വയനാടിൻ്റെ 'ഒറ്റയാൾ യൂണിവേഴ്സിറ്റി' ചെറുവയൽ രാമൻ വിടപറയുമ്പോൾ

അക്കാദമിക അറിവുകളെ മറികടക്കുന്ന നിരീക്ഷണപാടവും പ്രകൃതിയുമായി ഇടപഴകി ലഭിച്ച പ്രായോ​ഗികമായ അറിവുകളുമാണ് വയനാടിൻ്റെ പാരിസ്ഥിതികമായ സവിശേഷതകളുടെ ഹൃദയമിടിപ്പ് തൊട്ടറിയാൻ ചെറുവയൽ രാമനെ പ്രാപ്തനാക്കിയത്.

ലീഡ് : അക്കാദമിക അറിവുകളെ മറികടക്കുന്ന നിരീക്ഷണപാടവും പ്രകൃതിയുമായി ഇടപഴകി ലഭിച്ച പ്രായോ​ഗികമായ അറിവുകളുമാണ് വയനാടിൻ്റെ പാരിസ്ഥിതികമായ സവിശേഷതകളുടെ ഹൃദയമിടിപ്പ് തൊട്ടറിയാൻ ചെറുവയൽ രാമനെ പ്രാപ്തനാക്കിയത്.

ചെറുവയൽ രാമൻ വിടപറയുമ്പോൾ അന്യമാകുന്നത് വയനാടിൻ്റെ പരമ്പരാഗത കാർഷിക അറിവുകളുടെ ഒരു ഏട് മാത്രമല്ല. വയനാടൻ പരിസ്ഥിതിയെ അത്രമേൽ അടുത്തറിഞ്ഞിരുന്ന ഒരു പ്രകൃതിസ്‌നേഹിയുടെ പ്രാദേശിക അറിവുകൾ കൂടിയാണ് മറഞ്ഞ് പോകുന്നത്. അത് എവിടെയെങ്കിലും അർത്ഥവത്തായി അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. എന്തൊക്കെയായാലും വയനാടിൻ്റെ പാരിസ്ഥിതികമായ മാറ്റങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ചിരുന്ന കർഷകൻ കൂടിയായിരുന്നു ചെറുവയൽ രാമൻ. അക്കാദമിക അറിവുകളെ മറികടക്കുന്ന നിരീക്ഷണപാടവും പ്രകൃതിയുമായി ഇടപഴകി ലഭിച്ച പ്രായോ​ഗികമായ അറിവുകളുമാണ് വയനാടിൻ്റെ പാരിസ്ഥിതികമായ സവിശേഷതകളുടെ ഹൃദയമിടിപ്പ് തൊട്ടറിയാൻ ചെറുവയൽ രാമനെ പ്രാപ്തനാക്കിയത്.

കൃഷിയും പ്രകൃതിയും കാലാവസ്ഥയും തമ്മിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന പരസ്പര ബന്ധം മനസ്സിലാക്കിയിരിക്കുക എന്നത് ഒരു കർഷകനെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ പാരസ്പര്യതയുടെ താളം തൊട്ടറിഞ്ഞ കർഷകൻ കൂടിയായിരുന്നു ചെറുവയൽ രാമൻ. വയനാടിൻ്റെ പരമ്പരാ​ഗത നെൽവിത്തുകളുടെ സംരക്ഷകനായി തലമുറാന്തരങ്ങളിലേയ്ക്ക് നെൽകൃഷിയുടെ വേരോട്ടം കാത്തുവെച്ചു എന്നതാണ് എല്ലാക്കാലത്തും ചെറുവയൽ രാമൻ്റെ ഏറ്റവും മഹത്തായ സംഭാവന. അതോടൊപ്പം തന്നെ പ്രധാനമാണ് വയനാടിൻ്റെ പ്രകൃതിയെയും കാലാവസ്ഥയെയും കൈവെള്ളയിലെ രേഖകൾ പോലെ വിവേചിച്ച് മനസ്സിലാക്കാൻ ചെറുവയൽ രാമനുണ്ടായിരുന്ന ശേഷി. ഈയൊരു ശേഷി കൂടിയാണ് കാലാവസ്ഥ വ്യതിയാനങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള നെൽവിത്തുകൾ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച് വെയ്ക്കാൻ ചെറുവയൽ രാമനെ പ്രേരിപ്പിച്ചിരിക്കുക. വയനാട്ടിൽ സംഭവിക്കാനിരിക്കുന്ന, സംഭവിച്ച് കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ ചലനങ്ങളെക്കുറിച്ച് പോലും അത്രയേറെ ബോധവാനായിരുന്നു ചെറുവയൽ രാമൻ.

