കല്യാണ ഫോട്ടോയില്‍ ചിരിച്ചുനിന്ന മുഖങ്ങള്‍ മരിച്ചവളുടെ മുഖമാകുന്നു:ജിസ ജോസ്

വിദ്യാസമ്പന്നകളായ ആ പെൺകുട്ടികളെ ഈ വിധം പീഡിപ്പിച്ചു രസിക്കുന്നത് പുതുതലമുറക്കാരായ ആൺകുട്ടികൾ !

2 min read|20 Jul 2025, 02:51 pm

പുരുഷാധിപത്യത്തെക്കുറിച്ച് ,സ്ത്രീകളുടെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കേൾക്കാറുള്ള ചില വാചകങ്ങളുണ്ട്, ഇതൊക്കെ ഏതുകാലത്തെ കഥകളാണ്. ഇതൊന്നും പുതുതലമുറ പെൺകുട്ടികൾക്കു ബാധകമല്ല, അവർ സ്വപ്നം കാണുക മാത്രമല്ല,ആ സ്വപ്നത്തിലേക്കു അതിവേഗം നടക്കുകയും ചെയ്യുന്നു.അവർക്കു മുന്നിൽ തടസ്സങ്ങളില്ല.

കേൾക്കുമ്പോൾ സന്തോഷവും ആശ്വാസവും തോന്നും. പുതിയ കുട്ടികൾ തുല്യതയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും അറിവുള്ളവരാണ്. അടുക്കള ജോലിയായാലും പേരൻ്റിങ് ആയാലും സാമ്പത്തിക കാര്യങ്ങളായാലും തുല്യ പങ്കാളിത്തത്തോടെ ചെയ്യണമെന്നു നിർബന്ധമുള്ളവർ. സ്ത്രീപുരുഷ സൗഹൃദപരമായ പുതുലോകം നിർമ്മിക്കുന്നവർ. പക്ഷേ ആ സന്തോഷം ആയുസ്സില്ലാത്തതാണെന്ന് പെൺകുട്ടികളുടെ ആത്മഹത്യാവാർത്തകൾ ഓർമ്മിപ്പിക്കുന്നു. ശരീരമാസകലം പരിക്കുകൾ, വർഷങ്ങളായി തുടരുന്ന പീഡനം. നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നു വീട്ടുകാരുടെ സത്യവാങ് മൂലം.വിദ്യാസമ്പന്നകളായ ആ പെൺകുട്ടികളെ ഈ വിധം പീഡിപ്പിച്ചു രസിക്കുന്നത് പുതുതലമുറക്കാരായ ആൺകുട്ടികൾ !

കൂടുതൽ മോശമായെന്നല്ലാതെ ഗുണപരമായ എന്തു മാറ്റമാണ് പെൺകുട്ടികളുടെ അവസ്ഥയ്ക്കുണ്ടായത്? കൂടുതൽ അധീശത്വസ്വഭാവം കാണിക്കുന്നുവെന്നല്ലാതെ എന്തു മാറ്റമാണ് ആണധികാര വ്യവസ്ഥയ്ക്കുണ്ടായത്?

കല്യാണഫോട്ടോയിൽ അലംകൃതകളായി ചിരിച്ചു തെളിഞ്ഞു നിന്ന ആ മുഖങ്ങൾ മരിച്ചവളുടെ മുഖമാവുന്നതു കണ്ടു ഭയം തോന്നുന്നു. അടുപ്പിൽ വെക്കുന്ന വിറക് പോളിഷ് ചെയ്യുന്നതു പോലെ (അരുന്ധതി റോയിയുടെ ഉപമ ) ചമയിച്ചൊരുക്കി അയച്ച പെണ്മക്കളെപ്പറ്റി കല്യാണം കഴിഞ്ഞന്നു മുതൽ പീഡനമായിരുന്നെന്നു രക്ഷിതാക്കൾ പറയുന്നതു കേൾക്കുമ്പോൾ അവരോട് ദേഷ്യം തോന്നും,അറിഞ്ഞിട്ടും നിങ്ങളവളെ തിരിച്ചുവിളിച്ചില്ലല്ലോ .കൂടെ നിർത്തിയില്ലല്ലോ ... എന്ന് .

ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ അച്ഛൻ പറയുന്നു ,പലതവണ തിരിച്ചു കൊണ്ടുവന്നതാണ് ,അവസാനിപ്പിക്കാൻ നിശ്ചയിച്ചതാണ്, പക്ഷേ അവൻ വന്നു കരഞ്ഞു കാലുപിടിക്കുമ്പോൾ മനസ്സലിഞ്ഞ് അവൾ കൂടെപ്പോവും.

അതുല്യയുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നു.ഭർത്താവ് അവളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട് .. ഉള്ളു കിടുങ്ങിപ്പോവുന്ന ദൃശ്യങ്ങൾ. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഏത തലമുറകൾ മാറിവന്നാലും വേദനിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളെ നിശ്ശബ്ദരാക്കിക്കൊണ്ടേയിരിക്കും.

Content Highlight; Women’s Struggles in a Patriarchal Society

To advertise here,contact us