നടൻ സലിം കുമാർ കേരളത്തിലെ ജാതീയതയെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. വാക്കുകൾക്ക് പിന്നിലെ ജാതീയ രാഷ്ട്രീയത്തെ കുറിച്ച് സലിം കുമാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പരാമർശമായിരുന്നു 'ജി സുധാകരൻ ചെയ്തത് ചെറ്റത്തരം ആണ്' എന്നത്. വർഷങ്ങൾക്ക് മുൻപേ ഒരു അഭിമുഖത്തിൽ ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകൾ മോശം കാര്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതിലെ പ്രശ്നത്തെ കുറിച്ച് അദ്ദേഹം തുറന്നുകാണിച്ചിരുന്നു.
'ചെറ്റ എന്ന് പറഞ്ഞാൽ യഥാർഥത്തിൽ എന്താണ്? പുലയൻ്റെ വീടിനെ ആണ് ചെറ്റ എന്നു പറയുന്നത്. അല്ലാതെ അത് മോശമായിട്ടുള്ള സ്ഥലമല്ല. 'ഏനെന്റെ ചെറ്റയിൽ പോണു' എന്നു പറഞ്ഞത് ഫ്ാ..ചെറ്റേ എന്നു മാറ്റി അധഃപതിച്ചവൻ എന്നാക്കി. പുലയൻ അത് അധഃപതിച്ചതായിട്ടല്ല കാണുന്നത്. എന്നാൽ ജാതിവാദികൾ അതിനെ അധപതിച്ച മോശമായ കാര്യമായി ചിത്രീകരിക്കുന്നതിൽ അവർ വിജയിച്ചു.
അതുപോലെ ചാത്തൻ എന്നാൽ അധഃകൃതന്റെ പണ്ഡിതൻ ആണ്. 'ചാത്തൻസ്' എന്നാൽ ഒരു പേരല്ല, ഡിഗ്രി ആണ്. എത്രയോ വിഷയങ്ങളിൽ പണ്ഡിതൻ ആയവരെയൊക്കെ സാക്ഷാൽ ശ്രീമാൻ ചാത്തൻസ് എന്നാണ് പറഞ്ഞിരുന്നത്. ചാത്തൻസ് എന്നത് ബഹുമാനപൂർവം വിളിക്കുന്ന പേരാണ്. അതിപ്പോൾ ഏറ്റവും മോശം സാധനത്തിന്റെ പേരാക്കി മാറ്റി. ഇപ്പോൾ മോശം സാധനങ്ങളെ 'ചാത്തൻ സാധനം' എന്ന് പറയാൻ തുടങ്ങിയിരിക്കുകയാണ്,' 2021ൽ മാധ്യമം ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ജാതിപ്പേര് വിളിക്കുന്നതിലെ പല അടരുകളെ കുറിച്ചും ഇതേ അഭിമുഖത്തിൽ സലിം കുമാർ സംസാരിച്ചിരുന്നു. 'എന്റെ നാട്ടിൽ എല്ലാവരും ജാതിപ്പേരാണ് വിളിക്കുന്നത്. എന്റെ അച്ഛന്റെ പേര് ഗംഗാധരൻ എന്നാണ്. അച്ഛനെ ഗംഗാധര ചൊവ്വൻ എന്നു വിളിക്കും. തൊട്ടപ്പുറത്തുള്ളത് വള്ളോൻ പുലയൻ, കാഞ്ചാൻ പുലയൻ, അരവിന്ദൻ അരയൻ, മുസ്ലിങ്ങളാണെങ്കിൽ ജോനാപ്ല, വടുക മാപ്ലയാണ് ക്രിസ്ത്യാനി. അതൊക്കെ ബഹുമാനപൂർവമാണ് പരസ്പരം വിളിക്കുന്നത്, അല്ലാതെ അവനെ കളിയാക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല.
എന്നോടു നാട്ടുകാര് ചോദിക്കുക 'നീ ഗംഗാധരൻ ചൊവ്വന്റെ മോനല്ലെടാ? എന്നാണ്. 'അതേ' എന്നു ഞാൻ അഭിമാനത്തോടെയാണ് പറയുന്നത്. ഇതിനൊരു മറുവശവുമുണ്ട്. എന്നാൽ ഉയർന്ന ജാതിയിലുള്ളവർ നായന്മാർ, നമ്പൂതിരിമാരൊക്കെ പുലയരെ ജാതിപ്പേര് വിളിക്കുന്നത് തകർക്കാൻ തന്നെയാണ്. അതിൽ നമ്മൾ തകരാതിരുന്നാൽ മതി. ചില രാഷ്ട്രീയക്കാർ അടക്കം ഇന്നും അത് ഉപയോഗിക്കുന്നുണ്ട്. ഒരുത്തൻ ഉയർന്നുവന്നാൽ അവനെ അടച്ചാക്ഷേപിക്കുക. അവർ അത് അങ്ങനെ ജാതീയമായി തന്നെ ഉപയോഗിക്കുന്നുണ്ട്.
ആഫ്രിക്കയിൽ ഒരുവിഭാഗം ആദിവാസി സമൂഹമുണ്ട്. അവർക്ക് മരം വെട്ടാൻ പാടില്ല. അതേസമയം അവർക്ക് മരം ആവശ്യവുമുണ്ട്. അവർ അതുകൊണ്ട് മരത്തിന്റെ അടുത്തു പോയി മരത്തിനെ തെറി പറയും. ഒരു കൂട്ടമായി ചെന്നിട്ടാണ് തെറി പറയുക. ഒരു ഗാങ് പോയിക്കഴിഞ്ഞാൽ അടുത്ത ഗാങ് പോകും. അങ്ങനെ തെറിയോട് തെറി. ഇങ്ങനെ പറഞ്ഞാൽ ഈ മരം ഉണങ്ങും എന്നാണ് അവരുടെ വിശ്വാസം. കാരണം നെഗറ്റിവ് എനർജി ആണ് അങ്ങോട്ട് ചെല്ലുന്നത്. അങ്ങനെ തെറി കേട്ട് മരം ഉണങ്ങിക്കഴിയുമ്പോൾ മരം വീഴും, ആ മരം പിന്നീട് ആദിവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കും. ഇതുപോലയാണ് ഉന്നത ജാതിക്കാരുടെ ജാതി അതിക്രമങ്ങളിലൂടെ ഇവിടെയും നടക്കുന്നത്. ജാതി ഉപയോഗിക്കപ്പെടുന്നത് ഇങ്ങനെയും കൂടെ ആണ്,' സലിം കുമാർ പറഞ്ഞിരുന്നു.
Content Highlights: Salim Kumar pointed out how slurs like chetta carry castiesm. He spoke about different aspects of casteism in an old interview