അടുത്തിടെ കണ്ട ഏറ്റവും പ്രകടമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി വയനാട് നേരിട്ട് അനുഭവിച്ച വർഷമായിരുന്നു 2018. പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് മാധ്യമ പ്രവർത്തകനായ വിജു ബി എഴുതിയ ഫ്ലെഡ് ആൻഡ് ഫ്യൂരി എന്ന പുസ്തകത്തിൽ ചെറുവയൽ രാമൻ വയനാടിൻ്റെ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്ക പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സ്വന്തം അനുഭവത്തിൽ നിന്ന് വയനാട്ടിലെ മഴയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും രാമൻ പങ്കുവെച്ച അനുഭവങ്ങൾ ഫ്ലെഡ് ആൻഡ് ഫ്യൂറിയിൽ വിശദമാക്കുന്നുണ്ട്.

2018 ഡിസംബർ മധ്യത്തിൽ വയനാട്ടിലെ പല പ്രദേശങ്ങളിലും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ മഴ പെയ്തതതിനെ അസാധാരണമെന്നാണ് ചെറുവയൽ രാമൻ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇത്തരമൊരു അസാധാരണ കാലാവസ്ഥാ പ്രതിഭാസം ഉണ്ടായതായി ഓർമയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഡിസംബറിലെ മഴ വയനാടിൻ്റെ സാമ്പത്തിക അടിത്തറയായ കാപ്പി കൃഷിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കൂടി രാമനുണ്ടായിരുന്നു. ഡിസംബറിലെ മഴ റോബസ്റ്റ കാപ്പിച്ചെടികൾക്ക് ദോഷകരമാണെന്നും വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിൽ പൂത്തുനിൽക്കുന്ന കാപ്പിച്ചെടികളിൽ ഈ മഴയുടെ ആഘാതം വൈകാതെ പ്രകടമാകുമെന്നും കാപ്പിക്കുരുക്കളിൽ കുമിൾരോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഈ ആശങ്ക വയനാട്ടിലെ കാപ്പി കർഷകരെ എങ്ങനെ ബാധിച്ചു എന്നത് ആ കാലഘട്ടം പിന്നീട് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. 'അതിന് മുമ്പ് ഉണ്ടായ ഓഗസ്റ്റിലെ മഹാപ്രളയം വയനാടിന്റെ പകുതിയോളം പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയപ്പോൾ കണ്ടത് വെറുമൊരു മുന്നറിയിപ്പ് മാത്രമായിരുന്നു. പ്രകൃതിമാതാവ് ഒടുവിൽ നമ്മളോട് കണക്കുചോദിക്കുകയായിരുന്നു' എന്നായിരുന്നു ചെറുവയൽ രാമൻ്റെ അഭിപ്രായമായി ഫ്ലെഡ് ആൻഡ് ഫ്യൂരി പറഞ്ഞ് വെയ്ക്കുന്നത്.

