സഞ്ജയ് ഗാന്ധിയുടെ മരണം അപകടമോ കൊലപാതകമോ?; പൊളിറ്റിക്കൽ ക്രൈം ത്രില്ലർ നോവലുമായി നന്ദൻ

അഭി എന്ന ഫോട്ടോഗ്രാഫറിലൂടെയാണ് നോവലിന്റെ കഥാതന്തു വികസിക്കുന്നത്

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് സഞ്ജയ് ഗാന്ധിയുടെ മരണം. കാലമിത്ര കഴിഞ്ഞിട്ടും ആ അന്ത്യത്തിന് പിന്നിലെ നിഗൂഢതകൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആ ചരിത്രസംഭവത്തെ പശ്ചാത്തലമാക്കി വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ നോവൽ പുറത്തിറങ്ങി. ക്ലിക്ക് എന്ന് പേരിട്ടിരിക്കുന്ന നോവൽ, മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ 'ഡ്രീമിംഗ് ഓഫ് വേഡ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനും എഴുത്തുകാരനുമായ നന്ദനാണ് രചിച്ചിരിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂടിച്ചേരുന്ന ത്രില്ലർ

സഞ്ജയ് ഗാന്ധിയുടെ ജീവിതവും മരണവും ഇതിനുമുമ്പും സാഹിത്യലോകത്ത് ചർച്ചയായിട്ടുണ്ട്. വിനോദ് മെഹ്തയുടെ 'ദ സഞ്ജയ് സ്റ്റോറി' , ഖുശ്വന്ത് സിംഗിന്റെ 'ഡെത്ത് അറ്റ് മൈ ഡോർസ്റ്റെപ്പ്' തുടങ്ങിയ ജീവചരിത്ര-സ്മരണാ പുസ്തകങ്ങളിൽ ആ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി, ഈ ചരിത്ര നിഗൂഢതയെ പൂർണ്ണമായും ഒരു ഫിക്ഷണൽ ത്രില്ലറിന്റെ പശ്ചാത്തലമായി അവതരിപ്പിക്കുകയാണ് തന്റെ പുതിയ നോവലിലൂടെ നന്ദൻ.

അഭി എന്ന ഫോട്ടോഗ്രാഫറിലൂടെയാണ് നോവലിന്റെ കഥാതന്തു വികസിക്കുന്നത്. തികച്ചും അവിചാരിതമായി അവന്റെ ക്യാമറയിൽ പതിയുന്ന ചില ദൃശ്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ ചില രഹസ്യങ്ങളിലേക്കുള്ള താക്കോലായി മാറുന്നു. അധികാരത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ഇരുണ്ട ലോകത്തേക്ക് വലിച്ചിഴക്കപ്പെടുന്ന അഭി, നിഗൂഢമായ ആ മരണത്തിന് പിന്നിലെ സത്യം തേടിയിറങ്ങുകയാണ്. ഭരണകൂടവും അധികാരകേന്ദ്രങ്ങളും അവനെ വേട്ടയാടാൻ തുടങ്ങുന്നതും, ക്യാമറയെ ആയുധമാക്കി അവൻ നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടവുമാണ് 'ക്ലിക്ക്' പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചേക്കാവുന്ന രഹസ്യങ്ങളിലേക്കാണ് പൂർണ്ണമായും ഉദ്വേഗം നിലനിർത്തിക്കൊണ്ട് ഈ കൃതി വിരൽചൂണ്ടുന്നത്.

സിനിമയും സമകാലിക രാഷ്ട്രീയവും കുറ്റകൃത്യങ്ങളും കൂടിക്കലരുന്ന ഇരുണ്ട ലോകത്തിലൂടെ സഞ്ചരിക്കുന്ന ഈ ത്രില്ലർ രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ഒരു കൊലപാതകത്തിന്റെ കഥ ആദ്യമായി തുറന്നുകാട്ടുകയാണ്.'ആകാശപ്പന്ത്', 'മനം: ദി ക്രോണിക്കിൾ ഓഫ് എ മാസ്റ്റർബേറ്റർ' പുതിയ മരുഭൂമികൾ' എന്നിവയാണ് നന്ദന്റെ മറ്റ് പ്രധാന കൃതികൾ. ദേശീയ അവാർഡ് നേടിയ 'ഡ്രീമിംഗ് ഓഫ് വേഡ്സ്' എന്ന ഡോക്യുമെൻററിക്ക് പുറമെ 'ബ്രെത്ത്' എന്ന ഷോർട്ട് ഫിലിമും നന്ദൻ സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlights: A new political crime thriller titled Click has been published

To advertise here,contact us