കലഹം അമ്മയിലെ ആണധികാരത്തിനെതിരെ; WCCക്ക് നിമിത്തമായത് ദിലീപിനെ പിന്തുണച്ച സമീപനം

മലയാള സിനിമാ മേഖലയിലെ വനിതകൾ ഒത്തുകൂടി രുപീകരിച്ച ഈ സംഘടന പിന്നീട് തുല്യതയ്ക്കും ലിംഗനീതിക്കും വേണ്ടി ശക്തമായി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടത്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധിവരാനിരിക്കെ അതിൻ്റെ നാൾവഴികൾ മലയാളി സിനിമയിലെ വിപ്ലവകരമായ പരിണാമങ്ങളുടെ ചരിത്രം കൂടി ഉൾച്ചേരുന്നതാണ്. മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു വുമൺ ഇൻ സിനിമാ കളക്ടീവിന്റെ (WCC) രൂപീകരണവും അതിലേക്ക് നയിച്ച സംഭവങ്ങളും. നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ 'അമ്മ' വേട്ടക്കാരനെ പിന്തുണയ്ക്കുന്നു എന്ന വികാരമാണ് ഡബ്ള്യുസിസിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. മലയാള സിനിമാ മേഖലയിലെ വനിതകൾ ഒത്തുകൂടി രുപീകരിച്ച ഈ സംഘടന പിന്നീട് തുല്യതയ്ക്കും ലിംഗനീതിക്കും വേണ്ടി ശക്തമായി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച അമ്മയിലെ പ്രമുഖർ പലരും പിന്നീട് ദിലീപ് പ്രതിപ്പട്ടികയിൽ വന്നതോടെ നിറം മാറുന്നത് കേരളം കണ്ടു. അമ്മയെ സംബന്ധിച്ച് അവരുടെ ചിരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു സാമൂഹിക പ്രസക്തിയുള്ള ​ഗൗരവമായ വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അതിനാൽ തന്നെ നടിയെ ആക്രമിച്ച സംഘടനയുടെ ചരിത്രത്തിൽ അതുവരെ നേരിടാത്ത അഗ്നിപരീക്ഷണങ്ങളിലൂടെ അമ്മ നേതൃത്വത്തിന് കടന്ന് പോകേണ്ടി വന്നു. മലയാള സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള മുതിർന്ന നടന്മാർക്കടക്കം ഈ വിഷയത്തിൽ കൃത്യമായ നിലപാടില്ലായെന്ന് കൂടി ഈ ഘട്ടത്തിൽ കേരളം തിരിച്ചറിഞ്ഞു. പീഡനത്തിന് ഇരയായ അഭിനേത്രിയും ആരോപണവിധേയനായ നടനും ഒരുപേലെ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പരിഹാസ്യമായ സന്ദേശം പോലും മുതിർന്ന അമ്മ അം​ഗങ്ങളിൽ ചിലർ തന്നെ മുന്നോട്ട് വന്നിരുന്നു.

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് 13 മണിക്കൂറോളം ആദ്യമായി ചോദ്യം ചെയ്ത ദിവസം നടൻ സിദ്ദിഖിൻ്റെ പ്രകടനം ആർക്കാണ് മറക്കാൻ കഴിയുക. മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്യുകയാണെന്നും എന്തിനാണ് ഇതെന്നുമായിരുന്നു അന്ന് സിദ്ദിഖ് ധാർമ്മിക രോഷം കൊണ്ടത്.

