ട്രംപുമായുള്ള ഹംഗറിയിലെ ചർച്ച; പറക്കാൻ പുടിന് ഭീതി? അറസ്റ്റും വെടിവെച്ചിടലും ഭയക്കാതെ പറക്കാൻ വഴിയുണ്ടോ?

പുടിനെ നിർബന്ധപൂർവ്വം അറസ്റ്റ് ചെയ്യാൻ പുടിൻ്റെ വിമാനം കടന്നു പോകുന്ന ഐസിസി, യൂറോപ്യൻ യൂണിയൻ, നാറ്റോ അം​ഗരാജ്യങ്ങൾക്ക് കഴിയുമെന്നത് പ്രധാനമാണ്

യുക്രെയ്നുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അടുത്തവട്ട ചർച്ച ഹം​ഗറിയിൽ നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നേരത്തെ അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയുടെ തുടർച്ച ഹം​ഗറിയിൽ നടക്കുമെന്ന നിലയിലുള്ള പ്രതികരണങ്ങൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാൽ പുടിൻ ഇവിടേയ്ക്ക് എത്തുമോ എത്തിയാൽ എങ്ങനെ എന്ന നിലയിലാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന പുടിന് അങ്ങനെ എളുപ്പം ഹം​ഗറിയിലെത്താൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പുടിൻ ഹം​ഗറിയിലെത്തുന്നതിന് തടസ്സമായി മറ്റ് ചിലകാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനം അടക്കമുള്ള പ്രായോ​ഗികവും നിയമപരമായ തടസ്സങ്ങളാണ് ഈ നിലയിൽ ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നത്.

യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ചും യുദ്ധസമയത്ത് യുക്രേനിയൻ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാണിച്ചുമാണ് 2023-ൽ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത്തരത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരെ അറസ്റ്റ് ചെയ്യാൻ ഐസിസിയ്ക്ക് സ്വന്തമായി ഒരു സംവിധാനമില്ല. അതിനാൽ തന്നെ നേരിട്ട് അറസ്റ്റ് ചെയ്യാൻ ഐസിസിക്ക് അധികാരമില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ ഇത്തരത്തിലുള്ള അറസ്റ്റ് വാറണ്ടുകൾ നടപ്പിലാക്കാൻ ഐസിസിക്ക് അം​ഗരാജ്യങ്ങളുടെ സഹകരണം അനിവാര്യമാണ്. നിലവിൽ അറസ്റ്റ് വാറണ്ടുള്ള വ്യക്തി ഏതെങ്കിലും അം​ഗരാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചാൽ പോലും അവരെ അറസ്റ്റ് ചെയ്യാൻ സാധിക്കും. തങ്ങളുടെ വ്യോമമേഖലയിലൂടെ പറന്നാൽ നിർബന്ധപൂർവ്വം വിമാനം ലാൻഡ് ചെയ്യിക്കാനും നിർദ്ദേശം നിരസിച്ചാൽ വിമാനം വെടിവെച്ചിടാനും സാങ്കേതികമായി തടസ്സമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്നാൽ 2025ൽ ഹം​ഗേറിയൻ പാർലമെൻ്റ് ഐസിസിയുടെ റോം സ്റ്റാറ്റ്യൂട്ടിൽ നിന്നും പിന്മാറിയിരുന്നു. ​ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദർശനുമായി ബന്ധപ്പെട്ടായിരുന്നു ഹം​ഗറി കരാറിൽ നിന്നും പിന്മാറിയത്. ഹം​ഗറിയുടെ തീരുമാനം പുനഃപരിശോധിക്കാൻ യൂറോപ്യൻ യൂണിയൻ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. നിലവിൽ ഐസിസി അം​ഗമല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ബുഡാപെസ്റ്റിൽ എത്തുന്ന പുടിനെ അറസ്റ്റ് ചെയ്യേണ്ട ബാധ്യത ഹം​ഗറിക്കില്ലെന്നും ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ പുടിൻ എത്തിയാൽ അറസ്റ്റ് ചെയ്യണമെന്ന് ഹം​ഗറിയോട് ജർമ്മനി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും പുടിന് ഹം​ഗറിയിലെത്തണമെങ്കിൽ ഐസിസിയെ അം​ഗീകരിച്ച രാജ്യങ്ങളുടെ വ്യോമാതിർത്തിയും മറികടക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിലെ പ്രദേശങ്ങൾ അവരുടെ പരമാധികാര മേഖലയായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ അനുവാദനമില്ലാതെ ഇതുവഴിയുള്ള വ്യോമപാത ഉപയോ​ഗിക്കാൻ റഷ്യൻ പ്രസിഡൻ്റിന് സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പ്രസി‍ഡൻ്റ് മുൻകൈ എടുത്ത് നടക്കുന്ന ഒരു ചർച്ചയ്ക്കായി ഹം​ഗറിയിലേയ്ക്ക് പോകുന്ന പുടിന് യൂറോപ്യൻ യൂണിയനും നാറ്റോ അം​ഗരാജ്യങ്ങളും തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ റഷ്യയുടെ വ്യാപാരത്തിന് മാത്രമാണ് നിയന്ത്രണങ്ങളുള്ളത് പുടിന് യാത്രാവിലക്കില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അപ്പോഴും അറസ്റ്റ് വാറണ്ടുള്ള പുടിനെ നിർബന്ധപൂർവ്വം അറസ്റ്റ് ചെയ്യാൻ പുടിൻ്റെ വിമാനം കടന്നു പോകുന്ന ഐസിസി, യൂറോപ്യൻ യൂണിയൻ, നാറ്റോ അം​ഗരാജ്യങ്ങൾക്ക് കഴിയുമെന്നത് പ്രധാനമാണ്. അതിനാൽ തന്നെയാണ് പുടിൻ റഷ്യയിൽ നിന്ന് എങ്ങനെ ബുഡാപെസ്റ്റിലേയ്ക്ക് പറക്കും എന്ന ആകാംക്ഷയും ചർച്ചയും വലിയ രൂപത്തിൽ ഉയരുന്നത്. വിമാനത്തിൽ ബുഡാപെസ്റ്റിലേയ്ക്ക് പറക്കാൻ പുടിന് യൂറോപ്യൻ അം​​ഗരാജ്യങ്ങളുടെയും നാറ്റോ അം​ഗങ്ങളുടെയും വ്യോമാതിർത്തി ഉപയോ​ഗിക്കാൻ അനുമതി ആവശ്യമാണ്. നിലവിൽ ഉപരോധം നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ അം​ഗരാജ്യങ്ങളുടെ വ്യോമപാത ഉപയോ​ഗിക്കുന്നതിലും ഈ രാജ്യങ്ങളിൽ ലാൻഡ് ചെയ്യുന്നതിനും റഷ്യൻ വിമാനങ്ങൾക്ക് നിയന്ത്രണം ഉണ്ട്. ഈ വിഷയത്തിൽ ഓരോ രാജ്യങ്ങൾക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാം എന്നാണ് നാറ്റോയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ യുക്രെയ്ൻ വ്യോമമേഖലയിലൂടെ ഹം​ഗറിയിലേയ്ക്ക് പോകാമെന്ന് പുടിൻ ചിന്തിച്ചേക്കുക പോലുമില്ല. മറ്റൊരു വഴി പോളണ്ട്, സ്ലൊവാക്യ വഴിയാണ്. പോളണ്ടുമായുള്ള റഷ്യയുടെ ബന്ധം അത്ര സുഖകരമല്ല. എന്നാൽ റഷ്യൻ ഊർജ്ജത്തിന്റെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ സ്ലൊവാക്യ പുടിന് തലവേദന ഉണ്ടാക്കിയേക്കാൻ സാധ്യതയില്ല.