നീണ്ട ചുരുണ്ട കറുത്ത മുടിയുള്ള 69 വയസ്സുകാരനായ രാമേട്ടനെ കണ്ടാൽ നാൽപ്പതുകാരനായ ഒരു കർഷകനാണെന്നേ തോന്നൂ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഗവേഷണ സ്ഥാപനങ്ങളും കാർഷിക ശാസ്ത്രജ്ഞരും ലോകമെമ്പാടും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ദൗത്യം അദ്ദേഹം ഒറ്റയ്ക്ക് നിർവഹിച്ചുവരികയാണ്. വയനാട്ടിൽ മാത്രം കാണപ്പെടുന്ന 32 ഇനങ്ങൾ ഉൾപ്പെടെ 51 നെൽവിത്തുകൾ അദ്ദേഹം ഏറെ പരിശ്രമിച്ച് സംരക്ഷിച്ചിരിക്കുന്നു എന്നാണ് ഫ്ലെഡ് ആൻഡ് ഫ്യൂരിരിയിൽ ബി വിജു ചെറുവയൽ രാമനെക്കുറിച്ച് പറയുന്നത്. വയനാടൻ കുന്നുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കാൻ തനിക്ക് മതിയായ കാരണങ്ങളുണ്ടെന്ന് ചെറുവയൽ രാമൻ പറയുന്നതായും പുസ്തകം രേഖപ്പെടുത്തുന്നു. 'വരും വർഷങ്ങളിൽ സംഭവിക്കാനിരിക്കുന്ന വലിയൊരു പ്രകൃതിദുരന്തത്തിന്റെ സൂചനകളാണ് നാം ഇപ്പോൾ കാണുന്നത്' എന്ന മുന്നറിയിപ്പ് രാമൻ രാമൻ നൽകിയതായി ഫ്ലെഡ് ആൻഡ് ഫ്യൂരി അടയാളപ്പെടുത്തിയിട്ടുണ്ട്.

വയനാടിനെ ബാധിച്ചിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രകടമായ തെളിവായി ഋതുക്കളിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ് ചെറുവയൽ രാമൻ ചൂണ്ടിക്കാണിക്കുന്നത്. അതിൽ തന്നെ മഴയുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുന്ന മാറ്റം അദ്ദേഹം പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. ഒരുകാലത്ത് കൃത്യമായ ഇടവേളകളിൽ എത്തുകയും മാസങ്ങളോളം ക്രമേണ ശക്തിപ്രാപിക്കുകയും ചെയ്തിരുന്ന മൺസൂൺ മഴയായിരുന്നു വയനാടിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ ആണിക്കല്ല്. കൃഷിയുടെ കാലക്രമവുമായി ഇണങ്ങിനിന്നിരുന്ന മഴയുടെ ഈ സ്വഭാവം മാറിയിരിക്കുന്നു എന്ന് അദ്ദേഹം. വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞിരുന്നു. വയനാടിന് സ്വന്തമായി ഉണ്ടായിരുന്ന മഴയുടെ സ്വഭാവം താളം തെറ്റിയിരിക്കുന്നു എന്ന ആകുലതയും ചെറുവയൽ രാമൻ പങ്കുവെച്ചിട്ടുണ്ട്.