ആരോപണങ്ങൾ ശക്തമായ ഘട്ടത്തിലും ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് തുടങ്ങിയ താരനിര ദിലീപിനെ പൊതിഞ്ഞ് സംരക്ഷിക്കാനാണ് തയ്യാറായത്. ദിലീപ് ഇത്തരത്തിൽ മണ്ടത്തരങ്ങൾ ചെയ്യുന്ന ആളല്ല എന്നാണ് നടൻ ശ്രീനിവാസൻ അന്ന് പറഞ്ഞത്. കേസിൽ ഗൂഢാലോചന ഉള്ളതായി തോന്നുന്നില്ല എന്ന് ഇന്നസെന്റും എന്തിനാണ് ഒരാളെ ഇങ്ങനെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നത് എന്ന് നടൻ സിദ്ദിഖും അഭിപ്രായപ്പെട്ടിരുന്നു. വിഷയം കൈവിട്ടുപോകുന്നു എന്നായപ്പോൾ താരസംഘടന വിളിച്ച വിശദീകരണ യോഗത്തിലും കണ്ടത് ദിലീപ് അനുകൂല സമീപനമാണ്. ഇരയ്‌ക്കൊപ്പം എന്നാൽ ദിലീപിനൊപ്പവും എന്ന സമീപനമാണ് മുകേഷ്, ഗണേഷ്‌കുമാർ തുടങ്ങിയവർ സ്വീകരിച്ചത്. ദിലീപിനെ ഒരിക്കലും തള്ളിപ്പറയില്ല എന്നും ഞങ്ങളുടെ അംഗങ്ങളെ നമ്മൾ സംരക്ഷിക്കുമെന്നും അന്ന് തറപ്പിച്ചുപറഞ്ഞത് കെ ബി ഗണേഷ്‌കുമാറാണ്. നടി അക്രമിക്കപ്പെട്ടപ്പോൾ പ്രതികരിച്ചതല്ലാതെ പിന്നീടൊരിക്കലും മോഹൻലാലും മമ്മൂട്ടിയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ആദ്യമായി ദിലീപ് ചോദ്യം ചെയ്യലിന് വിധേയനായതിന് പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മുകേഷ്, ​ഗണേഷ് തുടങ്ങിയവർ മാധ്യമ പ്രവർത്തകർക്ക് നേരെ ഉറഞ്ഞ് തുള്ളുമ്പോൾ വേദിയിൽ പേപ്പറിൽ തലതാഴ്ത്തിയിരുന്ന മോഹൻലാലിൻ്റെ ചിത്രം അന്നത്തെ അമ്മ നേതൃത്വത്തിൻ്റെ നിസ്സഹായതയുടെ നേർസാക്ഷ്യം കൂടിയായിരുന്നു.

ദിലീപിനെതിരെ കടുത്ത നടപടിയിലേക്ക് താരസംഘടന കടന്നത് ജൂലൈ പത്തിന് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കുന്നതായി അറിയിച്ചു. മമ്മൂട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ദിലീപ് കേസിൽ അമ്മയുടെ സമീപനം ഈ നിലയിൽ പൊതുസമൂഹത്തിൽ പരിഹാസ്യമാകുന്ന ഘട്ടത്തിലാണ് ഏതാനും വനിതാ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ WCC രൂപംകൊള്ളുന്നത്. 2017ലാണ് ഡബ്ള്യുസിസി രൂപീകരിക്കപ്പെട്ടത്. 'അമ്മ'യ്ക്കുളിൽ നിന്നുകൊണ്ടുതന്നെ ലിംഗസമത്വത്തിനും നീതിക്കായും പൊരുതുകയാണ് ഡബ്ള്യുസിസി ചെയ്തത്. 'അവൾക്കൊപ്പം', 'WithHer' എന്നീ ക്യാമ്പയിനുകൾ ഡബ്‌ള്യുസിസി വിജയകരമായി സംഘടിപ്പിച്ചു. എന്നാൽ പിന്നീട് ദിലീപിനെ സംഘടനയിലേക്ക് വീണ്ടും തിരിച്ചെടുത്തതോടെ നിരവധി ഡബ്ള്യുസിസി അംഗങ്ങൾ 'അമ്മ'യിൽ നിന്നും രാജിവെച്ചു. 2020ന് നടിയായ പാർവതി തിരുവോത്തും 'അമ്മ'യിൽ നിന്ന് രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു നടത്തിയ പരാമർശങ്ങളായിരുന്നു പാർവതിയുടെ രാജിക്ക് കാരണമായത്. ദിലീപിനെ തിരികെ അമ്മയിലേയ്ക്ക് എടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച കത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് ബോഡി യോഗം വിളിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കത്തിൻ്റെ പൂർണ്ണരൂപം

പ്രിയ സാർ,

2018 ജൂൺ 24 ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പുറത്താക്കപ്പെട്ട അംഗത്തെ (ദിലീപിനെ) തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിൽ AMMA യിലെ വനിതാ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങളുടെ ആശങ്ക അറിയിക്കുന്നതിനാണ് ഞങ്ങൾ ഈ കത്ത് എഴുതുന്നത്. AMMA യിലെ വനിതാ അംഗങ്ങളിൽ ഒരാളെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പുറത്താക്കപ്പെട്ട ഒരു അംഗത്തെക്കുറിച്ച് ഈ യോഗത്തിൽ വളരെ നിർണായകമായ ഒരു തീരുമാനം എടുത്തു. സാഹചര്യത്തിന്റെ ഗൗരവവും കോടതിയുടെ പരിഗണനയിലുള്ള വിഷയവും കണക്കിലെടുക്കുമ്പോൾ, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം അജണ്ടയിൽ ഉൾപ്പെടുത്താതെയോ യോഗത്തിന് മുമ്പ് എല്ലാ അംഗങ്ങളും ചർച്ച ചെയ്യാതെയോ തീരുമാനിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അംഗത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് AMMA പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സംശയിക്കപ്പെടുന്ന പുറത്താക്കപ്പെട്ട അംഗത്തെ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രസ്തുത യോഗത്തിലെ തീരുമാനം, അതിജീവിച്ച അംഗത്തിന് AMMA നൽകിയ വാഗ്ദാനത്തിന് വിരുദ്ധമാണ്.

