ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് ആക്രമണങ്ങൾ. ഒന്നിലേറെ ആളുകൾക്ക് ജീവൻ നഷ്ടമായിട്ടില്ല എന്ന് കരുതുന്ന ആദ്യത്തെ ആക്രമണത്തിന്റെ ഭീതി വിട്ടുമാറും മുൻപാണ് രണ്ടാമത്തെ ആക്രമണത്തിനും ആശുപത്രി സാക്ഷ്യംവഹിച്ചത്. ആദ്യത്തെ ആക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ എത്തിയ മാധ്യമപ്രവർത്തകർക്കും, ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ സന്നദ്ധരായി വന്ന ആരോഗ്യ പ്രവർത്തകർക്കും ജീവൻ നഷ്ടമായി.
ഭക്ഷണത്തിനായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ, ചികിത്സ കാത്തിരിക്കുന്ന മുറിവേൽക്കപ്പെട്ടവരെ, ഗാസയിലെ നേർക്കാഴ്ച്ചകൾ ലോകത്തിലേക്കെത്തിക്കുന്ന മാധ്യമ പ്രവർത്തകരെ, നിസ്സഹായരായ മനുഷ്യരെ… ഇസ്രയേലിന്റെ സമാനതകളില്ലാത്ത ക്രൂരതകൾക്ക് ആരൊക്കെ ഇനിയും ഇരയാകേണ്ടി വരും? കഴിഞ്ഞ ദിവസം ഖാൻ യൂനിസിലെ നാസർ ആശുപത്രി കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 20 പേർക്ക് ജീവൻ നഷ്ടമായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ്, അൽ ജസീറ, മിഡിൽ ഈസ്റ്റ് ഐ എന്നിവരുടെ പ്രതിനിധികളായ മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. നിരന്തരം ആക്രമണം നടക്കുന്ന മേഖലയിൽ എപ്പോൾ വേണമെങ്കിലും സ്ഫോടനം നടക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഓരോ മാധ്യമ പ്രവർത്തകനും ഗാസയിലേക്ക് തിരിച്ചിരിക്കുക. പക്ഷെ ലോകത്തിന് വേണ്ടിയുള്ള അവരുടെ മരണം വേദനാജനകമാണ്.
22 മാസങ്ങളായി ഗാസ ഇസ്രയേലിൽ തുടരുന്ന ആക്രമണങ്ങളിൽ ആശുപത്രികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി തവണ ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയായിട്ടുള്ളതാണ് നിസാർ ആശുപത്രി. ഇതിന്റെ ഭാഗമായി അവശ്യ വസ്തുക്കളുടേതടക്കം വിതരണവും അവിടെ തടസപ്പെട്ടിരുന്നു. ഇതിനെയെല്ലാം സാധ്യമായ സ്രോതസുകൾ ഉപയോഗിച്ച് മറികടന്ന് പ്രവർത്തിച്ച് വരുമ്പോളാണ് നാസർ ആശുപത്രിയെ വീണ്ടും ഇസ്രയേൽ ഉന്നംവയ്ക്കുന്നത്.
ഇസ്രയേലിന്റെ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. 2023 ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 197 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്ന് കമ്മിറ്റി ടു പ്രൊജക്ട് ജേർണലിസ്റ്റിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗാസയിൽ റിപ്പോർട്ടിങ് നടത്തുന്ന മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷണവും, മതിയായ ചികിത്സയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും മാധ്യമപ്രവർത്തകർക്കും നിഷേധിക്കപ്പെട്ടിരുന്നു. എങ്കിലും ആ മനുഷ്യർ ഗാസയിലേക്കുള്ള ലോകത്തിന്റെ കണ്ണും കാതുമായി മാറിയിട്ടുണ്ട്. അവിടെ മാധ്യമപ്രവർത്തകർക്ക് വിലക്കുകളുണ്ട്. മാധ്യമപ്രവർത്തകർക്ക് ഗാസയിലേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യമെങ്കിലും അനുവദിക്കാൻ ഇസ്രയേലിനോട് നിരവധി തവണ അഭ്യർത്ഥിച്ചതായും എന്നാൽ ഇസ്രയേൽ അത് നിഷേധിച്ചതായും ബിബിസി, റോയിട്ടേഴ്സ്, എഎഫ്പി, എന്നീ മാധ്യമങ്ങളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
'അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഗാസയിൽ ഇനിയും മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെ'ന്ന് കാണിച്ചുകൊണ്ട് ഏജൻസ് ഫ്രാൻസ് പ്രസ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ നിന്ന് പുറത്തുവരുന്ന മാധ്യമപ്രവർത്തകരുടെ മരണത്തിന്റെ വാർത്ത അപ്രതീക്ഷിതമായിരുന്നോ? അല്ല എന്നതാണ് ഉത്തരം. ഗാസയിലെ കുഞ്ഞുങ്ങൾ, പട്ടിണിയിൽ വലയുന്ന മനുഷ്യർ എല്ലാം മരിക്കാനുള്ള സാധ്യത എത്രയാണോ അത്ര തന്നെ സാധ്യത മാധ്യമപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടാനുമുണ്ട്. ലോകമഹായുദ്ധങ്ങളിൽ, വിയറ്റ്നാമിലെയും യുഗോസ്ലാവിയയിലെയും യുദ്ധങ്ങൾ, അഫ്ഗാനിസ്ഥാനിലെ യുഎസ് അധിനിവേശം എന്നിവയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരെക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന സമാനകളില്ലാത്ത ക്രൂരതയുടെ വാർത്തകൾ, ഭക്ഷണം കിട്ടാതെ നരക യാതന അനുഭവിക്കുന്ന കുഞ്ഞുങ്ങുടേതടക്കമുള്ള ചിത്രങ്ങൾ. ഇതെല്ലാം ലോകത്തിന്റെ കൺമുന്നിൽ എത്താൻ ആകെയുള്ള ജാലകം മാധ്യമപ്രവർത്തകരാണ്. ഗാസയിൽ നിന്ന് നമുക്ക് നഷ്ടമാകുന്ന ഓരോ മാധ്യമപ്രവർത്തകരുമുണ്ടാക്കുന്നത് വലിയ വിടവാണ്. ലോകത്തോടുള്ള പ്രതിബദ്ധത കൊണ്ട്, വിശന്ന് കരയുന്ന കുഞ്ഞുങ്ങളോടുള്ള മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം മനസിലാക്കി എല്ലാമാണ് ഗാസയിലെ യുദ്ധ ഭൂമിയിലേക്ക് ഓരോ മാധ്യമപ്രവർത്തകനും എത്തുന്നത്. ഓരോ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുമ്പോളും ഗാസയിലേക്ക് ഉറ്റുനോക്കാനുള്ള ലോകത്തിന്റെ കണ്ണിന് കാഴ്ച്ച കുറഞ്ഞ് വരികയാണ്.
Content Highlight; Israeli forces kill journalist while reporting from Gaza