വയനാടിൻ്റെ പരമ്പരാഗത മഴക്കാലങ്ങൾ ചെറുവയൽ രാമൻ്റെ ഓർമ്മയിൽ

തൻ്റെ ജീവിതത്തിൻ്റെ സുദീർഘമായ ആറ് പതിറ്റാണ്ടിലേറെ പ്രകൃതിയുമായി നിരന്തരം സംവദിച്ച് ജീവിച്ച കർഷകനായ ചെറുവയൽ രാമനെ മഴയുടെ ഈ മാറ്റങ്ങൾ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. രാമൻ്റെ അനുഭവങ്ങൾ സാംശീകരിച്ച് മഴയും വയനാടിൻ്റെ പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന പാരസ്പര്യം ഫ്ലെഡ് ആൻഡ് ഫ്യൂരി പറഞ്ഞ് വെയ്ക്കുന്നുണ്ട്. 'വയനാട്ടിൽ പലതരത്തിലുള്ള മഴകളുണ്ടായിരുന്നു. നേർത്ത പട്ടുനൂലുകൾ മുഖത്തും തോളിലും പതിക്കുന്നതുപോലെ പെയ്യുന്ന ചാറ്റൽമഴയായ ‘നൂൽമഴ’ അതിലൊന്നാണ്. മൂടൽമഞ്ഞിനൊപ്പം മഞ്ഞുതുള്ളികൾ പോലെ പെയ്യുന്ന മറ്റൊരു മഴ, എവിടെനിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പിന്നീട് കാടുകൾക്കുള്ളിൽ മറയുന്നതുപോലെ അപ്രത്യക്ഷമാകുമായിരുന്നു. മൂടൽമഞ്ഞും മഴയും ചേർന്നൊരുക്കുന്ന ഈ പ്രകൃതിഭംഗിയാണ് വയനാട്ടിലേക്ക് നിരവധി വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്നത്. എന്നാൽ ഈ മഴകൾക്ക് സൗന്ദര്യത്തിനപ്പുറം വലിയ പ്രായോഗിക പ്രാധാന്യവുമുണ്ടായിരുന്നു. തോട്ടവിളകൾക്ക് അനുയോജ്യമായ മിതശീതോഷ്ണ കാലാവസ്ഥ നിലനിർത്താൻ അവ സഹായിച്ചു"

വയനാടിന് മാത്രം സ്വന്തമായിരുന്ന മഴയുടെ ആറ് ഭാവങ്ങളെക്കുറിച്ച് ഫ്ലെസ് ആൻഡ് ഫ്യൂരി ചെറുവയൽ രാമൻ്റെ ഓർമ്മകളിലുടെ അനുസ്മരിക്കുന്നുണ്ട്.

കേരളത്തിലെ മറ്റു പ്രദേശങ്ങളിലേതുപോലെ വയനാട്ടിലും അടുത്തകാലംവരെ ആറ് വ്യത്യസ്ത സ്വഭാവത്തിലുള്ള മഴകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 'ഓരോ മഴയ്ക്കും അതിന്റേതായ ശബ്ദവും വേഗവും നിറവും മണവും പോലുമുണ്ടായിരുന്നു. മലയാള മാസങ്ങളുടെ പേരുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ മഴകൾ അറിയപ്പെട്ടിരുന്നത്. ഫെബ്രുവരിയിൽ പെയ്യുന്ന വേനൽമഴയായ കുംഭമഴയോടെയാണ് ഈ മഴക്കാലക്രമം ആരംഭിച്ചിരുന്നത്. അന്തരീക്ഷത്തിലെ പൊടിയും അഴുക്കും കഴുകിക്കളയുന്നതായിരുന്നു ഈ മഴയുടെ പ്രത്യേകത. തുടർന്ന് ഏപ്രിലിൽ മേടമഴ അഥവാ വിഷുമഴ എത്തും. കുറഞ്ഞ സമയം മാത്രം നീണ്ടുനിൽക്കുന്ന, ശക്തിയോടെ പെയ്യുന്ന ഈ മഴ വരണ്ടുണങ്ങിയ മണ്ണിനെ കൃഷിക്ക് സജ്ജമാക്കുന്നു. ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവിളകൾ നടുന്നതും ഈ കാലത്താണ്. മെയ്–ജൂൺ മാസങ്ങളിലെ ഇടവപ്പാതിയോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നു. നെൽവയലുകളിൽ ജലസേചനത്തിനുള്ള ഒരുക്കങ്ങൾ ഈ സമയത്താണ് നടക്കുന്നത്. ഓഗസ്റ്റിലെ മിഥുനമഴ സമൃദ്ധമായ മഴയാണ് സമ്മാനിച്ചിരുന്നത്. സമതലപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമ്പോൾ ഭൂഗർഭജലനിരപ്പ് ഉയരാനും ഈ മഴ സഹായിക്കുന്നു. സെപ്റ്റംബറിലെ ചിങ്ങമഴ മൃദുവും കുസൃതിനിറഞ്ഞതുമായിരുന്നു. വെയിലിനിടയിലും ചാറ്റൽമഴ പെയ്ത് ഒളിച്ചുകളിക്കുന്നതുപോലെയായിരുന്നു അതിന്റെ സ്വഭാവം. ഒക്ടോബറിലെ തുലാമഴയാകട്ടെ ശക്തമായ ഇടിമിന്നലോടെയാണ് എത്തിയിരുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിക്കാറായെന്നതിന്റെ സൂചന കൂടിയായിരുന്നു ഈ മഴ' എന്നാണ് രാമൻ അനുഭവങ്ങളിലൂടെ സാംശീകരിച്ചെടുത്ത മഴ അനുഭവങ്ങളെ ഫ്ലഡ് ആൻഡ് ഫ്യൂരി വരച്ചിടുന്നത്.

