ഭർത്താവ് തന്നെ വഞ്ചിച്ച് മറ്റ് സ്ത്രീകൾക്കൊപ്പം പോകുന്നത് അവസാനിപ്പിക്കുമന്ന പ്രതീക്ഷയിൽ മുഖത്തെ ചുളിവുകൾ മാറാൻ ചികിത്സ തേടിയ 58കാരിക്ക് നഷ്ടമായത് വൻതുക. ചെറുമകന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെ ഏകദേശം 8600 ഡോളറാണ് ഇവർക്ക് നഷ്ടമായത്. ഇവരുടെ റെസിഡൻഷ്യൽ കോംപ്ലക്സിലുള്ള തെറാപ്പി സെന്ററിന്റെ ഉടമയാണ് ഒരു പ്ലാസ്റ്റിക്ക് സർജറി ക്ലിനിക്കിലേക്ക് ഇവരെ കൂട്ടിക്കൊണ്ട് പോയത്. പക്ഷേ പറ്റിക്കപ്പെടുകയാണ് ഉണ്ടായത്.
പ്ലാസ്റ്റിക്ക് സർജറി ക്ലിനിക്കിലെ സർജൻ ഇവരുടെ മുഖത്ത് ഒരുപാട് ചുളിവുകളുണ്ടെന്നും ഇത് നിർഭാഗ്യം കൊണ്ടുവരുമെന്നും 58കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. താനും ഈ അവസ്ഥയിലൂടെ കടന്നുവന്ന വ്യക്തിയാണെന്നും സർജൻ ഇവരോട് പറഞ്ഞു. കണ്ണിനു ചുറ്റുമുള്ള ചുളുവുകൾ ഭർത്താവ് അവരെ വഞ്ചിക്കുന്നതിന്റെ സൂചനയാണെന്നുവരെ സർജൻ ഇവരോട് പറഞ്ഞതോടെ ഇവർ ആകെ വിഷമത്തിലായി. ഭർത്താവിന് നല്ലത് വരാനും ശീലങ്ങളൊക്കെ മാറാനും ഈ ചുളിവുകൾ ഇല്ലാതാക്കാൻ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല ഇത്തരം ചുളിവുകൾ മാറിയാൽ മക്കൾക്കും നല്ലകാലം വരുമെന്നൊരു വിശ്വാസം 58കാരിക്കുണ്ടായെന്ന് സൗത്ത് ചൈന പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
കേൾക്കേണ്ട താമസം ഓൺലൈനായി ക്ലിനിക്കൽ സ്റ്റാഫിന്റെ ഫോണിലേക്ക് വലിയൊരു തുക ഇവ അയച്ചു നൽകി. ക്ലിനിക്കിൽ നിന്നും ചികിത്സ തേടിയ ശേഷം ഇവർക്ക് തലവേദന അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായതോടെ മക്കൾ ശ്രദ്ധിച്ചു. ഓക്കാനം അടക്കമുള്ള ബുദ്ധിമുട്ട് നേരിട്ട ഇവർക്ക് മുഴുവനായി വായ തുറക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി. സിംഗിൽ സിറ്റിങ്ങിൽ പത്തോളം പ്രൊസീജ്യറാണ് ഇവർക്ക് ചെയ്തത്. മുഖത്തേക്ക് കുത്തിവച്ചത് ഹയലുറോണിക് ആസിഡ് ഫില്ലറുകളാണ്. ഇതോടെ പണം റീഫണ്ട് ചെയ്യണമെന്ന് ക്ലിനിക്കിനോട് ഇവരുടെ മകൾ ആവശ്യപ്പെട്ടെങ്കിലും നിയമനടപടി നേരിട്ടോളാം എന്നാണ് അവർ മറുപടി നൽകിയത്.
പലരും ചൈനക്കാരുടെ അന്ധവിശ്വാസങ്ങളെ മുതലെടുത്ത് ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്ലിനിക്കിന്റെ ചികിത്സ മികച്ചതല്ലെന്നും 58കാരിയുടെ മുഖത്ത് ഇപ്പോഴും ചുളിവുകളുണ്ടെന്നും അയൽവാസികളടക്കം പറയുന്നു.
Content Highlights: Grandma spends 8600 dollars including grandson's tuition fee to remove wrinkles