പിന്നീട് റഷ്യയിൽ നിന്നും ഹം​ഗറിയിലേയ്ക്ക് കരിങ്കടൽ കടന്ന് പോകുന്ന രണ്ട് വഴികളുണ്ട്. അതിൽ ഒന്ന് റൊമാനിയ വഴി ഹം​ഗറിയിലേയ്ക്ക് നേരിട്ട് പോകുന്ന റൂട്ടാണ്. മറ്റൊന്നാകട്ടെ ബൾ​ഗേറിയയും സെർബിയയും കടന്ന് ഹം​ഗറിയിൽ എത്തിച്ചേരുന്ന റൂട്ടാണ്. നിലവിൽ സെർബിയയുടെ പ്രസിഡന്റ് അലക്സാണ്ടർ വുസിക് പുടിനുമായി അടുപ്പമുണ്ട്. മാത്രമല്ല എയർ സെർബിയ യൂറോപ്യൻ യൂണിയൻ്റെ വ്യോമാതിർത്തിയിലൂടെ മോസ്കോയിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്നുമുണ്ട്. നിലവിൽ സെർബിയ യൂറോപ്യൻ യൂണിയൻ അം​ഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അം​ഗരാജ്യമല്ല. യൂറോപ്യൻ യൂണിയൻ അം​ഗങ്ങളായ ബൾ​ഗേറിയയും റൊമാനിയുമാണ് അവരുടെ വ്യോമപാത ഉപയോ​ഗിക്കാൻ പിന്നീട് പുടിന് അനുമതി നൽകേണ്ടത്. നിലവിൽ കിഴക്കൻ യൂറോപ്പിൽ നാറ്റോയുടെ ഏറ്റവും വലിയ വ്യോമതാവളമാകാൻ ഒരുങ്ങുകയാണ് റൊമാനിയ. ബൾ​ഗേറിയയും നാറ്റോയുടെ താവളം ഒരുങ്ങുന്ന രാജ്യമാണ്. നിലവിൽ വ്യോമപാത ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റഷ്യ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് റൊമാനിയയും ബൾ​ഗേറിയയും വ്യക്തമാക്കുന്നത്.

ദീർഘമെങ്കിലും കുറച്ച് കൂടി സുരക്ഷിതമായ ഒരുപാതയും പുടിന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനായി നിലവിലുണ്ട്. ചുറ്റിവളഞ്ഞ് എട്ട് മണിക്കൂർ സഞ്ചരിക്കേണ്ട ഈ പാതയാകും പുടിൻ തെരഞ്ഞെടുക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. തുർക്കി വഴി പറന്ന് ഗ്രീസിന്റെ തെക്കൻ തീരത്തിന് ചുറ്റും സഞ്ചരിച്ച് മോണ്ടെനെഗ്രിൻ വ്യോമാതിർത്തിയിലൂടെ സെർബിയയ്ക്ക് മുകളിലൂടെ ഹം​ഗറിയിലേയ്ക്ക് പറക്കുന്ന വ്യോമപാതയാണ് അത്. ഇതിൽ ഏത് വഴി പുടിൻ തെരഞ്ഞെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