വയനാട്ടിലെ കാർഷിക വൃത്തിയുമായി ഇത്രമേൽ കണ്ണി ചേർന്നിരുന്ന മഴയുടെ താളം തെറ്റുന്നതിലെ ചെറുവയൽ രാമൻ്റെ ആശങ്കയും പുസ്തകം പങ്കുവെയ്ക്കുന്നുണ്ട്. ‘നൂറുകണക്കിന് വർഷങ്ങളായി മൺസൂൺ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ കൃഷി ചെയ്തിരുന്നത്. എന്നാൽ മഴയുടെ കൃത്യമായ ഈ ക്രമം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിൽ ശക്തമായ മഴ ലഭിച്ചതൊഴിച്ചാൽ, വയനാട്ടിൽ മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്' എന്നാണ് അന്ന് രാമൻ പറഞ്ഞ് വെച്ചത്. പിന്നീട് കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വയനാട് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രൂക്ഷമായി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. താൻ ജീവിക്കുന്ന പരിസ്ഥിതിയുടെ ഹൃദയമിടിപ്പിനെ ഓരോ ചലനത്തിലും തൊട്ടറിഞ്ഞിരുന്ന ചെറുവയൽ രാമൻ എന്ന പ്രകൃതിസ്‌നേഹിയുടെ പ്രായോഗിക വിജ്ഞാനത്തിൻ്റെ സൂക്ഷ്മത എത്രമാത്രം കിറുകൃത്യമായിരുന്നു എന്ന് ബി വിജുവിൻ്റെ ഫ്ലെഡ് ആൻഡ് ഫ്യൂരി പറഞ്ഞ് വെയ്ക്കുന്നുണ്ട്.

വയനാടിൻ്റെ കാർഷിക മേഖലയെ സംബസിച്ച് പാരമ്പരാഗത കാർഷിക സംസ്ക്യതിയുടെയും കൃഷി അറിവുകളുടെയും നെൽവിത്തുകളുടെയും അക്ഷയഖനിയായിരുന്നു ചെറുവയൽ രാമൻ. അതോടൊപ്പം വയനാടൻ പ്രകൃതിയുടെയും ഋതുക്കളുടെയും ജൈവിക പരിണാമങ്ങളെ സൂക്ഷ്മമായി തൊട്ടറിയാൻ കഴിയുന്ന പരമ്പരാഗതമായ അറിവുകളുടെ ഒരു പ്രയോഗിക യൂണിവേഴ്സിറ്റി കൂടിയായിരുന്നു അദ്ദേഹം. വയനാടിന് അവരുടെ നെല്ലച്ഛനെ മാത്രമല്ല നഷ്‌ടമായിരിക്കുന്നത് വയനാടൻ പരിസ്ഥിതിയെ അത്രമേൽ ചേർത്ത് പിടിച്ച, വയനാടൻ ഭൂപ്രകൃതിയുടെ നെഞ്ചിടിപ്പ് അറിയുന്ന ഒരു തലതൊട്ടപ്പനെ കൂടിയാണ്.

Content Highlights: Cheruvayal Raman, the renowned Wayanad farmer known for preserving traditional rice varieties and indigenous agricultural practices, leaves behind a lasting legacy of seed conservation and Kerala’s farming heritage.

To advertise here,contact us