളുകള്‍ക്ക് മറ്റുള്ളവരുടെ മനസില്‍ എന്ത് തോന്നുന്നു എന്ന് മാത്രമല്ല എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചിന്തിച്ചതെന്നുകൂടി മനസിലാകും. അവര്‍ക്ക് സഹാനുഭൂതി കാണിക്കാനും സംയമനം പാലിച്ച് പ്രതികരിക്കാനും ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകാനും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയും.

അഹങ്കാരമില്ലാത്ത ആത്മവിശ്വാസം

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണങ്ങളില്‍ പറയുന്നത് ആത്മവിശ്വാസം ഉള്ള ആളുകള്‍ കൂടുതല്‍ കഴിവുള്ളവരും വിശ്വസിക്കാവുന്നവരുമാണെന്നാണ്. എന്നാല്‍ ആത്മവിശ്വാസത്തോടൊപ്പം അഹങ്കാരമില്ലാത്തവരായിരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. വിനയവും ആത്മവിശ്വാസവും കൂടിചേരുമ്പോള്‍ മാത്രമേ ഒരാള്‍ ശ്രേഷ്ഠനായ വ്യക്തിയാവുകയുള്ളൂ.

അതിരുകള്‍ സൂക്ഷിക്കുന്നവരായിരിക്കും

നിങ്ങള്‍ക്ക് നോ പറയാന്‍ കഴിവുണ്ടോ? നിങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്ക് പോലും അതിരുകള്‍ കാത്തുസൂക്ഷിക്കുന്നവരാണോ? മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നത് ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിക്കുന്ന ആളുകള്‍ അവരുടെ സമയത്തിനും ഊര്‍ജ്ജത്തിനും വിലകല്‍പ്പിക്കുന്നവരാണെന്നാണ്. നോ പറയുന്നത് സ്വാര്‍ഥതയുടെ ഭാഗമല്ല പകരം സ്വയം സംരക്ഷണംകൂടിയാണ്.

സമ്മര്‍ദ്ദമുളളപ്പോഴും ശാന്തരായിരിക്കാന്‍ കഴിയുന്നുണ്ടോ

സമ്മര്‍ദ്ദവും വിഷമവും ഉള്ള ഘട്ടങ്ങളില്‍ പോലും സംയമനം പാലിക്കുന്ന സ്വഭാവമുള്ളവര്‍ വൈകാരിക പക്വതയുളളവരാണ്. ഇങ്ങനെയുള്ളവര്‍ മറ്റുളളവര്‍ക്കും സുരക്ഷിതത്വബോധം നല്‍കുന്നു. നിങ്ങള്‍ വിശ്വസ്തരാണെന്ന് കാണിക്കുന്ന സൂചന കൂടിയാണിത്.

ലക്ഷ്യബോധം

ശക്തമായ ലക്ഷ്യബോധമുളള ആളുകള്‍ വ്യക്തതയും ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കും. അതുകൊണ്ട് അവര്‍ക്ക് ജീവിത സംതൃപ്തിയും സ്ഥിരതയും ഉണ്ടായിരിക്കും.

സഹാനുഭൂതിയും അനുകമ്പയും

സഹാനുഭൂതിയുളള സ്വഭാവമുളളവര്‍ ആഴത്തിലുള്ള വിശ്വാസം വളര്‍ത്തുന്നവരാണ്. സഹാനുഭൂതിയുള്ള ആളുകള്‍ക്ക് മികച്ച ബന്ധങ്ങളും നേതൃത്വവിജയവും ഉണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

സ്ഥിരതയുള്ളവരായിരിക്കും

ചാഞ്ചാട്ടമില്ലാതെ സ്ഥിരതയുള്ള സ്വഭാവമുളളവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണ്. സ്ഥിരതയുളള പെരുമാറ്റമുള്ളവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍ മാത്രമല്ല വൈകാരികമായ സുരക്ഷ നല്‍കുന്നവരുമായിരിക്കും. ഇങ്ങനെയുള്ള പങ്കാളികളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത്.

താന്‍ ആരാണെന്ന് സ്വയം ബോധമുളളവരായിരിക്കും

നിങ്ങള്‍ ആരെന്നും അല്ലെന്നും അറിയുക എന്നതാണ് ഉയര്‍ന്ന മൂല്യമുളളവരുടെ പെരുമാറ്റത്തിന്റെ അടിത്തറ. സ്വയം അവബോധമുള്ള ആളുകള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതിലും തെറ്റുകള്‍ ഒഴിവാക്കുന്നതിലും മികച്ചവരാണ്.

Content Highlights :Do you have these characteristics?; But you are different.

To advertise here,contact us