നിലവിൽ ഐസിസിയിൽ നിന്നുള്ള പിൻവാങ്ങാനുള്ള നടപടികൾ ഏപ്രിലിൽ ഹം​ഗറി ആരംഭിച്ചെങ്കിലും അത് പ്രാബല്യത്തിൽ വരാൻ ഒരു വർഷമെടുക്കും. അതിനാൽ, സാങ്കേതികമായി പുടിനെ അറസ്റ്റ് ചെയ്യാൻ ഹംഗറി ഇപ്പോഴും ബാധ്യസ്ഥരാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ അതിനുള്ള സാധ്യത വളരെ വിരളമാണെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയുടെ സഖ്യകക്ഷിയാണ് ഹം​ഗറി എന്നതിന് ഉപരിയായി ഹം​ഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ്. മാത്രമല്ല ചർ‌ച്ചയ്ക്കായി എത്തുന്ന പുടിനെ ഓർ‌ബൻ ഇതിനകം അകമഴിഞ്ഞ് സ്വാ​ഗതം ചെയ്തിട്ടുമുണ്ട്. ഐസിസി അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന നെതന്യാഹു ഏപ്രിലിൽ ഹം​ഗറി സന്ദർശിച്ചതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ബുഡാപെസ്റ്റിലേയ്ക്കുള്ള പുടിൻ്റെ യാത്രയിൽ അപകടമുണ്ടെന്നും നിരീക്ഷണങ്ങളുണ്ട്. പുടിൻ ഹം​ഗറിയിലെത്തിയാൽ യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏതെങ്കിലും ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിലേയ്ക്കുള്ള പുടിൻ്റെ ആദ്യയാത്രയാകും അത്. എന്നാലും ബുഡാപെസ്റ്റിലേക്ക് പോകുന്നത് അപകടസാധ്യതകൾ നിറഞ്ഞതാണെന്നാണ് വിലയിരുത്തൽ. ഹംഗറിയിൽ ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിന് മുമ്പ് "പല ചോദ്യങ്ങൾക്കും ഇനിയും പരിഹാരം കാണേണ്ടതുണ്ട്" എന്നാണ് റഷ്യയുടെ പ്രതികരണം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം പുടിൻ തന്റെ അന്താരാഷ്ട്ര യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേയ്ക്ക് പറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു ചുറ്റിവളഞ്ഞ് സഞ്ചരിച്ചത് വാർത്തയായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടാണ് നെതന്യാഹുവിനെ ഈ നിലയിൽ വളഞ്ഞ് മൂക്ക് പിടിക്കാൻ നിർബന്ധിതനാക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് നിലനിൽക്കുന്നുണ്ട്. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഐസിസി നിയമത്തിൽ ഒപ്പുവെച്ചിട്ടുള്ളവയാണ്. അവരുടെ വ്യോമമേഖലയിൽ പ്രവേശിച്ചാൽ വേണമെങ്കിൽ ഈ രാജ്യങ്ങൾക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. വാറന്റ് നിലനിക്കുന്നതിനാൽ ഐസിസി അം​ഗങ്ങളായ പല രാജ്യങ്ങളും അവരുടെ മണ്ണിൽ നെതന്യാഹു കാലുകുത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ ഈ രാജ്യങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് അത്ര പന്തിയല്ലെന്നും നെതന്യാഹു സഞ്ചരിക്കുന്ന വിങ്ങ് ഓഫ് സിയോണിനെ ഉന്നം വെച്ച് തന്നെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യാൻ ഈ രാജ്യങ്ങൾ ശ്രമിക്കുമോ എന്നെല്ലാമുള്ള ഭയമാണ് വളഞ്ഞ് വഴി തെരഞ്ഞെടുക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.

ഇസ്രയേലിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കാൻ ഈ രാജ്യങ്ങളിലൂടെ പറക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള റൂട്ട് . സാധാരണയായി, യുഎസിലേക്ക് പോകുന്ന ഇസ്രായേലി വിമാനങ്ങൾ മധ്യ യൂറോപ്പിന് മുകളിലൂടെയുള്ള നേ‍ർപാതയിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാൽ ഏകദേശം 600 കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്ന ഒരു വ്യോമപാതയാണ് അമേരിക്കയിലേയ്ക്കുള്ള യാത്രയിൽ നെതന്യാഹു തിരഞ്ഞെടുത്തത്. യൂറോപ്പിൽ അടിയന്തര ലാൻഡിംഗ് ഒഴിവാക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇസ്രയേൽ സർക്കാർ നിയന്ത്രണത്തിലുള്ള 'വിങ് ഓഫ് സിയോൺ' എന്ന് വിളിക്കപ്പെടുന്ന ബോയിംഗ് 767 ൽ ആണ് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു പറന്നത്. ജിബ്രാൾട്ടർ കടലിടുക്ക് വഴി കൂടുതൽ ദൈർഘ്യമേറിയ തെക്കൻ പാതയിലൂടെയായിരുന്നു ഈ യാത്ര എന്നാണ് ഫ്ലൈറ്റ് ട്രാക്കറിൽ ദൃശ്യമായത്.

Content Highlights: Can Putin reach Hungary to meet Trump without being arrested or shot down?

To advertise here,contact us