തൽഫലമായി, ഇന്നലെ, അതിജീവിച്ചയാൾ രാജിവച്ചു, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റ് മൂന്ന് വനിതാ അംഗങ്ങളും രാജിവച്ചു. അവർ അവരുടെ കാരണങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇത് AMMA യെയും വനിതാ അംഗങ്ങളുടെ ക്ഷേമത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളെയും നല്ല രീതിയിൽ പ്രതിഫലിപ്പിക്കുന്നില്ല. AMMA യുടെ അംഗങ്ങൾ എന്ന നിലയിൽ, AMMA അതിന്റെ വാഗ്ദാനം പാലിക്കണമെന്നും വാക്ക് പാലിക്കരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ചും ഈ വിഷയം ഇപ്പോഴും നിയമപരവും മാധ്യമപരവുമായ പരിശോധനയിലാണ്, കൂടാതെ ഇതിനെതിരെ ശക്തമായ പൊതുജന പ്രതിഷേധം നിലനിൽക്കുന്നു.

ഞങ്ങൾ സ്ഥലത്തില്ലാതിരുന്നതിനാലും യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനെക്കുറിച്ച് അറിയാത്തതിനാലും ഞങ്ങൾക്ക് ആ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. (അറിഞ്ഞിരുന്നെങ്കിൽ അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഞങ്ങൾ തീർച്ചയായും യോഗത്തിൽ ഞങ്ങളുടെ ആശങ്കകൾ ഉന്നയിക്കുമായിരുന്നു).

ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഒരു അടിയന്തര എക്സിക്യൂട്ടീവ് ബോഡി മീറ്റിംഗ് വിളിക്കാൻ വ്യവസ്ഥയുണ്ടെന്ന് AMMA ഭാരവാഹികളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾക്ക് പങ്കെടുക്കാനും ചർച്ച ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന തരത്തിൽ അത് വിളിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

കേരളത്തിൽ താമസിക്കാത്ത/ഇല്ലാത്ത അംഗങ്ങൾ എന്ന നിലയിൽ, 2018 ജൂലൈ 13 അല്ലെങ്കിൽ 14 തീയതികളിൽ മീറ്റിംഗ് നടത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. AMMA യിലെ അംഗങ്ങളെന്ന നിലയിൽ, ഈ നിർണായക ഘട്ടത്തിൽ ഞങ്ങളുടെ എല്ലാ അംഗങ്ങളുടെയും മികച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഒത്തുചേരുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ഈ കത്തയച്ച നടിമാർ‌ പിന്നീട് അമ്മയിൽ നിന്നും ഒഴിവാകുകയും WCCയിൽ സജീവമാകുകയുമായിരുന്നു.

മലയാള സിനിമാമേഖലയിൽ ഒരു വിപ്ലവം തന്നെയായിരുന്നു WCC. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ഹേമ കമ്മിറ്റിയെ നിയമിച്ചത് WCC നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സ്ത്രീസംവിധായകരുടെ സിനിമകൾക്ക് പ്രത്യേക ഫണ്ട് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം WCCയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായിരുന്നു. എന്നാൽ ശക്തമായ നിലപാടുകളുടെ പേരിൽ WCCയിലെ അംഗങ്ങൾക്ക് അവരുടെ തൊഴിൽമേഖലയിൽ വലിയ വില കൊടുക്കേണ്ടി വന്നു. പലർക്കും സിനിമയിൽ അവസരങ്ങൾ നഷ്ടമായി. പലരും ഫീൽഡിൽ നിന്ന് തന്നെ പുറത്തായി. എന്ത് തന്നെയായാലും നടി ആക്രമിക്കപ്പെട്ട കേസ് സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷങ്ങൾക്കും അവസരനിഷേധങ്ങൾക്കും നേരെ ഒരു ചൂണ്ടുവിരൽ ഉയർത്തി എന്നത് ഒരു യാഥാർഥ്യമാണ്. മലയാളത്തിൽ മാത്രമല്ല ഇതരഭാഷ സിനിമാ മേഖലകളിലും നടിയെ ആക്രമിച്ച കേസിൻ്റെ അനുരണനങ്ങൾ ഉണ്ടായിരുന്നു.

Content Highlights: Formation of WCC and Dileep Case

To advertise here,contact us