തോന്നിയ സമയത്ത് ഭക്ഷണം കഴിക്കല്ലേ...പ്രമേഹവും, ഫാറ്റി ലിവറും, ശരീരഭാരവും ഒക്കെ കൂടെക്കൂടും

ഭക്ഷണം കഴിക്കുന്ന സമയം രക്തത്തിലെ പഞ്ചസാരയുടെ അളവ്, കരളിന്റെ പ്രവര്‍ത്തനം,ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാം.

എല്ലാവരും അവരവരുടെ സൗകര്യത്തിന് അനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ചിലര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കും, മറ്റുചിലര്‍ ഉച്ച ഭക്ഷണം തിരക്കിട്ട് കഴിച്ചെന്ന് വരുത്തും ഇനിയും ചിലരോ രാത്രിഭക്ഷണം വളരെ വൈകിയായിരിക്കും കഴിക്കുന്നത്. ഇങ്ങനെ സമയനിഷ്ടയില്ലാത്ത ഭക്ഷണക്രമം ശരീരത്തിലെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു, രക്തത്തിലെ പഞ്ചസാരയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു, കരള്‍ അമിതമായി പ്രവര്‍ത്തിക്കാനിടയാക്കുന്നു, വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കൂടുന്നു.

എപ്പോള്‍ കഴിക്കുന്നു എങ്ങനെ കഴിക്കുന്നു

'മിക്ക ആളുകളും അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നത് ഉപാപചയ ആരോഗ്യത്തിന് നിര്‍ണായകമാണ്. നമ്മുടെ ശരീരം ഒരു സ്വാഭാവിക സര്‍ക്കാഡിയന്‍ താളമാണ് പിന്തുടരുന്നത്. ക്രമരഹിതമായ ഭക്ഷണ സമയം (രാത്രി വൈകിയുള്ള അത്താഴം അല്ലെങ്കില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പോലുള്ളവ) ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാക്കുകയും ചെയ്യും. കാലക്രമേണ, ഇത് പ്രീ ഡയബറ്റിസ്, ഫാറ്റി ലിവര്‍, അനാവശ്യ ശരീരഭാരം എന്നിവ പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാകുന്നത് അമിതമായി പഞ്ചസാര കഴിച്ചതുകൊണ്ട് മാത്രമല്ല. മറിച്ച് ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ടുകൂടിയാണ്. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് കുഴപ്പമില്ലാത്ത കാര്യമാണെന്ന് തോന്നിയേക്കാം പക്ഷേ പിന്നീട് അടുത്ത നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടാനിടയാക്കുന്നു. വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് രാത്രി പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശരീരം അമിതമായി പാടുപെടുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസ് പ്രസിദ്ധീകരിച്ച ഒരു ഗവേഷണം കാണിക്കുന്നത് നേരത്തെ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് അളവ് കുറയ്ക്കുകയും ചെയ്യുന്നു എന്നാണ്.

കരളും ഭക്ഷണ സമയവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

കരള്‍ സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം വൈകിയാണ് ശരീരം നമ്മേ അറിയിക്കുന്നത്.പക്ഷേ കരള്‍ നമ്മുടെ പാറ്റേണുകളുമായി പൊരുത്തപ്പെടുന്നു. ക്രമരഹിതമായ ഭക്ഷണം, പ്രത്യേകിച്ച് രാത്രി വൈകിയുള്ള ഭക്ഷണം, വിശ്രമം ആവശ്യമുള്ള സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കരളിനെ നിര്‍ബന്ധിതമാക്കുന്നു. കാലക്രമേണ, മദ്യം കഴിക്കാത്ത ആളുകളില്‍ പോലും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും.ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഫാറ്റിലിവര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നതിന് കാരണം ഇതാണ്.

കലോറി വര്‍ധിക്കാനിടയാകുന്നു

വൈകി ഭക്ഷണം കഴിക്കുന്നത് കലോറി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ആ കലോറികള്‍ ഉപയോഗിക്കുന്ന രീതിയും ഇത് മാറ്റുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പിന്തുണയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്, കലോറി ഉപഭോഗം തുല്യമാണെങ്കില്‍ പോലും, നേരത്തെ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വൈകി ഭക്ഷണം കഴിക്കുന്നവര്‍ കുറച്ച് കലോറി കത്തിക്കുകയും കൂടുതല്‍ കൊഴുപ്പ് സംഭരിക്കുകയും ചെയ്യുന്നു എന്നാണ്. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ട സമയക്രമം

  • ഉറക്കമുണര്‍ന്ന് 1-2 മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുക.
  • ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കാന്‍ ശീലിക്കുക.
  • ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം പൂര്‍ത്തിയാക്കുക.
  • രാത്രിയില്‍ ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ഒഴിവാക്കുക.

(ഏഷ്യന്‍ ഹോസ്പിറ്റലിന്റെ ഇന്റേണല്‍ മെഡിസിന്‍ അസോസിയേറ്റ് ഡയറക്ടറും മേധാവിയുമായ ഡോ. സുനില്‍ റാണ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്. )

Content Highlights : We know how the timing of meals affects blood sugar levels, liver function, and weight management.

To advertise here,contact us